2016-01-13 19:26:00

തിന്മയ്ക്കുള്ള മറുമരുന്നാണ് കരുണ : കര്‍ദ്ദിനാള്‍ പരോളിന്‍


ഈസ്താംബൂള്‍ ആക്രമണം വിശ്വാസാഹോദര്യത്തിനെതിരായ ഭീകരതയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. തുര്‍ക്കിയിലെ വിശ്വത്തര വിനോദസ‍ഞ്ചാര സ്ഥാനമായ ഈസ്താംബൂള്‍ കേന്ദ്രീകരിച്ചാണ് ജനുവരി 12-ാം തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെ ചാവേര്‍ ബോംബാക്രമണം നടന്നത്.

നിര്‍ദ്ദോഷികളായ 10 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ആക്രമണത്തെ വേദനാജനകമെന്നും, വിശ്വസാഹോദര്യത്തിനു വരുദ്ധമെന്നും ജനുവരി 12-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.

തിന്മയ്ക്കുള്ള നല്ല മറുമരുന്ന് എപ്പോഴും കരുണയാണെന്ന് സംഭവത്തെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ഉടനെ പുറത്തിറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.  ലോകത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയങ്കരമായതും ഈസ്താംബൂളിന്‍റെ കണ്ണായതുമായ ഹാഗിയ സോഫിയ, ബ്ലൂമോസ്ക്ക് എന്നീ ചരിത്ര മന്ദിരങ്ങള്‍ക്കടുത്തുള്ള സുല്‍ത്താനാഹമ്മദ് ചത്വരത്തിലാണ് ചാവേര്‍ ആക്രമണമുണ്ടായത്.

മദ്ധ്യപൂര്‍വ്വദേശത്തെ തച്ചുടയ്ക്കുന്ന മതമൗലികവാദികള്‍ തന്നെയാണ് ഈ അതിക്രമത്തിനു പിന്നിലെന്നു ആക്രമണത്തിന്‍റെ ശൈലിയില്‍നിന്നു വ്യക്തമാകുന്നതായി തുര്‍ക്കിയുടെ സുരക്ഷാവിദഗ്ദ്ധര്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.   








All the contents on this site are copyrighted ©.