2016-01-13 20:11:00

കാരുണ്യകവാടത്തിലെത്തുന്ന തീര്‍ത്ഥാടക സംഘങ്ങള്‍


വത്തിക്കാനിലെ കാരുണ്യകവാടം കടന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇന്നവരെ നാലു ലക്ഷത്തോളമെന്ന്, ജൂബിലി പരിപാടികളുടെ സംഘാടക സമിതിക്കുവേണ്ടി, മോണ്‍സീഞ്ഞോര്‍ ജീനോ സില്‍വ ജനുവരി 10-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ കണക്കാണിതെന്ന് സന്ദര്‍ശകരുടെ ക്രമീകരണങ്ങളില്‍ വ്യാപൃതനായിരിക്കുന്ന മോണ്‍സീഞ്ഞോര്‍ ജീനോ പറഞ്ഞു.

2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവത്തിരുനാളി‍ല്‍ കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷം പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായി ആരംഭിച്ചതോടെയാണ് വത്തിക്കാനിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായത്. ജനുവരി 12-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉദ്ദ്യോഗസ്ഥന്‍, മോണ്‍സീഞ്ഞോര്‍ ജീനോ സില്‍വ ഇക്കാര്യം വെളിപ്പെടുത്തിയത്.

റോമിലെ മൂന്നു മേജര്‍ ബസിലിക്കകള്‍, ‘കാരിത്താസ്’ കേന്ദ്രം, ‘ദിവീനാമോരെ’ എന്നിവിടങ്ങളിലായി തുറക്കപ്പെട്ടിട്ടുള്ള അഞ്ചു ജൂബിലി കവാടങ്ങളിലെത്തുന്ന തീര്‍ത്ഥാടകരുടെ കണക്കുകള്‍ കൂടാതെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ജൂബിലികവാടത്തിലേയ്ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി ഒറ്റയായും കൂട്ടമായും എത്തുന്ന തീര്‍ത്ഥാടകരുടെ കണക്കാണിതെന്നും മോണ്‍സീഞ്ഞോര്‍ ജീനോ വ്യക്തമാക്കി. വത്തിക്കാന്‍റെ രാജവീഥിയിലൂടെ പ്രദക്ഷിണമായി, കുരുശുമേന്തി, ജൂബിലി ഗീതങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് സഭ വാഗ്ദാനചെയ്യുന്ന ദൈവകൃപയാര്‍ജ്ജിക്കാന്‍ ഒരുക്കത്തോടെ എത്തുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചുവരികയാണെന്ന് മോണ്‍സീഞ്ഞോര്‍ ജീനോ അറിയിച്ചു.

യൂറോപ്പിലെ മാത്രമല്ല ലോകത്തുള്ള വിവിധ രൂപതകളില്‍നിന്നുമായി കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനായെത്തുന്ന വൊളന്‍റിയേഴ്സാണ് തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ സംബന്ധിച്ചകാര്യങ്ങള്‍ ക്രമീകരിക്കുന്നത്. തീര്‍ത്ഥാടകരെ സഹായിക്കുവാനായി സന്നദ്ധസേവകരുടെ പ്രത്യേകസംഘം രൂപപ്പെടുത്തിയിട്ടുണ്ടെന്നും, വത്തിക്കാനില്‍ മാത്രമായി സ്ത്രീകളും പുരുഷന്മാരുമായി 100-ഓളം സന്നദ്ധസേവകര്‍ അനുദിനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ജൂബിലി ജാക്കറ്റണിഞ്ഞ് മഞ്ഞോമഴയോ, കാറ്റോവെയിലോ വകവയ്ക്കാതെ വത്തിക്കാന്‍റെ വിവിധ ഭാഗങ്ങളിലായി രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ പ്രവര്‍ത്തിക്കുന്ന വൊളന്‍റിയേഴ്സ് ജൂബിലിയുടെ കാരുണ്യാരൂപി വെളിപ്പെടുത്തുന്നുണ്ടെന്നും മോണ്‍സീഞ്ഞോര്‍ ജീനോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.








All the contents on this site are copyrighted ©.