2016-01-07 20:30:00

അമേരിക്കയുടെ ആയുധനിയന്ത്രണശ്രമം ശ്ലാഘനീയമെന്ന് മെത്രാന്‍സമിതി


അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമ നിര്‍ദ്ദേശിക്കുന്ന ആയുധനിയന്ത്രണം ഏറെ ശ്ലാഘനീയമെന്ന് മിയാമിയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് തോമസ് വെന്‍സ്ക്കി പ്രസ്താവിച്ചു.

പുതുവര്‍ഷത്തിലെ പ്രഥമ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസിഡന്‍റ് ഒബാമാ മുന്നോട്ടുവച്ച അമേരിക്കന്‍ ഫെഡറല്‍ സംസ്ഥാനങ്ങളിലെ ആയുധ നിയന്ത്രണത്തിനുതകുന്ന പ്രായോഗിക നിബന്ധകള്‍ ഏറെ സ്വാഗതാര്‍ഹമാണെന്ന് ജനുവരി 6-ാം തിയതി ബുധനാഴ്ച മിയാമിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷപ്പ് വെന്‍സിക്ക് അറിയിച്ചു.

അമേരിക്കയുടെ പൊതുസ്ഥലങ്ങളില്‍ - പലപ്പോഴും പ്രാര്‍ത്ഥനാലയങ്ങളിലും സ്ക്കൂളുകളിലും നടക്കുന്ന കൂട്ടക്കൊലപാതങ്ങളെ ഇല്ലായ്മചെയ്യാന്‍ ഉതകുന്ന ഏറെ ഉറപ്പുള്ള തീരുമാനങ്ങളാണ് പ്രസിഡന്‍റ് ഒബാമ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് വെന്‍സിക്ക് അഭിപ്രായപ്പെട്ടു.  ലാഭേച്ഛയോടെയുള്ള ആയുധവിപണത്തെ നിയന്ത്രിച്ചുകൊണ്ട് സമൂഹത്തില്‍ കൊണ്ടുവരാവുന്ന പ്രസിഡന്‍റ് ഒബാമ ഉദ്ദേശിക്കുന്ന ഈ ക്രമസമാധാന പദ്ധതി, സെപ്തംബറില്‍ പാപ്പാ ഫ്രാന്‍സിസ് കോണ്‍ഗ്രസ്സില്‍ നടത്തിയ സമാധാനാഭ്യര്‍ത്ഥനയുടെ ചെവിക്കൊള്ളലായി ആര്‍ച്ചുബിഷപ്പ് വെന്‍സ്ക്ക വ്യാഖ്യാനിച്ചു.

ആയുധകച്ചവടക്കാരും, ഒപ്പം അവ വാങ്ങുന്ന ഉപഭോക്താക്കളും പാലിക്കുവാന്‍ പ്രസിഡന്‍റ് ഒബാമ നിര്‍ദ്ദേശിക്കുന്ന കര്‍ശനമായ നിബന്ധനകളും കച്ചവടത്തിന് ആവശ്യമായ ഉചിതമായ പശ്ചാത്തലപഠനവും സംസ്ഥാന സര്‍ക്കാരുകള്‍ മാനിക്കുയാണെങ്കില്‍ ഇന്ന് അമേരിക്കന്‍ സമൂഹത്തില്‍ നടമാടുന്ന നിര്‍ദ്ദോഷികളുടെ കൂട്ടക്കുരുതിയും ബന്ധപ്പെട്ട അതിക്രമങ്ങളും ഇല്ലാതാക്കാനാവുമെന്ന് ആര്‍ച്ചുബിഷപ്പ് വെന്‍സ്ക്കി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ആയുധവിപണനവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ മാനസികനില പരിശോധിക്കുവാനും, മാനസികരോഗികളുടെ സംരക്ഷണത്തിനായും പ്രസിഡന്‍റ് ഒബാമ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രായോഗികവും, അമേരിക്കന്‍ സമൂഹത്തില്‍ ജീവന്‍റെ സുരക്ഷ പുര്‍വ്വോപരി ഉറപ്പുവരുത്തുവാനുള്ള നായമായ നീക്കമാണെന്നും ആര്‍ച്ചുബിഷപ്പ് വെന്‍സ്കി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 








All the contents on this site are copyrighted ©.