2016-01-06 19:58:00

പ്രത്യക്ഷീകരണമഹോത്സവം വത്തിക്കിനില്‍ ശോഭയാത്ര


പൂജരാജാക്കളുടെ ദിനത്തില്‍ വത്തിക്കാനില്‍ വര്‍ണ്ണാഭയാര്‍ന്ന ഘോഷയാത്ര.

ജനുവരി 6-ാം തിയതി ബുധനാഴ്ച യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ആചരിച്ച പൂജരാജാക്കളുടെ തിരുനാള്‍ അല്ലെങ്കില്‍ പ്രത്യക്ഷീകരണ മഹോത്സവം പ്രമാണിച്ചാണ് വത്തിക്കാനിലേയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന വന്‍പ്രദര്‍ശന ഘോഷയാത്ര നടന്നത്.

1300 പേര്‍ പങ്കെടുത്ത പരമ്പാരഗതമായ ഇറ്റാലിയന്‍ സാംസ്ക്കാരിക പൈതൃകത്തിന്‍റെ ആ‍‍ഡംബരയാത്രയില്‍ ഒട്ടകപ്പുറത്തെത്തിയ പൂജാരാജാക്കളും, കുതിരുപ്പുറത്തും അലങ്കാരവണ്ടികളിലും യാത്രചെയ്ത കുടുംബങ്ങളും കുട്ടികളും, രാജാക്കന്മാരും പ്രഭുക്കന്മാരും മാടമ്പികളുമെല്ലാം ഘോഷയാത്രയില്‍ വര്‍ണ്ണാഭയാര്‍ന്ന ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. വേഷവിഭൂഷിതരായ പരമ്പരാഗത മേളക്കാരും വാദ്യക്കാരും കുഴലൂത്തുകാരും ഘോഷയാത്രയ്ക്ക് താളക്കൊഴുപ്പേകി കാണികളെ ആകര്‍ഷിച്ചു.

ഇറ്റലിയിലെ ലത്തീന പ്രവിശ്യയിലെ മയേന്‍സാ, റോക്കാഗോര്‍ഗാ, സെര്‍മൊനേത്താ, സൊന്നീനോ, അമസീനോ എന്നീ 4 ഗ്രാമസമൂഹങ്ങള്‍ ചേര്‍ന്നാണ് 31-ാം വര്‍ഷവും പ്രത്യക്ഷീകരണ മഹോത്സവത്തില്‍ വത്തിക്കാനിലേയ്ക്ക് ഈ ശോഭയാത്ര നടത്തിയത്. സ്ഥലത്തെ പൊലീസ്, പട്ടാളം, കായികതാരങ്ങള്‍ എന്നിവരുടെ സഹായത്തോടെയുമാണ് സാംസ്ക്കാരികയാത്ര ഏറെ ശ്രദ്ധേയമാക്കപ്പെട്ടത്.

രാവിലെ 10 മണിക്ക് വത്തിക്കാന്‍റെ അടുത്തുളള ക്യാസില്‍ സാന്താഞ്ചലോ പ്രദേശത്തുനിന്നും (Castle of  the Angel) തുടങ്ങിയ ഘോഷയാത്ര വത്തിക്കാന്‍റെ രാജവീഥിയിലൂടെ സഞ്ചരിച്ച് (Via Conciliazione) 12 മണിയോടെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ എത്തിച്ചേര്‍ന്നു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ വേഷപ്രച്ഛന്നരായ ഘോഷയാത്രക്കാരും, അവരും അവരുടെ കുതിരകളും ഒട്ടകങ്ങളും മറ്റു പരിവാരങ്ങളും പങ്കെടുത്തു. പ്രത്യക്ഷീകരണ മഹോത്സവത്തിന് ഉചിതമായി, എന്നാല്‍ ഏറെ മോടിയായി നടത്തുന്ന ശ്രമകരമായ ആഡംബരയാത്രയെ പാപ്പാ അഭിനന്ദിക്കുകയും, സംഘാടകര്‍ക്കും, കലാകാരന്മാര്‍ക്കും, പ്രവിശ്യയുടെ ഭരണകര്‍ത്താക്കള്‍ക്കും നന്ദിപറയുകയും ചെയ്തു.

ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഒട്ടകപ്പുറത്തെത്തിയ മൂന്നു രാജാക്കന്മാര്‍ പാപ്പാ ഫ്രാന്‍സിസനെ അപ്പസ്തോലിക അരമനയില്‍ ചെന്നു കണ്ട്, പ്രതീകാത്മകമായി സമ്മാനങ്ങള്‍ കാഴ്ചവച്ചു മടങ്ങി.








All the contents on this site are copyrighted ©.