2016-01-04 12:34:00

സമാധാനസംസ്ഥാപനത്തിന് സമാധാനയത്നം അനിവാര്യം


     സമാധാനം സംസ്ഥാപിക്കപ്പെടണമെങ്കില്‍ നമ്മള്‍ അതിനായി പ്രയത്നിക്കേണ്ടത് അനിവാര്യമാണെന്ന് റോം ആസ്ഥാനമായുള്ള  വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ അദ്ധ്യക്ഷന്‍ മാര്‍ക്കൊ ഇംപല്ല്യാത്സൊ.

     സുവിശേഷാനുസൃതജീവിതം, സമാധാനം തുടങ്ങിയവ പരിപോഷിപ്പിക്കുന്നതി നായി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്മായ പ്രസ്ഥാനമായ വിശുദ്ധ എജീദി യൊയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍, പതിവുപോലെ ഇക്കൊല്ലവും, ജനുവരി ഒന്നിന് ലോകത്തിലെ 800 ഓളം നഗരങ്ങളില്‍ സംഘടിപ്പിച്ച സമാധാന പ്രകടനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

     ഭൂമിയഖിലം ശാന്തി എന്ന ശീര്‍ഷകത്തില്‍ ആയിരുന്നു ആഗോളസഭ വിശ്വശാന്തിദിനമായി ആചരിച്ച ഒന്നാം തിയതി വിശുദ്ധ എജീദിയൊയുടെ സമൂഹം ഈ  പ്രകടനം സംഘടിപ്പിച്ചത്.

     സംഘര്‍ഷാവസ്ഥകളെക്കുറിച്ചുള്ള അജ്ഞത, യുദ്ധാവസ്ഥകളോടും അക്രമങ്ങളോടുമുള്ള നിസ്സംഗഭാവം, ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാര്‍ത്ഥിക്കാതിരിക്കല്‍ എന്നിവ നമ്മെ സമാധാനം നേടുന്നതില്‍ നിന്നകറ്റുമെന്നും എന്നാല്‍ ക്രൈസ്തവരായ നമ്മള്‍ സമാധാനം ​എത്രയും വേഗം സംസ്ഥാപിക്കപ്പെടുന്നതിനായി അനുദിനം പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ക്കൊ ഇംപല്ല്യാത്സൊ പറഞ്ഞു.

     1968 ല്‍ റോമില്‍ ജന്മംകൊണ്ട വിശുദ്ധ എജീദിയൊയുടെ സമൂഹം ഇന്ന് 70 നാടുകളില്‍ പ്രവര്‍ത്തനനിരതമാണ്.

     പ്രാര്‍ത്ഥന, സുവിശേഷവിനിമയം, പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യം, ക്രൈസ്തവൈക്യയത്നങ്ങള്‍, സംഭാഷണം എന്നിവ ഈ സമൂഹത്തിന്‍റെ സവിശേഷതകളാണ്.

 








All the contents on this site are copyrighted ©.