2016-01-02 17:50:00

അപരന്‍റെ നന്മകാണുന്നവനില്‍ സ്വസ്ഥതയും സന്തോഷവും നിറയും : പ്രത്യക്ഷീകരണമഹോത്സവം


പ്രത്യക്ഷീകരണ മഹോത്സവത്തിന്‍റെ സുവിശേഷചിന്തകള്‍

വിശുദ്ധ മത്തായി 2, 1-12

ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദയായിലെ ബെതലഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തുനിന്നു ജ്ഞാനികള്‍ ജരൂസലേമിലെത്തി. അവര്‍ അന്വേഷിച്ചു. എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവിടുത്തെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി. അവനോടൊപ്പം ജരൂസലേം മുഴുവനും. അയാള്‍ പ്രധാനപുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു. യൂദയായിലെ ബെതലഹേമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു - യൂദയായിലെ ബെതലഹേമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളില്‍ ഒട്ടും താഴെയല്ല്. എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍നിന്നാണ് ഉത്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു കൃത്യമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബതലഹേമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു. പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക. അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവിടുത്തെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങള്‍ തുറന്ന് പൊന്നും കന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്‍റെ അടുത്തേയ്ക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേയ്ക്കു പോയി.

 

ക്രിസ്തു ജനിച്ചുകഴിഞ്ഞപ്പോള്‍ ക്രിസ്തുവിന്‍റെ ജനനത്തോട് ഉടനെയുണ്ടായ രണ്ടു പ്രതികരണങ്ങള്‍.. യേശുവിന്‍റെ അവതാരത്തോടാണത്..! യഹൂദരുടെ രാജാവു ജനിച്ചു എന്ന വാര്‍ത്തയോട് രണ്ടു പ്രതികരണങ്ങളാണ്. ആദ്യത്തെ പ്രതികരണം, ഈ വാര്‍ത്തകേള്‍ക്കുമ്പോള്‍ സംഭവിക്കുന്നത്... ഹേറോദേസ് അസ്വസ്ഥനാകുന്നു. എന്നാല്‍ കിഴക്കുനിന്നു വന്ന ജ്ഞാനികളില്‍നിന്നും അതിനു വിപരീതമായ പ്രതികരണമാണുണ്ടായത്. അവര്‍ പറയുന്നത്, ഞങ്ങള്‍ അവന്‍റെ നക്ഷത്രം കണ്ടിട്ട് അവനെ ആരാധിക്കാന്‍ വന്നതാണെന്ന്. ഒന്ന്, രാജാവ് അസ്വസ്ഥനാകുന്നു. പിന്നെ അവന്‍റെകൂടെ ജരൂസലേം മുഴുവനും അസ്വസ്ഥമാകുന്നു, എന്നാണ് വചനം വ്യക്തമാക്കുന്നത്. ഹേറോദേസും പരിവാരവും ക്രിസ്തുവിന്‍റെ ജനനത്തില്‍ അസ്വസ്ഥരാകുന്നു. എന്നാല്‍ അകലെനിന്നു വന്ന ജ്ഞാനികള്‍ അവിടുത്തെ ജനനത്തില്‍ ആഹ്ലാദിക്കുന്നു. അവര്‍ അവനെ ആരാധിക്കാന്‍ വരുന്നു. ഇതു ജീവിതത്തിന്‍റെ വലിയൊരു സത്യമാണ്. നമ്മുടെ തൊട്ടടുത്ത് ഉരുവാകുന്ന ക്രിസ്തു! രക്ഷന്‍! അവിടുന്നു ജനിക്കുമ്പോള്‍ അത്തരം ഒരനുഭവം നന്മ തൊട്ടടുത്തുവന്ന അനുഭവമാണ് ക്രിസ്തുവിന്‍റെ ജനനം ഉണ്ടാക്കാവുന്നത്ര. നന്മയുടെ അത്തരമൊരനുഭവം, മാനുഷികമായിട്ട് ഉണ്ടാക്കാവുന്നത് രണ്ടു പ്രതികരണങ്ങളാണ്.. അത് ഏതൊരു നന്മയുടെയും അവതാരത്തോടു സംഭവിക്കാം. അത് നമ്മെ അസ്വസ്ഥരാക്കും. അല്ലെങ്കില്‍ അത് നമ്മെ ആഹ്ലാദത്തിലേയ്ക്കും ആരാധനയിലേയ്ക്കും കൊണ്ടുപോകുന്നു. ക്രിസ്തുവിന്‍റെ ജനനത്തിലും ഉണ്ടായത് ഇതുതന്നെയാണ്. നന്മ നമ്മുടെ തൊട്ടത്തു വന്നിരിക്കുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങള്‍ ശ്രദ്ധേയം!

 

പ്രശസ്തനായ എഴുത്തുകാരനായിരുന്നു ഒരു കാലത്ത് എം. കൃഷ്ണന്‍നായര്‍. ‘സാഹിത്യവാരഫലം’ – പതിവായിട്ട് എഴുതിക്കൊണ്ടിരുന്നു. എനിക്ക് തോന്നുന്നത്, ഓര്‍മ്മവച്ചപ്പോള്‍ ‘കലാകൗമുദി’യിലാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നീട് അത് അദ്ദേഹം ‘മലയാളം’ വാരികയിലേയ്ക്ക് മാറ്റി. ശരിക്കു പറഞ്ഞാല്‍ ‘കലാകൗമുദി’യും ‘മലയാള’വും ഇദ്ദേഹത്തിന്‍റെ ഈ പംക്തി വായിക്കുവാന്‍ വേണ്ടിത്തന്നെ വായനക്കാര്‍ പോയി വാങ്ങിച്ചുകൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്‍റെ ചില നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം നിരൂപകനായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളും അദ്ദേഹം പരിചയപ്പെടുത്തുന്ന പുസ്തകങ്ങളുമായിരുന്നു രചനകളിലെ സമ്പത്ത്.

 

ഒരു നിരീക്ഷണം പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു, മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ദൈവത്തിന്‍റെ വലിയ ദാനമാണ്. അദ്ദേഹത്തിനു കിട്ടിയിരിക്കുന്ന സ്വരമാധുര്യം! അദ്ദേഹത്തെ എനിക്ക് ആരാധനയോടെ മാത്രമേ കാണുവാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ എവിടെയെങ്കിലും, പ്രത്യേകിച്ച് തിരുവനന്തപുരത്തോ പരിസരത്ത് എവിടെയെങ്കിലുമോ

ശ്രീ യേശുദാസിന്‍റെ കച്ചേരിയുണ്ടെന്നു കേട്ടാല്‍ ഞാന്‍ അത് എന്തു വിലകൊടുത്തും പോയി കേള്‍ക്കും, ആസ്വദിക്കും. അത്ര അനുഗൃഹീതമാണ് ആ സ്വരവും ആലാപനവും!!

 

വലിയ സത്യമാണ് മഹാനായ നിരൂപകന്‍ പറഞ്ഞുവയ്ക്കുന്നത്. നന്മ! അതു നമ്മുടെ തൊട്ടടുത്തു വരുന്നത്, ആ നന്മയെ അറിഞ്ഞു കഴിയുമ്പോള്‍ അംഗീകരിക്കുവാനും, ആഹ്ലാദിക്കുവാനും ആസ്വദിക്കുവാനുമുള്ള മനോഭാവം ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്. അറിയുമ്പോള്‍ അസ്വസ്ഥരാകുന്നത് ക്രിസ്തുവിന്‍റെ ജനനം നടന്ന ബതലേഹത്തിന് തൊട്ട് അടുത്തുള്ള ജരൂസലേം മുഴുവനുമാണ്. സമീപസ്ഥരാണ് അസ്വസ്ഥരാകുന്നത്. എന്നാല്‍ കിഴക്കുനിന്നും വരുന്ന ജ്ഞാനികള്‍

അതില്‍ സന്തോഷിക്കുന്നു. ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ മുന്നില്‍ ആത്മാര്‍ത്ഥയോടെ വന്ന്, തങ്ങളുടെ കയ്യിലുള്ള വിലപിടിപ്പുള്ളത് സമര്‍പ്പിച്ച് നില്ക്കുന്നതും വിദൂരസ്ഥരായ ജ്ഞാനികളാണ്. അടുത്തുള്ളവര്‍ അസ്വസ്ഥരാകുന്നു. അകലെയുള്ളവര്‍ ആഹ്ളാദിക്കുകയും, ആരാധിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു. ഇവിടെ നമ്മള്‍ ചോദിക്കേണ്ട ചോദ്യം ഇതേയുള്ളൂ.

നമ്മുടെ തൊട്ടടുത്തും പരിസരത്തും വന്നു ഭവിക്കുന്ന ക്രിസ്തു സാന്നിദ്ധ്യമായ നന്മകളുടെ മുമ്പില്‍ ആഹ്ലാദിക്കണമെങ്കില്‍ നാം എന്താ ചെയ്യേണ്ടത്? ആഹ്ലാദിക്കണമെങ്കില്‍ അതില്‍ പ്രധാനപ്പെട്ടൊരു കാര്യം, നമുക്ക് മറ്റൊരാളുടെ നന്മകണ്ട് ആഹ്ലാദമുണ്ടാകണമെങ്കില്‍ നാം നമ്മില്‍തന്നെ ആദ്യം സ്വസ്ഥത, സ്വൗര്യത കണ്ടെത്തണം, comfortable  ആയിരിക്കണം. ഞാന്‍ എന്നില്‍തന്നെ comfortable ആണെങ്കിലേ സഹോദരന്‍റെ നന്മയും കഴിവും കാണുവാനും അംഗീകരിക്കുവാനും എനിക്കു പറ്റുകയുള്ളൂ.

 

പഴയൊരു സംഭവം പറയട്ടെ! പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍നിന്നുമാണിത്. അദ്ദേഹം ബ്യൂനസ് ഐരസില്‍ ആയിരിക്കുമ്പോള്‍...കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, ജോര്‍ജ്ജ് ബര്‍ഗോളിയോ! അതിരൂപതയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യപുസ്തകം എഴുതിയ വൈദികന്‍റെ പൗരോഹിത്യ ജൂബിലി വന്നു. ജൂബിലിക്ക് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയെ പ്രത്യേകം ക്ഷണിച്ചിരുന്നു. തന്‍റെ മെത്രാപ്പോലീത്തയെ.... അദ്ദേഹം വരാമെന്നും സമ്മതിച്ചു. സമയമായപ്പോള്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ രചയിതാവായ വൈദികന്‍റെ ജൂബിലി കുര്‍ബ്ബാനയ്ക്കു ചെന്നു.

ജൂബിലേറിയന്‍ ആഘോഷപൂര്‍വ്വം, ബഹുമാനപൂര്‍വ്വം കര്‍ദ്ദിനാളിനെ മുഖ്യകാര്‍മ്മികനാക്കുവാന്‍ ശ്രമിച്ചു. അതിരൂപതയുടെ കര്‍ദ്ദിനാള്‍, അര്‍ജന്‍ങീനയുടെ അറിയപ്പെട്ട കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ! അദ്ദേഹത്തെ മദ്ധ്യത്തില്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ ബലിവേദിയില്‍ നിര്‍ത്തുവാനുള്ള എല്ലാം ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞു. പ്രത്യേക കുര്‍ബ്ബാനക്കുപ്പായങ്ങള്‍ vestments എല്ലാം ഒരുക്കിവച്ച് നില്ക്കുകയാണ്. സംഗതി കണ്ടുകഴിഞ്ഞപ്പോള്‍ പിതാവ് വളരെ താഴ്മയായി സംഘാടകരോടു പറഞ്ഞു. ഇന്ന് നടുക്കു നില്ക്കേണ്ടത്... താനല്ല... ഇന്നത്തെ ജൂബിലേറിയനാണ്. എനിക്ക് ഒരു സാധാരണ കുര്‍ബ്ബാനകുപ്പായം തരൂ! അതു ഞാനിട്ടോളാം... എന്നിട്ട് മറ്റു സഹകാര്‍മ്മികരുടെകൂടെ ഒരാളായിനിന്ന് അദ്ദേഹം ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. സ്വന്തം ജീവിതത്തില്‍ comfortable  ആയിട്ടുള്ള ഒരുത്തനു മാത്രമേ മറ്റുള്ളവന്‍റെ നന്മകാണുവാനും അംഗീകരിക്കുവാനും, അവന്‍റെ വലുപ്പത്തിന്‍റെ മുന്നില്‍ സന്തോഷിക്കുവാനും സാധിക്കുകയുള്ളൂ.

 

ക്രിസ്തുവിന്‍റെ ജനനത്തില്‍ സന്തോഷിക്കണമെങ്കില്‍ നാം നമ്മളില്‍ത്തന്നെ സ്വസ്ഥമായിരിക്കണം, comfortable ആയിരിക്കണം. ഇവിടെ വേറൊരു കാര്യംകൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. കിഴക്കുനിന്നും വരുന്നവരെ, സുവിശേഷം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് പരിചയപ്പെടുത്തുന്നത് ജ്ഞാനികള്‍ എന്നാണ്. ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്. കിഴക്കുനിന്നും വന്ന ജ്ഞാനികള്‍... ജ്ഞാനികള്‍ വന്നിട്ട് ഹേറോദേസ് രാജാവിനോടു ചോദിക്കുന്നത്, എവിടെയാ ... രാജാവു ജനിച്ചിരിക്കുന്നത്? ഹേറോദേസ് ഉടനെതന്നെ ഒരന്വേഷണം പ്രഖ്യാപിക്കുകയാണ്. അവിടയുള്ള പ്രധാന പുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചുകൂട്ടി അവര്‍ അന്വേഷിക്കുകയാണ്... എവിടെയാണ് യഹൂദരുടെ രാജാവ് ക്രിസ്തു ജനിച്ചിരിക്കുന്നത്? അന്വേഷണം, information. അറിവ്. വിവരം ശേഖരിക്കുകയാണ്.

 

ഹേറോദേസിനു കിട്ടുന്ന അറിവും ജ്ഞാനികളുടെ ജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. അറിവും ജ്ഞാനവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കണം. ഹേറോദേസിന് സകല അറിവും കിട്ടി. രക്ഷകന്‍ കൃത്യമായിട്ട് ബെതലഹേമിലാണ് ജനിച്ചത്. അത്രയും കൃത്യമായ അറിവു കിട്ടിയിട്ടുപോലും ഈ ഒരു ആരാധന, സന്തോഷം... ക്രിസ്തുവിന്‍റെ ജനനത്തിലുള്ള ആഹ്ലാദവും സന്തോഷവും അദ്ദേഹത്തില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ജ്ഞാനികള്‍ക്ക് അത് ഉളവാകുന്നുണ്ട്. ഇവിടെ അറിവും ജ്ഞാനവും തമ്മിലുള്ള വലിയ അന്തരമാണ് നാം കാണുന്നത്. വലിയ അറിവുകള്‍ നമുക്ക് ശേഖരിക്കാം. എന്നാല്‍ ജ്ഞാനികള്‍ ആകാന്‍ പറ്റുന്നുണ്ടോ? നശ്വരവും അനശ്വരവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നവനാണ് ജ്ഞാനി. ഇത്രയേ ഉള്ളു ജീവിതം....എന്നുള്ളൊരു തിരിച്ചറിവില്‍ ജീവിക്കുന്നവാനാണു ജ്ഞാനി! അറിവുണ്ട് അറിവിന് അപ്പുറത്തുള്ള കാര്യങ്ങള്‍.... ജ്ഞാനം അവനു സ്വന്തമായി കിട്ടിയിട്ടുണ്ട്.

 

ഈയിടെ നവീകരണ പ്രസ്ഥാനത്തിലേയ്ക്ക്, കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിലേയ്ക്കു കടന്നുവന്ന ഒരു സഹോദരന്‍ പറയുന്നതു കേട്ടതാണ്. ബൈബിള്‍ സ്കോളറുമായിട്ടുള്ള തര്‍ക്കത്തിലാണ്മസംഭവിച്ചത്. ബൈബില്‍ സ്കോളര്‍ സുവിശേഷത്തിന്‍റെ, വചനത്തിന്‍റെ അര്‍ത്ഥം പറഞ്ഞു. തര്‍ക്കത്തില്‍ അവസാനം എല്ലാം പരാജ്യപ്പെട്ടപ്പോള്‍ സഹോദരന്‍ പറയുകയാണ്. അത് അച്ചന്‍റെ അറിവ്... അച്ചന് പക്ഷെ ജ്ഞാനം ഇല്ല അച്ചന്... എന്ന്! ഇത് കേരളത്തില്‍ സാധാരണ കേള്‍ക്കാറുള്ളതാണ്. അതായത് അറിവുണ്ട് ജ്ഞാനമില്ല എന്നു പറഞ്ഞ് പരാജയപ്പെടുത്താനായിരുന്നു, ദൈവശാസ്ത്രജ്ഞനരെ പരാജയപ്പെടുത്തുവാന്‍ ചില നവീകരണ പ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്.  പള്ളിയില്‍പോയിരുന്ന് കൂട്ടത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ജ്ഞാനം കിട്ടുമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ്, പശ്ചാത്തലത്തിലാണ് ഈ സംസാരം.

 

അറിവും ജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ഹേറോദേസിന്‍റെ അറിവില്‍നിന്നും ജ്ഞാനികളുടെ വലിയ വിജ്ഞാനത്തിലേയ്ക്കുള്ള വളര്‍ച്ച അതാണ് ക്രിസ്തു നമുക്കു നല്കുന്നത്. ക്രിസ്തുവിന്‍റെ ജനനത്തില്‍ സന്തോഷിക്കണമെങ്കില്‍ നമുക്കുവേണ്ടത് അതാണ്. ചുറ്റുമുള്ള നന്മകള്‍ തിരിച്ചറിയുമ്പോള്‍ അതില്‍ സന്തോഷിക്കുകയും നമ്മുടെ സഹോദരങ്ങളില്‍ കാണുന്ന നന്മകള്‍, എന്‍റെ വീട്ടില്‍തന്നെ കാണുന്ന നന്മ നിരിച്ചറിയുവാനും അതില്‍ ആഹ്ളാദിക്കുവാനും പറ്റുമെങ്കില്‍ നാം ഈ ജ്ഞാനമാര്‍ഗ്ഗമാണ് അറിയേണ്ടത്, സ്ഥിരീകരിക്കേണ്ടത്.

 

നമുക്കു പ്രാര്‍ത്ഥിക്കാം. യേശുവേ, അങ്ങേ ജ്ഞാനം ഞങ്ങള്‍ക്കു തരണേ! ഈ ജീവിതത്തെയും, അതിന്‍റെ നശ്വരതകളെയും തിരിച്ചരിഞ്ഞ്. ഏതു ചെറുത്, ഏതു വലുത് എന്ന തിരിച്ചറിവില്‍ ഞങ്ങളെ വളര്‍ത്തുക. ഒപ്പം എന്‍റെ ജീവിതത്തില്‍ അങ്ങു തന്ന നന്മകള്‍ തുറന്ന് അംഗീകരിക്കുവാനാനും അവയില്‍ സന്തോഷിക്കുവാനും, അങ്ങനെ ഞാന്‍ എന്നില്‍ത്തന്നെ comfortable ആയിരിക്കുവാനും,  സ്വസ്ഥനായിരിക്കുവാനും അതിലൂടെ എന്‍റെ കൂടെയുള്ളവരുടെയും നന്മകണ്ടു സന്തോഷിക്കുവാന്‍ ഇടനല്കണമേ... അതിനുള്ള വലിയ ജ്ഞാനം അങ്ങ് എന്നില്‍ വളര്‍ത്തണമേ... ആമ്മേന്‍








All the contents on this site are copyrighted ©.