2016-01-01 18:35:00

പ്രത്യാശയോടെ പുതുവത്സരത്തില്‍ മുന്നേറാമെന്ന് പാപ്പാ ഫ്രാന്‍സിസ്


കര്‍ത്താവിനു നന്ദിയര്‍പ്പിക്കുന്നത് എത്രയോ സുന്ദരമാണ്!

സഭയുടെ വിശ്വാസപ്രായണത്തില്‍ നാലാം നൂറ്റാണ്ടുമുതല്‍ മേലുദ്ധരിച്ച വാക്കുകളില്‍ നന്ദിയോടെ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നു. ചരിത്രസംഭവങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യം അംഗീകരിക്കുമ്പോള്‍ നാം കൃതജ്ഞതാഭരിതരാകും. അതില്‍നിന്നും ഉതിരുന്ന ആനന്ദം സ്വമേധയാ പ്രാര്‍ത്ഥനയായി നിര്‍ഗളിക്കും.

അധരങ്ങളില്‍നിന്നുള്ള പ്രാര്‍ത്ഥനമാത്രം പോരാ. ദൈവജനത്തിന്‍റെ സമഗ്രമായ കൂട്ടായ്മയും ഒത്തുചേരലും കൃതജ്ഞതയുടെ പ്രതീകമാണ്. സഭ പൂര്‍ണ്ണമാകുന്നത്, അല്ലെങ്കില്‍ സഭ സഭയാകുന്നത് ദൈവജനത്തിന്‍റെ സജീവസാന്നിദ്ധ്യത്തില്‍ ഒന്നുചേര്‍ന്ന് ദൈവത്തിന് ആരാധനയര്‍പ്പിക്കുമ്പോഴാണ്. സഭയുടെ പരമ്പാരാഗത ‘സ്തോത്രഗീത’ത്തില്‍ (Te Deum) അതുകൊണ്ടാണ് ദൈവദൂതന്മാരുടെയും സ്വര്‍ഗ്ഗവാസികളുടെയും വാനദൂതവൃന്ദങ്ങളുടെയും, ദിവ്യന്മാരുടെയും വേദസാക്ഷികളുടെയും, സകലസൃഷ്ടി ജാലങ്ങളുടെയും സഹായസാന്നിദ്ധ്യം ദൈവജനം അഭ്യര്‍ത്ഥിക്കുന്നത്.

രക്ഷാകര ചരിത്രത്തില്‍ ദൈവം നമുക്കായ് ഒരുക്കിയ പ്രത്യേക പദ്ധതിയുടെ രത്നച്ചുരുക്കമാണ് സഭയുടെ ‘സ്തോത്രഗീതം’ അതിലേയ്ക്ക് കഴിഞ്ഞൊരു വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഈ ഗീതത്തിന്‍റെ അവസാനവരികള്‍ കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ കൂടുതല്‍ പ്രസക്തമാണ്:

കാത്തിടൂ നാഥാ, നിന്‍ ജനങ്ങളെ ആശിസ്സേകണേ നിത്യവും

നിന്‍ കരുണാമൃതം ചിന്തണേയെന്നും യാചിപ്പൂ ഞങ്ങള്‍ സാദരം

നിത്യാന്ദത്തില്‍ അങ്ങെ സന്നിധിയിലെത്തിടാന്‍

പ്രത്യാശവയ്പൂ ഞങ്ങള്‍, അങ്ങില്‍ പ്രത്യാശവയ്പൂ.

ജീവിതം ശ്രേയസ്ക്കരമാക്കാന്‍ ദൈവത്തിന്‍റെ കരുണ നമുക്കാവശ്യമാണ്. പ്രത്യാശയാണ് നമ്മെ പുതുവത്സരത്തിലേക്ക് നയിക്കേണ്ടത്. പിന്നാമ്പുറത്തേയ്ക്കു നോക്കുമ്പോള്‍ സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും മിശ്രവികാരങ്ങള്‍ ഉയര്‍ത്തുന്ന അനുഭവങ്ങളും, എല്ലാം നവീകരിക്കുന്ന ദൈവികസാന്നിദ്ധ്യത്തെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളും, അല്ലെങ്കില്‍ ആ സാന്നിദ്ധ്യസഹായവുമായി വിഘടിച്ചുനില്ക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം!

ദൈവഹിതത്തിനു അനുസൃതമായാണ് ലോകത്തിന്‍റെ ഗതിവിഗതികള്‍ മുന്നോട്ടു നീങ്ങേണ്ടത്. വ്യക്തി താല്പര്യങ്ങള്‍ക്കും അധികാരത്തിനും അതിക്രമത്തിനുമായുള്ള ഒടുങ്ങാത്ത മോഹങ്ങളാണ് ഇന്ന് മനുഷ്യമനസ്സുകളില്‍ തിങ്ങിനില്ക്കുന്നത്. എന്നാല്‍ മനുഷ്യന്‍റെ പ്ളാനും പദ്ധിതയുംപ്രകാരം ലോകം മുന്നേറിയോ എന്നു സത്യസന്ധമായി വിലയിരുത്തേണ്ടതും വലിയ വെല്ലുവിളിയാണ്.

ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെ കരുത്തു കാണുവാന്‍ അവിടുന്നു നല്കിയിരിക്കുന്ന അടയാളങ്ങളിലേയ്ക്കാണ് നാം ദൃഷ്ടിപതിക്കേണ്ടത്. 2015-ാമാണ്ടിന്‍റെ ഓരോ ദിവസവും എണ്ണിയാല്‍ ഓടുങ്ങാത്ത അതിക്രമങ്ങളാലും മരണത്താലും, നിര്‍ദ്ദോഷികളായവരുടെ യാതനകളാലും നിറഞ്ഞതായിരുന്നു. നാടുംവീടും വിട്ടുപോകുവാന്‍ നിര്‍ബന്ധിതരായ അഭയാര്‍ത്ഥികളാലും, പാര്‍ക്കുവാന്‍ ഇടമോ ഭക്ഷണമോ ജീവനോപാധികളോ ഇല്ലാതായ സ്ത്രീപുരുഷന്മാരാലും ഈവത്സരം യാതനാപൂര്‍ണ്ണമായിരുന്നു. വാര്‍ത്താപ്രാധാന്യം ലഭിക്കാതെപോയ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും നിരവധി പ്രവര്‍ത്തികളാലും ഈ വര്‍ഷം സമ്പന്നമാണെന്ന സത്യം മറക്കരുത്! എന്നാള്‍ തിന്മയുടെ ധാര്‍ഷ്ട്യത്താല്‍ ഈ സ്നേഹപ്രദീപങ്ങള്‍ കെട്ടുപോകുവാനോ മറിഞ്ഞിരിക്കുവാനോ ഇടയാകരുത്. ദുര്‍ബലമെന്നോ നിസ്സാരമെന്നോ ചിലപ്പോള്‍ തോന്നിയേക്കാമെങ്കിലും, സനേഹം എന്നും നിലനില്‍ക്കും. നന്മ വിജയിക്കും!

ഇന്നിന്‍റെ ലോകാവസ്ഥയില്‍നിന്നും റോമാനഗരവും വ്യത്യസ്തമാണെന്നു ചിന്തിക്കരുത്. കാലികമായ ക്ലേശങ്ങളെ അതിജീവിച്ചു മുന്നേറാന്‍ റോമന്‍ജനതയെ, ഏവരെയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു. പൊതുന്മയോടുള്ള നിസ്സംഗതയാണ് ഈ വര്‍ഷത്തെ കീഴടക്കിയത്. അതിന്‍റെ ലക്ഷണങ്ങളായ അനിശ്ചിതത്വങ്ങളെ അതിജീവിക്കാന്‍ സേനവത്തിന്‍റെയും സമഗ്രതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അടിസ്ഥാനമൂല്യങ്ങള്‍ തിരികെപ്പിടിക്കുവാന്‍ നാം പരിശ്രമിക്കേണ്ടതാണ്. കൂടാതെ ചരിത്രപരമായി ലഭിച്ചിട്ടുള്ള ക്രിസ്തുസാക്ഷ്യത്തിന്‍റെ പാരമ്പര്യം ഒരിക്കലും നഷ്ടമാകാന്‍ അനുവദിക്കരുത്.  വിശ്വാസം, ആതിഥേയത്വം, സാഹോദര്യം, സമാധാനം എന്നിങ്ങനെയുള്ള തനിമയാര്‍ന്ന ജീവിതമൂല്യങ്ങള്‍ കാത്തുപാലിക്കാന്‍ റോമിന്‍റെ രക്ഷികയും (Salus Populi Romani) മദ്ധ്യസ്ഥയുമായ പരിശുദ്ധ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

ദൈവമേ, ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു...! അങ്ങാണ് ഞങ്ങളുടെ പ്രത്യാശ...!! ഞങ്ങള്‍ നശിച്ചു പോകാന്‍ അങ്ങിടയാക്കരുതേ...!!!








All the contents on this site are copyrighted ©.