2015-12-28 19:16:00

ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന


ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ മഹോത്സവമായിരുന്നു.  ശൈത്യത്തിന്‍റെ ആധിക്യത്തെ വകവയ്ക്കാതെ ആയിരങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പതിവുള്ള ത്രികാലപ്രാര്‍ത്ഥനയക്കുശേഷം പാപ്പാ സന്ദേശനം നല്കി, എല്ലാവരെയും ആശീര്‍വ്വദിച്ചു. തുടര്‍ന്നു നല്കിയ ആശംസയിലാണ് മദ്ധ്യമേരിക്കന്‍ അതിര്‍ത്തിയില്‍ വിഷമിക്കുന്ന ക്യൂബന്‍ കുടയേറ്റക്കാരെക്കുറിച്ച് പാപ്പാ പ്രത്യേകം പ്രതിപാദിച്ചത്. കോസ്തെറിക്ക, നിക്കാരാഗ്വാ എന്നീ രാജ്യാതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്ന ക്യൂബന്‍ അഭയാര്‍ത്ഥികളില്‍ അധികവും മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവരാണെന്നും, അവരെക്കുറിച്ചാണ് തന്‍റെ ആശങ്കയെന്നും പാപ്പ തുറന്നു പ്രസ്താവിച്ചു. നിക്കരാഗ്വാ രാജ്യാതിര്‍ത്തിയിലേയ്ക്കുള്ള പ്രവേശനം രാഷ്ട്രീയനിരോധനാജ്ഞയിലൂടെയാണ് നിഷേധിക്കപ്പെട്ടത്.

രണ്ടുമാസത്തോളമായി മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടിരിക്കയാണെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തി. ഈ മാനവിക ദുരന്തത്തിന് ന്യായവും സമയബദ്ധവുമായ പ്രതിവിധി ഔദാര്യത്തോടെ കണ്ടെത്തണമെന്ന് അയല്‍രാജ്യങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഈ സമൂഹികപ്രതിസന്ധി ലോകത്തെ ചൂണ്ടിക്കാട്ടിയത്.

ചത്വരത്തില്‍ സന്നിഹിതരായിരിക്കുന്ന കുടുംബങ്ങളെ... ഓരോരുത്തരെയും തിരുക്കുടുംബത്തിന്‍റെ മഹോത്സവത്തില്‍ പ്രത്യേകം അഭിവാദ്യംചെയ്യുന്നതായി പാപ്പാ സന്തോഷത്തോടെ പ്രസ്താവിച്ചു. കുടുംബങ്ങളുടെ സാന്നിദ്ധ്യം സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സമുന്നതമായ സാക്ഷ്യമാണ്. ഈ സ്നേഹസാന്നിദ്ധ്യത്തിന് എല്ലാവര്‍ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. അനുദിന ജീവിതയാത്രയില്‍ ദൈവം നിങ്ങളെ തുണയ്ക്കട്ടെ, അവിടുത്തെ കൃപ നിങ്ങളെ നയിക്കട്ടെ, എന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.