2015-12-26 17:52:00

ദൈവത്തെ കാണാതെപോകുന്ന അനുഭവവും പിന്നെ കണ്ടെത്തലും


വിശുദ്ധ ലൂക്കായുടെ സുവിശേഷം 2, 41-52

യേശുവിന്‍റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജരൂസലേമില്‍ പോയിരുന്നു. അവനു പന്ത്രുണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനുപോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജരൂസലേമില്‍ തങ്ങി. മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്‍റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജരൂസലേമിലേയ്ക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെയെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്‍റെ അമ്മ അവനോടു പറഞ്ഞു. മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവിടുന്ന് അവരോടു ചോദിച്ചു. നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസ്രറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.

ഈശോയെ കാണാതെ പോകുന്ന അനുഭവമാണ് ഇന്നത്തെ സുവിശേഷത്തിലെ വിഷയം. ഈശോയെ കാണാതെ പോകുന്നു. ആര്‍ക്ക്? ഈശോയുടെ ഏറ്റവും അടുപ്പമുള്ളവര്‍ക്ക്. അതായത് മാതാവിനും ഔസേപ്പിതാവിനും തങ്ങളുടെ ജീവിതത്തിന്‍റെ ഒരു മുഹൂര്‍ത്തത്തില്‍ ഈശോയെ നഷ്ടപ്പെടുന്നു. കാണാതെ പോകുന്നു. ഇത് ആരുടെയും ജീവിതത്തില്‍ സംഭിക്കാവുന്നൊരു കാര്യമാണ്. എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. യേശുവിനെ നഷ്ടപ്പെടുന്ന അനുഭവം. അവിടുത്തെ കാണാതാകുന്ന അനുഭവം. തമ്പുരാന്‍ കണ്‍വെട്ടത്തില്‍ ഇല്ലാത്ത അനുഭവം!

പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവചരിത്രം... അത് ആദ്യം എഴുതിക്കൊണ്ടിരുന്നപ്പോഴും, അതിനുശേഷവും... എനിക്കൊരിക്കലും (പ്രാസംഗികന്‍... ഫാദര്‍ ജേക്കബ് നാലുപറയ്ക്ക്) പിടിതാരാതെ മാറിന്ന അദ്ദേഹത്തിന്‍റെ കാലഘട്ടം. പ്രൊവിഷ്യല്‍സ്ഥാനവും റെക്ടര്‍ ഉദ്യോഗവും ജര്‍മ്മന്‍ യാത്രയും കഴിഞ്ഞു വന്നിട്ടുള്ള അദ്ദേഹത്തിന്‍റെ കാലം!. അതായത് ഫാദര്‍ ബര്‍ഗോളിയോ സഹായമെത്രാനായി നിയോഗിക്കപ്പെടുനനതിനു തൊട്ടുമുന്‍പുള്ളൊരു കാലഘട്ടം.

അക്കാലത്ത് ബര്‍ഗോളിയോ കൊര്‍ദോബായിലായിരുന്നു എന്നല്ലാതെ അതില്‍ക്കൂടുതല്‍ മറ്റൊന്നും അറിയില്ലായിരുന്നു. പിന്നീട് അന്വേഷിച്ചിട്ടു കിട്ടിയുമില്ല. അങ്ങനെയിരിക്കെയാണ്, മാസങ്ങള്‍ക്കു മുന്‍പ് സി.എന്‍.എന്‍ മാധ്യമത്തിന്‍റെ എഡിറ്റര്‍, ഡാനിയേല്‍ ബര്‍ഗ് കൊര്‍ദോബായില്‍ എത്തിയത്. ഇത് അന്വേഷിച്ചുതന്നെ. അവിടത്തെ ഈശോസഭയുടെ ആശ്രമത്തില്‍പ്പോയി അക്കാലത്ത് ബര്‍ഗോളിയോയുടെകൂടെ ജീവിച്ചിരുന്ന സഹോദരങ്ങളെയും, ആശ്രമത്തിലെ ജോലിക്കാരെയും അഭിമുഖംചെയ്ത് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അന്ന് ബര്‍ഗോളിയോയുടെകൂടെ ജീവിച്ചിരുന്ന ബ്രദര്‍ ലൂയിസ് എന്ന വൃദ്ധനായ ഈശോ സഭക്കാരന്‍ പറഞ്ഞു, അധികാരികള്‍ ബര്‍ഗോളിയോയെ അങ്ങോട്ട്, കൊര്‍ദോബായിലേയ്ക്ക് തട്ടുകയായിരുന്നു! കൊര്‍ദോബായിലെ ഈശോസഭയുടെ ഭവനത്തിലെ 5-ാം നമ്പര്‍ മുറിയായിരുന്നു ബര്‍ഗോളിയോയ്ക്കു നീക്കിവച്ചിരുന്നത്. എന്നാല്‍ പ്രത്യേകിച്ച് ഒരു ചുമതലയും അദ്ദേഹത്തിന് അവിടെ ഇല്ലായിരുന്നു. കുമ്പസാരം കേള്‍ക്കുക മാത്രമായിരുന്നു ഏകജോലി - എന്നാണ് ഫാദര്‍ ബര്‍ഗോളിയോയുടെ സന്തതസഹചാരിയായിരുന്ന സന്ന്യാസി, ബ്രദര്‍ ലൂയിസ് പറഞ്ഞത്.

പിന്നെ അവിടെ സമൂഹത്തിലെ വീട്ടുജോലിക്കാരനും സമാനമായ അഭിപ്രായമാണ് പറഞ്ഞത്. പാപ്പായുടെകൂടെ അന്നു ജീവിച്ചിരുന്ന കാര്‍ളോസ് എന്ന വൃദ്ധവൈദികന്‍ പറഞ്ഞു. ബര്‍ഗോളിയോ ഒരു ആത്മീയ അന്ധകാരത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന്. ആത്മാവിന്‍റെ രാത്രിയിലൂ‍ടെ! ഇത് ഏതൊരു മനുഷ്യന്‍റെയും ജീവിതത്തില്‍ സംഭവിക്കാവുന്ന കാര്യമാണ്. ഇതേക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് തന്നെ പിന്നീട് രാജിവയ്ക്കേണ്ടി വന്ന ഒരു രാഷ്ട്രീയക്കാരനോട് ആശംസയായി പറയുന്നുണ്ട്. നിന്‍റെ നാടുകടത്തല്‍ നീ ജീവിച്ചുതീര്‍ക്കണം. എങ്കിലേ, നീ തിരകെവരുമ്പോള്‍ കാരുണ്യമുള്ളവനാകൂ... എങ്കിലേ ആര്‍ദ്രതയോടെ നിനക്ക് നിന്‍റെ ജനത്തെ സേവിക്കാനാവൂ....!!

നാടുകടത്തല്‍, ദൈവത്തെ കാണാതെപോകുന്ന അനുഭവം, ദൈവസാന്നിദ്ധ്യം ജീവിതത്തില്‍നിന്നും അകന്നുനില്ക്കുന്ന അനുഭവം, യേശുവിനെ നഷ്ടപ്പെടുന്ന അനുഭവം, അതു ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ നാം എന്താണു ചെയ്യാറ്? തമ്പുരാന്‍ നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോള്‍ നാം എന്താണു ചെയ്യാറ്...? നാം മറ്റിടങ്ങളേയ്ക്കു പോകും! നമ്മള്‍ മാന്ത്രിക വിദ്യക്കാരുടെ അടുത്തു പോയെന്നിരിക്കും... സിദ്ധന്മാരെ സമീപിച്ചെന്നിരിക്കും. അതുപോലെ ആത്മീയ സങ്കേതങ്ങളിലേയ്ക്ക് പോയെന്നിരിക്കും!! പക്ഷെ ഈ കഥ കേട്ടിട്ടില്ലേ... !? 

ഒരാള്‍ ഈശ്വരെ തേടി യാത്രപുറപ്പെട്ട കഥ... അദ്ദേഹം യാത്ര പുറപ്പെട്ടു. തമ്പുരാനെ അന്വേഷിച്ചുള്ള യാത്ര! ഒരു വിധം സാധിക്കുന്നിടത്തെല്ലാം പോയി... പുണ്യസങ്കേതങ്ങള്‍... തീര്‍ത്ഥാടന കേന്ദ്രങ്ങള്‍.... ആത്മീയകേന്ദ്രങ്ങള്‍.... ആചാര്യന്മാര്‍... എല്ലായിടത്തും പോയി. ഒരിടത്തും ഈശ്വരനെ അന്വേഷിച്ചിട്ട് കണ്ടെത്താന്‍ പറ്റിയില്ല. അങ്ങനെ അയാള്‍ അവസാനം മടുത്ത്... നിരാശനായി... തിരികെ സ്വന്തം ഭവനത്തിലേയ്ക്കു വരികയാണ്. അദ്ദേഹം ഗെയിറ്റു കടന്ന് തന്‍റെ മുറ്റത്തെത്തി. മുറ്റത്തു വന്ന് അതിന്‍റെ പ്രധാനകവാടം തുറന്നു. വീടിനകത്തു കയറി പ്രധാന മുറിയുടെ വാതില്‍ തുറന്നു നോക്കുമ്പോള്‍, ഇതാ...!! അതിന്‍റെ നടുവിലരിക്കുന്നു...!! ഈശ്വരന്‍! അത്ഭുതപ്പെട്ടു ചോദിച്ചു. അപ്പോള്‍ തമ്പുരാന്‍ എപ്പം ഇവിടെ വന്നു?! ദൈവം അപ്പോള്‍ പറയുന്നൊരു മറുപടിയുണ്ട്. നീ എന്നെ അന്വേഷിച്ച് ഇറങ്ങുന്നതിന് ഏറെക്കാലം മുന്‍പ് നിന്നെ അന്വേഷിച്ചു ഞാനിറങ്ങി. നിന്‍റെ ഹൃദയത്തിന്‍റെ തിരുനടയില്‍ ഇരിക്കുകയായിരുന്നു. നീ ഇവിടെ മാത്രം എന്നെ അന്വേഷിച്ചില്ല, അന്വേഷിച്ചില്ല!

ആബേലച്ചനെ ഓര്‍ക്കുന്നില്ലേ. നമ്മള്‍ എല്ലാവരും ഓര്‍ക്കുന്നതാണ്. കാരണം അദ്ദേഹം കേരളത്തിന്‍റെ.. ഭാരതത്തിന്‍റെ ദാവീദാണെന്നു വിശേഷിപ്പിക്കാം. കവിയും സാഹിത്യകാരനും കലാസ്നേഹിയും... ദാവീദ്.. യഹൂദരുടെ സങ്കീര്‍ത്താകനായിരുന്നു പാട്ടുകാരനായിരുന്ന ഇസ്രേയേലിന്‍റെ രാജാവ്! കേരളത്തിന്‍റെ ഒരാത്മീയ പാട്ടുകാരനെന്ന്. പറയാമെങ്കില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയായിരുന്നു ആബേലച്ചന്‍. അദ്ദേഹത്തിന്‍റെ പ്രശസ്തമായൊരു പാട്ടില്ലേ.

ഈശ്വരനെ തേടി ഞാന്‍ നടന്നു...

കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു.

അവിടെയുമില്ല ഇവിടെയുമില്ലീശ്വരന്‍.. 

അതിന്‍റെ അവസാനത്തെ പാദം വന്ന് അവസാനിക്കുന്നത്:

‘അവസാനം എന്നിലേയ്ക്കു ഞാന്‍ തിരിഞ്ഞു...

ഹൃദയത്തിലേയ്ക്കു ഞാന്‍ കടന്നു...

അവിടെയാണീശ്വരന്‍റെ വാസം...!’

എവിടെയാണ് തമ്പുരാനെ നഷ്ടപ്പെടുമ്പോള്‍ അന്വേഷിക്കേണ്ടത്? ഹൃദയത്തിലാണ്. എന്‍റെ ഉള്ളിലാണ്. എന്‍റെ മനസ്സിലും എന്‍റെ സാന്നിദ്ധ്യത്തിലുമാണ്. ഇതാരാ നമുക്ക് പറഞ്ഞു തരുന്നത്? ക്രിസ്തു തന്നെയാണ്! വളരെ ശ്രദ്ധയോടെ യേശുവിന്‍റെ ജീവിതത്തിലൂടെ കടന്നുപോയാല്‍ സുവിശേഷകര്‍ തരുന്ന സൂചനകള്‍ വ്യക്തമാണ്. അതിരാവിലെ അവിടുന്നെഴുന്നേറ്റ് ഒരു മരുഭൂമിയിലേയ്ക്കു പോകുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, (മര്‍ക്കോസ് 1, 46(... പിന്നെ ജനക്കൂട്ടത്തെ പറഞ്ഞു വിട്ടശേഷം അവിടുന്ന് മലമുകളിലേയ്ക്കു പ്രാര്‍ത്ഥിക്കാന്‍ പോയി... (മര്‍ക്കോസ് 6, 46).

ഇങ്ങനെ മലമുകളിലും മരുഭൂമിയിലും ഏകാന്തതയിലും ഈശ്വരനെ കണ്ടുമുട്ടുന്ന ക്രിസ്തുതന്നെയാണ് നമുക്ക് മാതൃക. ദൈവത്തെ നഷ്ടപ്പെടുന്ന സംഭവങ്ങള്‍, അനുഭവങ്ങള്‍ ഉള്ളപ്പോള്‍, അനുഭവങ്ങള്‍ വരുമ്പോള്‍ അന്വേഷിച്ചിക്കുക. മൗനത്തിലും ഏകാന്തതയിലും ഹൃദയത്തിന്‍റെ നിശ്ശബ്ദതയിലും അന്വേഷിക്കുക.

ഇന്ന് തിരുക്കുടുംബത്തിന്‍റെ തിരുനാളാണ്. ഓര്‍ക്കാം. ശരിക്കു പറഞ്ഞാല്‍, നമുക്ക് എല്ലാ കുടുംബങ്ങള്‍ക്കും മാതൃക നസ്രത്തിലെ കുടുംബമാണ്. മാതാവും ഔസേപ്പിതാവും ഈശോയും ... ആ തിരുക്കുടുംബത്തിനാണ് മകനെ നഷ്ടപ്പെടുന്നത്. നമ്മുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെടാറുണ്ടോ? കാണാതെ പോകാറുണ്ടോ? Physically.... ശാരീരികമായി അവര്‍ കൂടെ കാണും. പക്ഷെ അവരുടെ ഒരു വൈകാരിക അവസ്ഥയില്‍നിന്നും മക്കള്‍ നഷ്ടപ്പെട്ടു പോകാറുണ്ടോ. ഉണ്ടെങ്കില്‍ അവരെ കണ്ടെത്തണം. അങ്ങനെ കാണാതെ പോകുന്ന അനുഭവം വരുമ്പോള്‍ പഴയൊരു കഥയില്ലേ....

ഒരാള്‍ താക്കോല്‍ നഷ്ടപ്പെട്ടിട്ട് അന്വേഷിച്ചിറങ്ങിയ കഥ. ഒരു വീടിന്‍റെ മിറ്റത്ത് വൃദ്ധനായ മനുഷ്യന്‍ സന്ധ്യാസമയത്ത് വിഷമിക്കുകയായിരുന്നു. വഴിപോക്കാനായ യുവാവിനു മനസ്സിലായി വൃദ്ധന്‍ സാഹായം തേടുകയാണെന്ന്. ചോദിച്ചു, അങ്ങ് എന്താ, അന്വേഷിക്കുന്നത്. മറുപടി. മകനേ, എന്‍റെ താക്കോല്‍ കളഞ്ഞുപോയി. കുറച്ചു നേരം അന്വേഷിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍... അല്ല താക്കോള്‍ വലിയതാണോ...? ചെറുപ്പക്കാരന്‍ ചോദിച്ചു. എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്? ഇരുമ്പ്! എവിടെയാണ് കാണാതെ പോയത്. വൃദ്ധന്‍ പറഞ്ഞു. നഷ്ടമായത് മുറിക്ക് അകത്താണ്. പിന്നെന്തിനാ പുറത്ത് അന്വേഷിക്കുന്നതെന്നായി ചെറുപ്പക്കാരന്‍. അകത്ത് ഒട്ടും വെട്ടമില്ല. കൂരിരുട്ട്. പിന്നെ അല്പം വെട്ടമുള്ളത് മുറിക്കു പുറത്തായതിനാല്‍ ഇവിടെ അന്വേഷിച്ചെന്നേയുള്ളൂ...! കാണാതെ പോകുമ്പോള്‍ നാം അന്വേഷിക്കേണ്ടത് നഷ്ടമാകുന്നിടത്താണ്.

ഈശോയെ ജരുസലേം ദേവാലയത്തില്‍ കാണാതെ പോയതിനാല്‍ തിരിച്ച് മാതാപിതാക്കള്‍ അവിടേക്കാണ് യേശുവിനെ അന്വേഷിച്ചോടിയത്. അവിടെയാണ് അന്വേഷിച്ചത്. മാതാപിതാക്കള്‍ക്ക് മക്കളെ കാണാതെ പോകുന്ന് അനുഭവമുണ്ടാകുമ്പോള്‍ അവര്‍ പോകുന്നത് അവരെ നഷ്ടപ്പെട്ട ഇടത്തിലേയ്ക്കാണ്. അന്വേഷണത്തിന്‍റെ ‘ഫോക്കസ്’ തിരിച്ചു പിടിക്കാനായാല്‍ തീര്‍ച്ചയായും കണ്ടെത്തലും യാഥാര്‍ത്ഥ്യമാകും.

നമ്മുടെ കുടുംബങ്ങളില്‍ മക്കളെ കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കും, മാതാപിതാക്കളെ കണാതെ പോകാതിരിക്കാന്‍ മക്കള്‍ക്കും കഴിയട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. ഈശോയേ.... അടുത്തുള്ളവരുടെ ജീവിതത്തില്‍ അങ്ങ് തുടര്‍സാന്നിദ്ധ്യമായി, നിത്യസാന്നിദ്ധ്യമായിരിക്കുന്നുവോ... എന്നാല്‍ കണ്‍വെട്ടത്തുനിന്നും അങ്ങ് മറയുന്ന അനുഭവങ്ങളെ അത്തരം അനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല... അങ്ങനെ വരുമ്പോള്‍ കൂടുതല്‍ അങ്ങയെ അന്വേഷിക്കുവാനും... ഏകാന്തതയിലും നിശ്ശബ്ദതയിലും കണ്ടെത്തുവാനുമുള്ള കൃപാതിരേകം തരണമേ! ഒപ്പം കുടുംബങ്ങളില്‍ അങ്ങ് നഷ്ടപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ... എന്‍റെ ഈശോയേ... അങ്ങയെ അന്വേഷിക്കുവാനും കണ്ടെത്തുവാനുമുള്ള തീക്ഷ്ണതയും ഞങ്ങള്‍ക്കു തരണമേ.... ആമേന്‍.  








All the contents on this site are copyrighted ©.