2015-12-25 16:31:00

ദൈവം ജനിക്കുന്നിടത്ത് പ്രത്യാശയും സമാധാനവും സംജാതമാകുന്നു


ദൈവം ജനിക്കുന്നിടത്ത് പ്രത്യാശ ജനിക്കുന്നു. അവിടെ സമാധാനം സംജാതമാകുന്നു.  സമാധാനമുള്ളിടത്ത് വെറുപ്പിനും സംഘട്ടത്തിനും സ്ഥാനമില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ക്രിസ്മസ്സ് ദിനത്തിലെ  'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. 

ക്രിസ്തു നമുക്കായി ജനിച്ചിരിക്കുന്നു, നമ്മുടെ രക്ഷയുടെ സുദിനത്തില്‍ നമുക്ക് സന്തോഷിക്കാം.

ക്രിസ്തു തന്നെയായ ഈ ദിവസത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാനായി നമ്മുടെ ഹൃദയങ്ങളെ നമുക്ക് തുറക്കാം. മനുഷ്യകുലത്തിന്‍റെ ചക്രവാളങ്ങളില്‍ ഉദിച്ചുയര്‍ന്ന തേജസ്സുള്ള  ദിനമാണ് യേശു. പിതാവായ ദൈവം ഈ ലോകത്തിനു മുഴുവനും തന്‍റെ ആഴമേറിയ ആര്‍ദ്രതയെ വെളിപ്പെടുത്തിത്തന്ന കരുണയുടെ ദിവസം. ഭീതിയുടെയും ഉത്കണ്ടകളുടെയും അന്ധകാരത്തെ നീക്കംചെയ്യുന്ന പ്രകാശത്തിന്‍റെ ദിവസം. കണ്ടുമുട്ടലും സംവാദവും അനുരജ്ഞനവും പ്രദാനം ചെയ്യുന്ന സമാധാനത്തന്‍റെ ദിവസം. പാവങ്ങള്‍ക്കും വീനീതര്‍ക്കും സകല ജനങ്ങള്‍ക്കും സന്തോഷമേകുന്ന ആനന്ദത്തിന്‍റെ ദിവസം.

ഈ ദിവസം, പരിശുദ്ധകന്യകാമറിയത്തില്‍ നിന്ന് രക്ഷകനായ യേശു പിറന്നിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്ന് ലൂക്കായുടെ സുവിശേഷം രണ്ടാമദ്ധ്യായം പന്ത്രണ്ടാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നപോലെ ദൈവം നമുക്ക് തന്നിരിക്കുന്ന അടയാളമാണ് പൂല്‍ക്കൂട്ടില്‍ നാം കാണുന്നത്. ബത്ലഹമിലെ ആട്ടിടയന്മാരെപ്പോലെ ഈ അടയാളം കാണുവാനായി നമുക്കും പുറപ്പെടാം, വര്‍ഷംതോറും നവീകരിക്കപ്പെടുന്ന സഭയിലെ ഈ ആഘോഷം വഴി.  മനുഷ്യവതാരം ചെയ്ത യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹം,  കുടുംബത്തിലും, ഇടവകയിലും, കമ്മ്യൂണിറ്റികളിലും ക്രിസ്മസ്സിലൂടെ നവീകരിക്കപ്പെടുന്നു. പരിശുദ്ധാത്മാവിനാല്‍ രൂപംപ്രാപിച്ചതും അത്യുന്നതന്‍റെ പുത്രനും മേരി തന്‍റെ ഉദരത്തില്‍ വഹിച്ചതും ജന്മം കൊടുത്തതുമായ ദൈവത്തിന്‍റെ അടയാളം, മേരിയെപ്പോലെ സഭ എല്ലാവര്‍ക്കുമായി കാണിച്ചുതരുന്നു. അവന്‍ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ യഥാര്‍ത്ഥ രക്ഷകനാണ്. ആട്ടിടയന്മാരോടുകൂടെ ഈ കുഞ്ഞാടിനെ നമുക്ക് താണുവണങ്ങാം, മാംസംധരിച്ച ദൈവികസുകൃതത്തെ നമുക്ക് ആരാധിക്കാം. പശ്ത്താപത്താല്‍ നമ്മുടെ കണ്ണുനിറയുകയും ഹൃദയത്തെ ശുചീകരിക്കുകയും ചെയ്യാം.

യേശുവിനു മാത്രമെ നമ്മെ രക്ഷിക്കാന്‍ കഴിയു. എല്ലാതരത്തിലുള്ള തിന്മയില്‍നിന്നും സ്വാര്‍ത്ഥതയുടെ ഫലമായി ചിലപ്പോഴുള്ള മൃഗീയമായ തിന്മകളില്‍ നിന്നുപോലും മനുഷ്യരാശിയെ രക്ഷിക്കാന്‍ ദൈവികകരുണയ്ക്കു മാത്രമെ കഴിയൂ. മനുഷ്യനു പരിഹരിക്കാനാവാത്തവയ്ക്ക് വഴി കാണിക്കാനും മനുഷ്യഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാനും ദൈവകൃപയ്ക്കു കഴിയും.

ദൈവം ജനിക്കുന്നുടത്ത് പ്രത്യാശ ജനിക്കുന്നു. അവിടെ സമാധാനം സംജാതമാകുന്നു.  സമാധാനമുള്ളിടത്ത് വെറുപ്പിനും സംഘട്ടത്തിനും സ്ഥാനമില്ല. എന്നിട്ടും സംഘര്‍ഷങ്ങളും അക്രമങ്ങളും നിരന്തരമായുള്ളിടത്തും സമാധാനമെന്ന ദാനത്തിനായി യാചിക്കുകയും സ്ഥാപിക്കേണ്ടതുമായിടത്തേയ്ക്കാണ് മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്‍ കടന്നുവന്നത്. ഇസ്രായേല്‍ക്കാരും പലസ്തീനിയാക്കാരുമായുള്ളു വളരെക്കാലത്തെ സംഘട്ടനം അവസാനിപ്പിച്ച് രണ്ടുകൂട്ടരും സമാധാനത്തില്‍ ജീവിക്കുവാന്‍ ഉടമ്പടിയില്‍ എത്തുവാന്‍, പുനരാരംഭിക്കുവാന്‍ ഇടയാകട്ടെ.

സിറിയയിലെ യുദ്ധക്കെടുതികളും ജനങ്ങളുടെ കഠിനമായ സഹനങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ ഐക്യരാഷ്ടസഭയിലെത്തിയിരിക്കുന്ന ഉടമ്പടികളുടെ വിജയത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. അതുപോലെ തന്നെ ലിബിയയിലെ വിഭജനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കുന്നതിനായും എല്ലാവരു‌ടെയും പിന്തുണയുണ്ടാകട്ടെ. ഇറാക്ക്, ലിബിയ, യെമന്‍, സബ്സഹാരന്‍ ആഫ്രിക്ക തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും ചരിത്രപരവും സാംസ്കാരികവുമായ പൈതൃക സ്വത്തുക്കളുടെ നശീകരണങ്ങളും ജനപീഡനങ്ങളും അവസാനിപ്പിക്കുവാനായി അന്താരാഷ്ട്രസംഘടനകള്‍ ഒത്തൊരുമിച്ചു ജാഗരൂകതയോടെ നയിക്കപ്പെടുവാനിടയാകട്ടെ. ഈയിടെയായി ഇാജിപ്ഷ്യന്‍ എയര്‍സ്പെയ്സ്, ബെയ്റൂട്ട്, പാരീസ്, ബമാക്കൊ, ടുണിഷ്യ എന്നിവിടങ്ങളിലുണ്ടായ ക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിരയായവരെയും പ്രത്യേകം അനുസ്മരിക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന വര്‍ക്ക് ഉണ്ണിയേശു സാന്ത്വനമേകട്ടെ.

കോങ്ഗോയിലും ബുറുണ്ടിയിലും സൗത്ത് സുഡാനിലും സമാധാനത്തിനും ഐക്യത്തിനുമായി പ്രാര്‍ത്ഥിക്കാമെന്നും ശക്തമായ പ്രതിബദ്ധതയോടെ അവിടങ്ങളിലെ പൗരസമൂഹങ്ങളെ അനുരഞ്ജനത്തിലേയ്ക്കും പരസ്പര ധാരണയിലെയ്ക്കും നയിക്കുന്നതിനുള്ള സംവാദങ്ങള്‍ സജീവമാക്കുവാനായും പ്രാര്‍ത്ഥിക്കാം.

ഈ ക്രിസ്മസ്സ് ഉക്രയിനിലും യഥാര്‍ത്ഥ സമാധാനമേകുന്നതാകട്ടെ, സംഘട്ടനത്തില്‍ ക്ലേശിക്കുന്നവര്‍ക്ക് സാന്ത്വനമേകുകയും ഐക്യത്തിനായുള്ള ഉടമ്പടികള്‍ പുനസ്ഥാപിക്കുവാനുള്ള സന്മനസ്സുണ്ടാകുവാനും ഇടയാകട്ടെ.

ഈ ദിവസത്തിന്‍റെ സന്തോഷം കൊളംമ്പിയയിലെ ജനങ്ങളെയും  ഉജ്ജ്വലിപ്പിക്കട്ടെ, അതുവഴി പ്രത്യാശയാല്‍ പ്രചോദിതരായി പ്രതിബദ്ധതയോടെ സമാധാനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യട്ടെ.

ദൈവം ജനിക്കുന്നിടത്ത് പ്രത്യാശ ജനിക്കുന്നു, പ്രത്യാശയുള്ളിടത്ത് മനുഷ്യാന്തസ്സ് വീണ്ടെടുക്കപ്പെടുന്നു. എങ്കിലും ഇന്നും വളരെയധികം പുരുഷന്മാരും സ്ത്രീകളും മനുഷ്യാന്തസ്സ് നഷ്ടപ്പെട്ടവരാണ്, അപഹരിക്കപ്പെട്ടവരാണ്, ഉണ്ണിയേശുവിനെപ്പോലെ തണുപ്പും, ദാരിദ്ര്യവും തിരസ്ക്കരണവും അവഗണനയും അനുഭവിക്കുന്നരാണ്. എളുപ്പത്തില്‍ മുറുപ്പെടുന്നവരായ എല്ലാവര്‍ക്കും പ്രത്രേകിച്ച്,   യുവസൈനികര്‍, അക്രമങ്ങളനുവിക്കുന്ന സ്ത്രീകള്‍, മനുഷ്യക്കച്ചവടത്തിനും മയക്കുമരുന്നിനും അടിമയാകുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇന്ന് നമ്മുടെ സാമീപ്യം അനുഭവിക്കാനിടയാകട്ടെ.

കൊടിയ ദാരിദ്ര്യത്തിലും യുദ്ധത്തിലും നിന്നു പാലായനം ചെയ്യുന്നവര്‍ക്കും മനുഷ്യത്വമില്ലാത്ത, നിഷ്ഠൂരമായ സാഹചര്യങ്ങളിലുള്ളവര്‍ക്കും ജീവിത അപായ ഘട്ടങ്ങളിലായിരിക്കുന്നവര്‍ക്കും നമ്മുടെ പ്രോത്സാഹനമുണ്ടാകട്ടെ. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി പ്രവര്‍ത്തിക്കുകയും അവരെ സമൂഹത്തിലുള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ദൈവം പ്രതിഫലമേകട്ടെ.

ഈ ആഘോഷദിവസം തൊഴില്‍രഹിതരായവര്‍ക്ക് നവ പ്രതീക്ഷ ദൈവം നല്‍കട്ടെ. പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനും ഓരോ വ്യക്തിയുടെയും മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനായും, രാഷ്ട്രീയവും സാമ്പത്തികവുമായ പൊതുപ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്തങ്ങളിലുമുള്ളവരുടെ പ്രതിബദ്ധതയെ ദൈവം പരിപാലിക്കട്ടെ.

ദൈവം ജനിക്കുന്നിടത്ത്, കരുണ സമര്‍ത്ഥമാകുന്നു, പുഷ്ടിപ്പെടുന്നു. കരുണയാണ് ദൈവം നമുക്കു തരുന്ന ഏറ്റവും വിലയേറിയ ദാനം, സമ്മാനം, പ്രത്യേകിച്ച് ഈ ജൂബിലിവര്‍ഷത്തില്‍ നാമോരോരുത്തരോടുമുള്ള പിതാവായ ദൈവത്തിന്‍റെ ആര്‍ദ്രമായ സ്നേഹം കണ്ടെത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. മുറിവുകളെ ഉണക്കുന്ന, സൗഖ്യമാക്കുന്നതും തിന്മകളെ ജയിച്ചടക്കുന്നതുമായ ദൈവികകരുണയനുഭവിക്കുവാന്‍ തടവറയിലുള്ളവരെയും ദൈവം സഹായിക്കട്ടെ.

ഇന്ന്, നമ്മുടെ രക്ഷയുടെ ഈ സുദിനത്തില്‍ നമുക്കൊരുമിച്ച് സന്തോഷിക്കാം. പുല്‍ക്കൂടിനെ ധ്യാനിക്കുമ്പോള്‍, ദൈവികകരുണയെ ആലിംഗനംചെയ്യുന്ന യേശുവിന്‍റെ തുറന്ന കരങ്ങളിലേയ്ക്ക് ഉറ്റ് നോക്കുമ്പോള്‍, നമ്മുടെ ചെവികളില്‍ മന്ത്രിക്കുന്ന ആ കുഞ്ഞിന്‍റെ ഈ കരച്ചില്‍ നമുക്ക് കേള്‍ക്കാം – 'എന്‍റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം', എന്ന 122-ാം സങ്കീര്‍ത്തനം എട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.  

 







All the contents on this site are copyrighted ©.