2015-12-18 17:58:00

സാംസ്ക്കാരിക പകിട്ടുമായി വത്തിക്കാനിലെ പുല്‍ക്കൂടു തുറന്നു


വത്തിക്കാനിലെ‍ പുല്‍ക്കൂടും ക്രിസ്തുമസ്മരവും ഡിസംബര്‍ 18-ാം തിയതി വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യപ്പെട്ടു. ചത്വരത്തിലെ മൊത്തം ക്രിസ്തുമസ് അലങ്കാരച്ചമയങ്ങളുടെ സംവിധായകരെയും കലാകാരന്‍മാരെയും അതിന്‍റെ അഭ്യൂദയകാംക്ഷികളെയും അന്നു രാവിലെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധചെയ്തു. വിശിഷ്യ ക്രിസ്തുമസ് മരത്തില്‍ തൂക്കുവാനുള്ള കൗതുകവസ്തുക്കളും അലങ്കാരങ്ങളും നിര്‍മ്മിച്ച ലെനെ തുണ്‍ ഫൗണ്ടേഷനിലെ കുട്ടികളെ പാപ്പാ അഭിനന്ദിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ ക്രിബ്ബുമായി ബന്ധപ്പെട്ട് ഏകദേശം 300 പേരാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോള്‍ ആറാമന്‍ ഹാളിലെത്തിയത്.

‌വടക്കെ ഇറ്റലിയിലെ പുരാതനപട്ടണമായ ത്രെന്തോയിലെ (Trent) കലാകാരന്മാര്‍ രംഗസംവിധാനചെയ്തിട്ടുള്ള ക്രിബില്‍ ജീവഭംഗിയും വലുപ്പവുമുള്ള മനോഹരമായ 25 രൂപങ്ങളുണ്ട്. മരത്തില്‍ കൊത്തിയുണ്ടാക്കിയ ആള്‍രൂപങ്ങളുടെയും ആടുമാടുകളുടെയും സംയോജനമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ത്രെന്തോയുടെ പുരാതന ഗ്രാമീണ വാസ്തുചാതുരിയ്ക്കൊപ്പം വര്‍ണ്ണവെളിച്ച സംവിധാനങ്ങളും കൂട്ടിയിണക്കപ്പെട്ടപ്പോള്‍ ജൂബിലിവര്‍ഷത്തിലെ പുല്‍ക്കൂട് അത്യപുര്‍വ്വ ദൃശ്യാവിഷ്ക്കാരമായി മാറി.

വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ ചമയിച്ചിരിക്കുന്ന പുല്‍ക്കൂടിന്‍റെ സമീപത്തുള്ള മനോഹരമായ ഭീമന്‍ ക്രിസ്തുമസ്മരം ജര്‍മ്മനിയിലെ മൊണോക്കോയിലുള്ള ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന് സമ്മാനമായി എത്തിച്ചുകൊടുത്തതാണ്. 100 അ‌ടി ഉയരമുള്ള ദേവദാരുവാണത്. മരം അലങ്കകരിച്ചത് Lend Thun Foundation-ലെ കാലാകാരന്മാരായ കുട്ടികളാണ്.








All the contents on this site are copyrighted ©.