2015-12-17 08:19:00

ഭാരതസഭ സംഘടിതമായി ഇനിയും ചെന്നൈ നഗരത്തെ തുണയ്ക്കും


ചെന്നൈ നഗരത്തിലുണ്ടായ പേമാരിയില്‍പ്പെട്ടവരെ സഹായിക്കാന്‍ കത്തോലിക്കര്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

ഡിസംബര്‍ 15-ന് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ക്ലീമിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ മാസത്തിലുടനീളവും പിന്നെ ഡിസംബര്‍ ആദ്യവാരത്തിലും പെയ്തിറങ്ങിയ അപ്രതീക്ഷിതമായ പേമാരിയില്‍ ക്ലേശിക്കുന്ന മദ്രാസ് നഗരവാസികളെ സഹായിക്കാന്‍ ഗവണ്‍മെന്‍റിനോടും, ഇതര ക്രൈസ്തവ കൂട്ടായ്മകളോടും, സര്‍ക്കാരേതര പ്രസ്ഥാനങ്ങളോടും സഹകരിച്ചുകൊണ്ട് സഭയുടെ ‘കാരിത്താസ്’പോലുള്ള എല്ലാ സഹായസംവിധാനങ്ങളും സംഘടിതമായി ലഭ്യമാക്കുന്നുണ്ടെന്ന് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് വെളിപ്പെടുത്തി.

300-ലേറെപ്പേരുടെ ജീവന്‍ അപഹരിക്കുകയും, അനേകരെ ഭവന രഹിതരാക്കുകയും, കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുകയും ചെയ്ത വന്‍കെടുതിയില്‍നിന്നും നഗരം ഇനിയും ഉണര്‍ന്നിട്ടില്ലെന്നും; വീടില്ലാതെയും, ഭക്ഷണമില്ലാതെയും, മറ്റ് അടിസ്ഥാനാവശ്യങ്ങള്‍ ഇല്ലാതെയും വിഷമിക്കുന്നവരില്‍ അധികവും പാവപ്പെട്ടവരാണെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആസന്നമാകുന്ന ക്രിസ്തുമസ്സിന്‍റെ അരൂപി ഉള്‍ക്കൊണ്ടും പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന്‍റെ സന്ദേശം മാനിച്ചും വേദനിക്കുന്നവരോടും പരിത്യക്തരോടും ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോടും സഹാനുഭാവവും കരുണയും കാണിക്കേണ്ടതാണ്. പ്രവൃത്തിപഥത്തില്‍ കാണിച്ചുകൊണ്ട് സഹോദരസ്നേഹത്തിന്‍റെ സുവിശേഷചൈതന്യം യാഥാര്‍ത്ഥ്യമാക്കാന്‍ ചെന്നൈ നഗരത്തെ കെടുതിയില്‍നിന്നും മോചിച്ചു ജനജീവിതം സാധാരണഗതിയിലെത്തിക്കാന്‍ ഇനിയും എല്ലാവരും സഹകരിക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ ആദ്യവാരത്തില്‍ ആരംഭിച്ച കാലംതെറ്റിയെത്തിയ കനത്തമഴ മാസംമുഴുവനും പിന്നെ ഡിസംബര്‍ ആദ്യവാരത്തിലേയ്ക്കും നീണ്ടതാണ് മുന്‍പൊരിക്കലുമില്ലാത്ത വിനാശം ചെന്നൈ നഗരത്തിനു ഭവിച്ചതെന്ന്, തിരുവനന്തപുരം മലങ്കര കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്താകൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.