2015-12-14 18:46:00

അനുതാപത്തില്‍ ഉതിര്‍ക്കൊള്ളുന്ന ആനന്ദത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


ശൈത്യകാലമായിരുന്നെങ്കിലും ഡിസംബര്‍ 13-ാം തിയതി ഞായറാഴ്ച റോമില്‍ നല്ല തെളിവുള്ള ദിവസമായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ തൃകാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേയ്ക്ക് ആയിരങ്ങളാണ് വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള വിശാലമായ ചത്വരത്തില്‍ തിങ്ങിനിന്നത്. ആഗമനകാലം മൂന്നാംഞായറാഴ്ച ‘ആനന്ദത്തിന്‍റെ ഞായറാഴ്ച’യായിരുന്നു (Laetare Sunday) . പിന്നെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ ആദ്യ ഞായറുമായിരുന്നല്ലോ. പതിവിലും കൂടുതല്‍ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും വത്തിക്കാനില്‍ കാണാമായിരുന്നു.

പ്രാര്‍ത്ഥനയ്ക്ക് സമയമായി. മദ്ധ്യാഹ്നം 12 മണി. വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ 5-ാം നിലയിലെ രണ്ടാമത്തെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ചെറുപുഞ്ചിരിയുമായി കരങ്ങളുയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്ത പാപ്പാ സന്ദേശം നല്കി.

ത്രികാല പ്രാര്‍ത്ഥനാപ്രഭാഷണത്തിന്‍റ പരിഭാഷ താഴെ ചേര്‍ക്കുന്നു:

ഇന്നത്തെ സുവിശേഷം മൂന്നുപ്രാവശ്യം ഉന്നയിക്കുന്നൊരു ചോദ്യമുണ്ട്. നിങ്ങള്‍ മാസന്തരപ്പെടുവിന്‍ എന്ന് പ്രബോധിപ്പിക്കുന്ന സ്നാപകയോഹന്നാനോടുള്ള ജനങ്ങളുടെ മറുചോദ്യമാണിത്. അതിന് ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? എന്നാണ് ചോദ്യം. മൂന്നു തരക്കാരായ ജനങ്ങളാണ് യൂദയായിലെ മരുപ്രദേശത്ത് യോഹന്നാനെ ശ്രവിക്കാനെത്തിയത്. ആദ്യം സാധാരണക്കാരായ ജനങ്ങള്‍. രണ്ടാമത് പാപികളും ചുങ്കക്കാരും, മൂന്നാമത് പട്ടാളക്കാര്‍. സ്നാപകന്‍ ഉദ്ബോധിപ്പിക്കുന്ന മാനസാന്തരം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?

യോഹന്നാന്‍റെ ലളിതമായ മറുപടി, മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാനിക്കുക, അല്ലെങ്കില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പങ്കുചേരുക എന്നായിരുന്നു. ആദ്യത്തെ ഗ്രൂപ്പിനോടു പറഞ്ഞു, നിങ്ങളില്‍ രണ്ടു ഉടുപ്പുള്ളവന്‍ ഇല്ലാത്തവന് ഒന്നു കൊടുക്കട്ടെ. പിന്നെ ഭക്ഷണത്തിന്‍റെ കാര്യത്തിലും, അങ്ങനെ തന്നെ ചെയ്യട്ടെ, എന്നായിരുന്നു മറുപടി (11).  ചുങ്കക്കാരോടും പാപികളോടും യോഹന്നാന്‍ പറഞ്ഞു, നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത് (13). എന്താണ് ഇതിന്‍റെ അര്‍ത്ഥം? അതായത്.... കോഴ വാങ്ങരുതെന്ന്. അഴിമതിക്ക് കൂട്ടുനില്ക്കരുത്! സ്നാപകന്‍റെ വാക്കുകള്‍ വ്യക്തമാണ്. മൂന്നാമത്തെ ഗ്രൂപ്പിനോടു പറഞ്ഞു. പടയാളികളേ, നിങ്ങള്‍ ആരെയും അകാരണമായി ഭീഷണിപ്പെടുത്തരുത്. വ്യാജമായി കുറ്റാരോപണവും അരുത്. വേതനംകൊണ്ട് തൃപ്തിപ്പെടണം (14). മൂന്നു ചോദ്യങ്ങള്‍ക്കും സ്നാപകന്‍ നല്കുന്ന ഉത്തരങ്ങള്‍ ഇതാണ്. സമാനതയുള്ള, സമാന്തരികമായ സല്‍പ്രവൃത്തികളുടെ ഉത്തരങ്ങള്‍ മാനസാന്തരത്തിന്‍റെ പാതയിലേയ്ക്കാണ് സ്പഷ്ടമായും വിരല്‍ചൂണ്ടുന്നത്, നയിക്കുന്നത്. അത് നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വളരെ ക്ലിപ്തമായ പാതയാണ്. പിന്നീട് ക്രിസ്തുവിന്‍റെ എല്ലാ പ്രബോധനങ്ങളിലും പ്രതിധ്വനിക്കുന്ന സഹോദരസ്നേഹത്തിന്‍റെ മാര്‍ഗ്ഗവുമാണ് അവ ചൂണ്ടിക്കാണിക്കുന്നത്. സ്നാപകന്‍റെ സാരോപദേശങ്ങളില്‍നിന്നും അക്കാലഘട്ടത്തിലെ അധികാരികളെക്കുറിച്ചും, സാമൂഹ്യരാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചുമുള്ള ഒരു ധാരണ നമുക്ക് ലഭിക്കുന്നുണ്ട്.

കാലംമാറിയെങ്കിലും ചുറ്റുവട്ടങ്ങള്‍ക്ക് മാറ്റമില്ല. ഒരു കാര്യം സത്യമാണ്. പാപികളില്‍ യാതൊരുവനും മാനസാന്തത്തിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നോ, മാനസാന്തരത്തിനുള്ള സാധ്യതയില്‍നിന്നോ ഒഴിവാക്കപ്പെട്ടിട്ടില്ല. അതു ഉറപ്പാണ്. ദൈവം ആരെയും രക്ഷയുടെ വഴിയില്‍നിന്നും മാറ്റിനിറുത്തുന്നില്ലെന്നത് ഉറപ്പാണ്. ദൈവം നമ്മെ ശിക്ഷിക്കുന്നുമില്ല. അവിടുന്നു രക്ഷിക്കുന്നു. അവിടുന്ന് രക്ഷകനാണ്. അവിടുന്ന് എന്നും അങ്ങനെതന്നെ ആയിരിക്കുന്നു. സകലര്‍ക്കും തന്‍റെ കരുണ നല്കുവാനുള്ള വ്യഗ്രതയിലാണ് അവിടുന്ന്. അനുരജ്ഞനത്തിന്‍റെയും ക്ഷമയുടെയും  നീണ്ടകരങ്ങള്‍കൊണ്ട് സകലരെയും ലോലമായി ആശ്ലേഷിക്കുവാന്‍ അവിടുന്ന് വെമ്പല്‍കൊണ്ടു നില്ക്കുകയാണ്... സ്നേഹമുള്ള പിതാവിനെപ്പോലെ കാത്തുനില്ക്കുകയാണ്. അങ്ങനെ, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്, എന്ന ചോദ്യം ഇന്നും എവിടെയും പ്രസ്ക്തമാണ്. ഇന്നും ഉയരുന്നുണ്ട്. അത് നമ്മെയും സംബന്ധിക്കുന്നതാണ്. അനുതാപം നമുക്ക് അനിവാര്യമാണെന്നാണ് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. നമ്മുടെ ജീവിതപാത നാം നേരെയാക്കണം. ക്രമീകരിക്കണം... നീതിയുടെയും, കൂട്ടായ്മയുടെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും മിതത്വത്തിന്‍റെയും പാത നാം പുല്കണം. മാനുഷികതയ്ക്കും ക്രിസ്തീയതയുക്കും ഇണങ്ങുന്ന ജീവിതമൂല്യങ്ങളാണവ. അതിനാല്‍, അനുതപിക്കുക! അനുതാപമാണ് സ്നാപകന്‍ പ്രഘോഷിക്കുന്ന ദൈവരാജ്യത്തിന്‍റെ കാതലായ സന്ദേശം.

ആരാധനക്രമപ്രകാരം ആഗമനകാലത്തിലെ മൂന്നാംവരം ചിന്താവിഷയമാക്കുന്നത് അനുതപാത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആനന്ദമാണ്. അനുതാപത്തില്‍ ഒളിഞ്ഞിരിക്കുന്ന ആത്മീയാനന്ദം ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കാന്‍ വചനം നമ്മെ ക്ഷണിക്കുന്നു. അതുകൊണ്ടാണ് ഈ ഞായര്‍ദിനത്തെ നാം (Laetare Sunday),  ‘ആനന്ദത്തിന്‍റെ ‍ഞായര്‍’ എന്നു വിളിക്കുന്നത്. അനുതപിച്ച് ദൈവസന്നിധിയില്‍ എത്തുന്നവന് ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. സെഫാനിയ പ്രവാചകന്‍ ഉദ്ബോധിപ്പിക്കുന്നതും ഇതാണ്. ജരൂസലത്തെ ജനങ്ങളോടു പ്രവാചകന്‍ പറഞ്ഞത്, സിയോന്‍ പുത്രീ! സന്തോഷിക്കുക!! (സെഫ. 3, 14). പിന്നീട് പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയക്കാരോടു പറയുന്നുണ്ട്. സന്തോഷിക്കുക! നിങ്ങള്‍ ഏപ്പോഴും കര്‍ത്താവില്‍ സന്തോഷിക്കുക! ആനന്ദത്തെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ നമുക്ക് ധൈര്യം വേണം, സര്‍വ്വോപരി വിശ്വാസബോധ്യവും ഉണ്ടായിരിക്കണം!!!

നിരവധി പ്രശ്നങ്ങളാണ് ലോകം ഇന്നു നേരിടുന്നത്. ആകാംക്ഷയാലും ഭീതിയാലും ഭാവിയെക്കുറിച്ചുള്ള ചിന്തയാലും ആശങ്കാവഹമാണ് നമ്മുടെ ജീവിതങ്ങള്‍. എങ്കിലും ക്രൈസ്തവര്‍ പ്രത്യാശാപൂര്‍ണ്ണരാണ്. അവര്‍ സന്തോഷം കൈവിടുന്നില്ല. കാരണം യഥാര്‍ത്ഥമായ സന്തോഷം ഭൗമികമല്ല, മറിച്ച് അത് ജീവിതത്തെ നിറയ്ക്കുന്ന ആഴമുള്ളതും സുസ്ഥിരവുമായ ആത്മീയദാനമാണ്... ദൈവികദാനമാണ്! തന്‍റെ കാരുണ്യത്തിലും സ്നേഹത്തിലും ക്ഷമയിലും ലാളിത്യത്തിലും ‘ദൈവം സമീപസ്ഥനാണെ’ന്ന ചിന്തയാണ് നമുക്ക് ജീവിതത്തില്‍ ആനന്ദം തരുന്നത്, തരേണ്ടത്. 

ആയിരങ്ങള്‍ അമ്മയെന്നു വിളിക്കുന്ന കന്യകാനാഥ  വിശ്വാസത്തെ ബലപ്പെടുത്താന്‍ നമ്മെ തുണയ്ക്കട്ടെ! കാരണം നമ്മുടെ മദ്ധ്യേ വസിക്കാന്‍ വെമ്പല്‍കൊള്ളുന്ന സന്തോഷത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൈവത്തെ ഈ ആഗമനകാലത്തിലൂടെ നാം കാത്തിരിക്കുകയാണ്. പിന്നെ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത് കരയുന്നവരുടെ കണ്ണീരൊപ്പുവാനും, വിലപിക്കുന്നവരോടൊത്തു വിലപിക്കുവാനും, അവരുമായി ഒരു ചെറുപുഞ്ചിരി പങ്കുവയ്ക്കുവാനുമാണ്.

പ്രഭാഷണത്തിനുശേഷം, ജനങ്ങള്‍ക്കൊപ്പം പാപ്പാ തൃകാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു. ഏവര്‍ക്കും നല്ലൊരുനാളിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കായി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും... മന്ദസ്മിത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യംചെയ്തുകൊണ്ടും വേദിയില്‍നിന്നും പാപ്പാ പിന്‍വാങ്ങി.








All the contents on this site are copyrighted ©.