2015-12-11 14:08:00

ദൈവിക നീതി ദൈവികാരുണ്യത്തില്‍ അന്തര്‍ലീനം


     ദൈവത്തിന്‍റെ നീതി അവിടത്തെ കാരുണ്യത്തെ ഖണ്ഡിക്കുന്നില്ലെന്നു മാത്രമല്ല ആ കാരുണ്യത്തില്‍ അന്തര്‍ലീനമാണെന്ന് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനായ വൈദികന്‍ റനിയേരൊ കന്തലമേസ്സ.(RANIERO CANTALAMESSA)

     വത്തിക്കാനില്‍ ആഗമനകാല ധ്യാനപ്രഭാഷണപരമ്പരയില്‍ രണ്ടാമത്തേതായി ഈ വെള്ളിയാഴ്ച (11/12/15) നടത്തിയ പ്രസംഗത്തിലാണ്,OFM കപ്പൂച്ചിന്‍ സമൂഹാംഗമായ, അദ്ദേഹം ഇതു പറഞ്ഞത്.

     ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഭാഷണം.

     എന്നും തെറ്റുകളെ എതിര്‍ക്കുന്ന സഭ പലപ്പോഴും തെറ്റുകളെ കാര്‍ക്കശ്യത്തോടെ അപലപിച്ചിട്ടുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ, 1962 ഒക്ടോബര്‍ 11-ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ   ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍, അതായത് ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ ഇപ്പോള്‍ കാര്‍ക്കശ്യത്തിനു പകരം കരുണയെന്ന ഔഷധം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നതെന്ന വാക്യം ഉദ്ധരിച്ചു കൊണ്ട് ഫാദര്‍ കന്തലമേസ്സ, സഭ ഒരര്‍ത്ഥത്തില്‍ കരുണയുടെ ഈ ജൂബിലി വര്‍ഷത്തിലൂ‌ടെ, ഈ വാഗ്ദാനത്തോടുള്ള വിശ്വസ്ഥത ആഘോഷിക്കുകയാണെന്നു പറഞ്ഞു.

     ദൈവം കാരുണ്യവാനും ഒപ്പം നീതിമാനുമാണെന്ന സത്യം വിശദീകരിച്ച അദ്ദേഹം കാരുണ്യം പ്രവര്‍ത്തിച്ചുകൊണ്ടാണ് ദൈവം നീതി നടപ്പാക്കുന്നതെന്നു പറഞ്ഞു.

     രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സമാപനത്തിന്‍റെ അമ്പതാം വാര്‍ഷി കത്തിന്‍റെ വേളയാകയാല്‍ പ്രസ്തുത സൂനഹദോസിന്‍റെ മുഖ്യ പ്രമാണരേഖകളായ, തിരുസഭയെ അധികരിച്ചുള്ള  ലൂമെ‍ന്‍ ജെന്‍സിയും, ആരാധനക്രമത്തെ സംബന്ധിച്ച സാക്രൊ സാംക്തും കൊണ്‍ചീ ലിയും (SACROSANCTUM CONCILIUM), ദൈവവചനത്തെ അധികരിച്ചുള്ള ദേയി വെര്‍ബും (DEI VERBUM), ലോകത്തില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗൗതിയും ഏത്ത് സ്പേസ് (GAUDIUM ET SPES) എന്നിവയെ അവലംബമാക്കിയാണ് ഫാദര്‍ കന്തലമേസ്സ ഇത്തവണത്തെ ആഗമനകാല പ്രഭാഷണ പരമ്പര നടത്തുന്നത്.








All the contents on this site are copyrighted ©.