2015-12-10 19:59:00

ദൈവത്തിന്‍റെ കരുണ നേടണമെന്നും അതു പങ്കുവയ്ക്കണമെന്നും പാപ്പാ


മനുഷ്യന്‍ ദൈവിക കാരുണ്യത്തെ ആശ്ലേഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഇസ്രായേല്‍ ജനം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദൈവത്തിന്‍റെ മുന്നില്‍ അവര്‍ നിസ്സാരരുമായിരുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ അവരുടെ ബലഹീനതകളിലും വീഴ്ചകളിലും ഒരു കുഞ്ഞിനെ എന്നപോലെ ദൈവം അവരെ കൈപിടിച്ചുയര്‍ത്തി. അങ്ങനെ ദൈവം അവരെ സാന്ത്വനപ്പെടുത്തുകയും കാരുണ്യത്തില്‍ ആശ്ലേഷിക്കുകയും ചെയ്തെന്ന് ആദ്യവായനയില്‍ ഏശയാ പ്രവാചകന്‍ മൊഴിഞ്ഞ ദൈവത്തിന്‍റെ ആത്മഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (ഏശയ 41, 13-20).

മനുഷ്യന്‍റെ നിസ്സാരതയിലും ദൈവം സ്നേഹാര്‍ദ്രനാണ്. അവന്‍റെ താഴ്മയിലാണ് അവനെ ദൈവം സ്നേഹിക്കുന്നത്. ഇസ്രായേലിനോടു കര്‍ത്താവു പറഞ്ഞു, കൃമിയും ദുര്‍ബലനുമായ നിന്‍റെ വലതുകരം ഞാന്‍ പിടിച്ചിരിക്കുന്നു. അതിനാല്‍ നീ ഭയപ്പെടേണ്ട! ഞാന്‍ നിന്നെ സഹായിക്കും!!

മക്കളോടുള്ള അച്ഛനമ്മമാരുടെ വാത്സല്യം ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടി. കുഞ്ഞു വീണാലും തെറ്റുചെയ്താലും, സാരമില്ല, ഞാനുണ്ടല്ലോ...അങ്ങനെ മാതാപിതാക്കള്‍ അവരെ തിരുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുന്ന കരുണാര്‍ദ്രമായ സ്നേഹം ദൈവസ്നേഹത്തിന്‍റെ പ്രതീകമാണെന്ന് പാപ്പാ ഉദാഹരിച്ചു. പരിത്യാഗവും പ്രാശ്ചിത്തവും ചെയ്ത്, ജീവിച്ചു മടുത്ത വിശുദ്ധനോട് നിന്‍റെ പാപങ്ങള്‍ ഇനി എനിക്കു തരികയെന്ന് ദൈവം ആവശ്യപ്പെട്ട കഥയും ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണചിത്രം വരച്ചുകാട്ടുവാന്‍ പാപ്പാ ഉപയോഗിച്ചു.

നമ്മുടെ ബലീനതകളും കുറവുകളും മനസ്സിലാക്കുന്ന ദൈവമായ ക്രിസ്തു പറയുന്നു, അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍‍ എന്‍റെ പക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വാസിപ്പിക്കാം (മത്തായി 11, 11-15). അങ്ങനെ ദൈവത്തിന്‍റെ കരുണ സ്വീകരിച്ചിട്ടുള്ളവര്‍ അത് സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അനുദിന ജീവിത വ്യഗ്രതകളില്‍ വിറപൂണ്ട്, പേടിച്ചരണ്ടു നില്ക്കുമ്പോള്‍ മകനേ, മകളേ, ഭയപ്പെടേണ്ട! ഞാന്‍ നിന്‍റെ കൂടെയുണ്ടെന്നു ദൈവം ഉറപ്പുതരുന്നു. അങ്ങനെയുള്ള ദൈവത്തിന്‍റെ കാരുണ്യവും ക്ഷമയും സ്വീകരിക്കുന്ന നാം അത് സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്‍റെ പിതൃത്വത്തിലും അനന്തമായ അവിടുത്തെ കാരുണ്യത്തിലും സ്നേഹത്തിലും വിശ്വസിക്കുന്ന നാം ജീവിതപരിസരങ്ങളില്‍ സഹോദരങ്ങളോടുള്ള പ്രതികരണത്തിലും അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹം പ്രകടമാക്കുവാനും പങ്കുവയ്ക്കുവാനും കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭാഭരണത്തിന്‍റെ നവീകരണ പദ്ധതിക്കായി രൂപീകൃതമായിട്ടുള്ള ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘം (C9) പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.








All the contents on this site are copyrighted ©.