2015-12-09 16:38:00

മറിയം കാരുണ്യത്തിന്‍റെ കവാടം അത്യപൂര്‍വ്വചിത്രണം വത്തിക്കാനില്‍


ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്ത കാരുണ്യത്തിന്‍റെ ജൂബിലിയുടെ വേദിക്ക് പ്രത്യേക അലങ്കാരമായത് പോളണ്ടില്‍നിന്നും എത്തിച്ച കന്യകാനാഥയുടെ  മനോഹരമായ ‘കാരുണ്യത്തിന്‍റെ കവാടം’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഗ്രീക്ക് ഉക്രേനിയന്‍ (Greek-Catholic Ukrainian) സഭയുടെ വകയായ പൗരസ്ത്യ വര്‍ണ്ണച്ചിത്രണമായിരുന്നു.

തെക്കു കിഴക്കന്‍ പോളണ്ടിലെ ചെറുനഗരമായ യാരൊസ്ലാവിലെ പുരാതന ദേവാലയത്തില്‍ സംരക്ഷിച്ചിട്ടുള്ള ഈ വര്‍ണ്ണച്ചിത്രം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് അവിടത്തെ ബൈസാന്‍റൈന്‍ കാത്തലിക് സഭയും പോളിഷ് അധികൃതരും താല്പര്യമെടുത്ത് സുരക്ഷിതമായി വത്തിക്കാനില്‍ എത്തിച്ചത്.

വര്‍ണ്ണക്കൂട്ടിലും ചിത്രസംയോജനത്തിലും പാശ്ചാത്യ-പൗരസ്ത്യ ശൈലികളുടെ സങ്കരമായ അമ്മയും മകനുമുള്ള ഈ ചിത്രണം  (Icon) 17-ാം നൂറ്റാണ്ടില്‍ തീര്‍ത്തിട്ടുള്ളതാണെന്ന് പോളിഷ് പുരാവസ്തുഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബൈസന്‍റൈന്‍ സഭയുടെ തപസ്സുകാലത്തെ യാമപ്രാര്‍ത്ഥനയിലുള്ള മരിയന്‍ സ്തുതിപ്പില്‍ മാത്രമാണ് കന്യകാനാഥയെ ‘കാരുണ്യത്തിന്‍റെ കവാടം’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ദൈവത്തിന്‍റെ അമ്മേ, അങ്ങേ കാരുണ്യകവാടം എനിക്കായ് തുറക്കണമേ, എന്നാണ് പ്രാര്‍ത്ഥന (Byzantine Lenten liturgical text, "Open the Doors of thy Mercy for me, O Mother of God"). പോളണ്ടിലെ ജനങ്ങള്‍ യാരുസ്ലാവിലെ കന്യകാനാഥയുടെ ചിത്രത്തെ അത്ഭുതമൂറുന്ന കാരുണ്യക്കതിരായി വണങ്ങിവരുന്നു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1996-ല്‍ പോളണ്ട് സന്ദര്‍ശിക്കവെ യാരുസ്ലാവില്‍പ്പോയി കന്യകാനാഥയുടെ തിരുന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയും കിരീടം ചാര്‍ത്തുകയും ചെയ്തിട്ടുള്ളത് ചരിത്രമാണ്.

അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ ആയിരുന്ന കാലത്ത് തന്‍റെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഉക്രേനിയന്‍ വൈദികനും പിന്നീട് മെത്രനുമായിത്തീര്‍ന്ന സ്റ്റീഫന്‍ ചിമിലിന്‍റെ മുറിയില്‍ ഇതേ ചിത്രണത്തിന്‍റെ പകര്‍പ്പ് കണ്ടിട്ടുള്ളത് പാപ്പാ ബര്‍ഗോളിയോയ്ക്ക് ഓര്‍മ്മയാണ്.

കാരുണ്യത്തിന്‍റെ കവാടമായ കന്യകാനാഥയുടെ അസ്സല്‍ ചിത്രണം പോളണ്ടിലെ യാരുസ്ലാവില്‍ ഉള്ളതായി പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചത് പേപ്പല്‍ വസതിയുടെ ആത്മീയഗുരുവും പ്രബോധകനുമായ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍, റനിയേരോ കന്തലമേസയാണ്. അത് ജൂബിലിയുടെ ആരംഭത്തില്‍ കിട്ടിയെങ്കില്‍ നന്നായിരുന്നുവെന്ന ആഗ്രഹം പാപ്പാ അദ്ദേഹത്തോടാണ് ആദ്യം പ്രകടമാക്കിയതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഡിസംബര്‍ 9-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ ന‌ടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന് ആമുഖമായി കന്യകാനാഥയുടെ ചിത്രണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. പ്രഭവസ്ഥാനത്തേയ്ക്ക് ചിത്രണം ഉടനെ തിരിച്ചു സഞ്ചരിക്കുമെന്നതും വത്തിക്കാന്‍ വാര്‍ത്തയാണ്.








All the contents on this site are copyrighted ©.