2015-12-08 17:53:00

മനസ്സുകളെ രൂപാന്തരപ്പെടുത്തുന്ന കൃപയുടെ പൂര്‍ണ്ണിമ : ജൂബിലിവര്‍ഷത്തിന് തുടക്കമായി


കാരുണ്യത്തിന്‍റെ ജൂബിലിയുടെ വിശുദ്ധകവാടം തുറക്കുന്നതിന്‍റെ സന്തോഷം നിര്‍വൃതിയിലാണു നാം, എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ക്ക് തുടക്കം കുറിച്ചത്.

ജൂബിലിയുടെ ഉത്ഘാടനം വളരെ ലളിതമായ ചടങ്ങാണ്. എന്നാല്‍ ഇന്നത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ അത് ഏറെ ഗഹനമായ അര്‍ത്ഥ വ്യാപ്തിയിലേയ്ക്ക് നമ്മെ നയിക്കുന്നു. ദൈവവചനം പ്രകാശിപ്പിക്കുന്ന കൃപയുടെ പ്രാഥമ്യമാണ്, അല്ലെങ്കില്‍ പ്രാധാന്യമാണ് ഇവിടെ കാണുന്നത്. തന്നില്‍ ചുരുളഴിയുവാന്‍ പോകുന്ന ദൈവികരഹസ്യം ഓര്‍ത്ത് സ്തബ്ധയായ നസ്രത്തിലെ യുവതിക്ക് ഗബ്രിയേല്‍ ദൂതന്‍ നല്കിയ കൃപനിറഞ്ഞവളേ സ്വസ്തി! അഭിവാദ്യത്തിന്‍റെ വചനം ഇന്ന് നമ്മെയും ധ്യാനനിമഗ്നരാക്കുന്നു (ലൂക്കാ 1, 28).

ദൈവം തന്നില്‍ നിറവേറ്റുവാന്‍പോകുന്ന കാര്യങ്ങള്‍ മറിയത്തെ സന്തോഷവതിയാക്കി. രക്ഷകന്‍റെ അമ്മയാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചത് ദൈവകൃയാലാണെന്ന് അവള്‍ക്കു ബോധ്യമായി. ദൈവദൂതന്‍ തന്‍റെ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍ ഗഹനവും അഗ്രാഹ്യവുമായിരുന്ന ദിവ്യരഹസ്യങ്ങള്‍ അവളില്‍ സന്തോഷമുണര്‍ത്തി, അവളുടെ വിശ്വാസം വളര്‍ത്തി, പിന്നെ ദൈവം അവള്‍ക്കായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്കായി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനുള്ള ആത്മധൈര്യവും അവള്‍ക്കു ലഭ്യമായി. കൃപയുടെ പൂര്‍ണ്ണിമ മനുഷ്യമനസ്സുകളെ രൂപാന്തരപ്പെടുത്തും. അത് മനുഷ്യചരിത്രത്തിന്‍റെ ഗതിവിഗതികളെ മാറ്റിമറിക്കും.

ദൈവസ്നേഹത്തിന്‍റെ മഹത്വവും മനോഹാരിതയുമാണ് അമലോത്ഭവ മഹോത്സവം പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുക മാത്രമല്ല, ഈ ഭൂമിയില്‍ ജാതനാകുന്ന ഓരോ മനുഷ്യനിലുമുള്ള ഉത്ഭവപാപക്കറ മറിയത്തിലൂടെ അവിടുന്ന് ഇല്ലാതാക്കുന്നു. ദൈവം മുന്‍കൂറായി നലക്കുന്ന അവിടുത്തെ രക്ഷണീയ സ്നേഹമാണിത്. ഏദന്‍ തോട്ടത്തില്‍ ഉത്ഭവിച്ച ആദ്യപാപത്തിന്‍റെ കഥ ദൈവത്തിന്‍റെ രക്ഷണീയ സ്നേഹം വിവരിക്കുന്നതാണ്. ദൈവഹിതം തള്ളിക്കളഞ്ഞ്, പാപത്തിന്‍റെ ദൗര്‍ബല്യത്തിനും അനുസരണക്കേടിനും ധിക്കാരത്തിനും അനുസ്യൂതം കീഴ്പ്പെടുന്ന മനുഷ്യന്‍റെ ജീവിതാനുഭവമാണ് ഉല്‍പത്തിപ്പുസ്തകം വരച്ചുകാട്ടുന്നത്. ഇതാണ് ദൈവജനത്തിന്‍റെ ജീവിതത്തെ കീഴ്പ്പെടുത്തുന്നതും ദൈവികപദ്ധതിക്ക് വിരുദ്ധമായി നില്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമായ പാപമാകുന്ന ശത്രു!

പാപത്തിന്‍റെ ചരിത്രം മനുഷ്യര്‍ മനസ്സിലാക്കണമെങ്കില്‍ നാം ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും അറിഞ്ഞിരിക്കണം. പാപം മാത്രമാണ് എല്ലാമെന്നു ചിന്തിച്ചാല്‍ നാം സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരായി മാറും. എന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട ക്രിസ്തുവിന്‍റെ സ്നേഹം എല്ലാവരിലും പിതാവിന്‍റെ കാരുണ്യം ചുരുളഴിയിക്കുന്നു. നാം ശ്രവിച്ച വചനം ഈ പ്രത്യാശയാണ് നമുക്കു നല്കുന്നത്. അതുപോലെ ചരിത്രത്തില്‍ ഈ ദൈവിക വാഗ്ദാനത്തിന്‍റെയും പൂര്‍ത്തീകരണത്തിന്‍റെയും സാക്ഷ്യമാണ് അമലോത്ഭവയായ കന്യാകാമറിയം.

അനിതരസാധാരണമായ ഈ വിശുദ്ധവത്സരം മനുഷ്യര്‍ക്ക് കൃപയുടെ ദാനമാണ്. ജൂബിലികവാടം പ്രതിനിധാനംചെയ്യുന്നത് മനുഷ്യര്‍ക്കായി തുറക്കപ്പെടുന്നതും നമ്മെ തേടിയെത്തുന്നതുമായ ദൈവത്തിന്‍റെ അനന്തമായ കാരുണ്യാതിരേകമാണ്. ദൈവികകാരുണ്യത്തില്‍ കൂടുതല്‍ നാം ബോധ്യപ്പെടുന്നതും വളരുന്നതുമായ വര്‍ഷമാവട്ടെ ജൂബിലിവര്‍ഷം. 

ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തെയും കാരുണ്യത്തെയുംകുറിച്ച് പറയുന്നതിനു മുന്‍പേ, ശിക്ഷിക്കപ്പെടുന്ന പാപത്തെയും അതിന്‍റെ ശിക്ഷാവിധിയെയുംകുറിച്ച് നാം സംസാരിക്കുന്നത് ദൈവത്തിനും അവിടുത്തെ കൃപയ്ക്കും എതിരായ പ്രവര്‍ത്തിയാണെന്ന് ഉദ്ബോധിപ്പിച്ചിട്ടുള്ളത് വിശുദ്ധ അഗസ്റ്റിനാണ് (De Praedestinatione Sanctorum, 12, 24). ഇത് സത്യമാണ്. കാരണം ശിക്ഷാവിധിക്കുമുന്‍പ് ദൈവത്തിന്‍റെ കരുണയുണ്ട്. എന്തു കാര്യത്തിനും ദൈവത്തിന്‍റെ വിധിയുണ്ടാകുന്നത് അവിടുത്തെ കാരുണ്യത്തിന്‍റെ വെളിച്ചത്തിലാണ്. കാരുണ്യത്തിന്‍റെ കവാടത്തിലൂടെ കടക്കുന്ന നാമോരോരുത്തരും സ്നേഹമാകുന്ന ദൈവത്തിന്‍റെ ദിവ്യരഹസ്യത്തിന്‍റെ ഭാഗമായി മാറും. ആകയാല്‍ ദൈവസ്നേഹത്തിന് പാത്രീഭൂതരായിട്ടുള്ള നമ്മുടെ ഭീതിയും ആശങ്കകളും അകറ്റി, സകലത്തിനെയും രൂപാന്തരപ്പെടുത്തുന്ന കൃപാസ്പര്‍ശത്തിന്‍റെ സന്തോഷം അനുഭവിക്കാന്‍ ശ്രമിക്കാം.

ഇന്ന് ജൂബിലികവാടം  തുറന്ന് നാം അതിലൂടെ പ്രവേശിക്കുമ്പോള്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിനായി തുറന്ന നവീകരണത്തിന്‍റെ കവാടം നമുക്ക് മറക്കാനാവില്ല. സഭയുടെ വിശ്വാസവളര്‍ച്ച പ്രകടമാക്കിയ കുറെ പ്രബോധനങ്ങളുടെ പൈതൃകം മാത്രമായി കൗണ്‍സിലിനെ അകറ്റി നിര്‍ത്തരുത്. സകലത്തിനും ഉപരിയായി കൗണ്‍സില്‍ ഒരു കൂട്ടായ്മയാണ്.

ആധുനികയുഗത്തിലെ മനുഷ്യരുമായി സഭ സംവദിച്ച യഥാര്‍ത്ഥമായ  കൂട്ടായ്മയായിരുന്നു അത്. നാളുകളായി സഭ നിപതിച്ചു മൂടിപ്പോയ വിശ്വാസചുഴികളില്‍നിന്ന് മോചിതയാകാന്‍ പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ ലഭിച്ച കാലികമായ നവീകരണത്തിന്‍റെ കൂട്ടായ്മയായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. അതുവഴി നവമായ ഉണര്‍വ്വോടെ പ്രേഷിതയാത്രയില്‍ സഭ മുന്നേറുവാനും ഇടയായി. നഗരങ്ങളിലും ഭവനങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും, ജനങ്ങള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ അവരെ കണ്ടുമുട്ടുവാനുള്ള പരിശ്രമത്തിന്‍റെ പുനരാവിഷ്ക്കാരമായി അത്. ജനങ്ങള്‍ ആയിരിക്കുന്നിടത്തെല്ലാം സുവിശേഷസന്തോഷം എത്തിക്കുവാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം അതേ ചൈതന്യത്തോടും ശക്തിയോടുംകൂടെ ഈ പ്രേഷിതദൗത്യം നാം ഏറ്റെടുക്കേണ്ടതാണ്.

കൗണ്‍സിലിന്‍റെ അന്ത്യത്തില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ആഹ്വാനംചെയ്ത നല്ലസമറിയക്കാരന്‍റെ അരൂപി, മനുഷ്യരെ അവരുടെ ജീവിതമേഖലകളിലും പ്രതിസന്ധികളിലും തേടിയിറങ്ങുന്ന അരൂപി ആര്‍ജ്ജിക്കാന്‍ ഇന്ന് കാരുണ്യത്തിന്‍റെ ജൂബിലി നമ്മെ ക്ഷണിക്കുകയും  വെല്ലുവിളിക്കുകയും ചെയ്യുന്നു. നല്ല സമറിയക്കാരന്‍റെ കാരുണ്യം നമ്മുടേതാക്കുവാനു ആര്‍ജ്ജവം ഇന്ന് വിശുദ്ധവത്സര പ്രവേശം നമുക്ക് നല്‍കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വചനപ്രഘോഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.