2015-11-28 14:07:00

വത്തിക്കാന്‍റെ പ്രതിനിധിസംഘം കോണ്‍സ്റ്റാന്‍റിനോപ്പിളില്‍


        കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സസഭയുടെ സ്വര്‍ഗ്ഗീയസംരക്ഷകനായ അപ്പസ്തോലന്‍ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ സിംഹാസാനത്തിന്‍റെ ഒരു പ്രതിനിധിസംഘം അവിടെ എത്തി.

     ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദി നാള്‍ കുര്‍ട്ട് കോഹിന്‍റെ (KURT KOCH) നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ പ്രസ്തുത സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെലും ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരിയും ഉള്‍പ്പെടുന്നു.

     നവമ്പര്‍ 30 നാണ് വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍.

     കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കാസ്ഥാനദേവാലയത്തില്‍, അതായത്, ഫനാ റില്‍ വിശുദ്ധ ജോര്‍ജ്ജിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഈ പ്രതിനിധി സംഘം പങ്കുകൊള്ളുകയും പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

     ഫ്രാന്‍സിസ് പാപ്പായുടെ ഒരു സന്ദേശം കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് പാത്രിയാ ര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന് കൈമാറി.

     അനുവര്‍ഷം ജൂണ്‍ 29 ന് ആചരിക്കപ്പെടുന്ന പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രീയാര്‍ക്കാ സ്ഥാനത്തിന്‍റെ പ്രതിനിധിസംഘം വത്തിക്കാനിലും എത്താറുണ്ട്. 








All the contents on this site are copyrighted ©.