2015-11-26 19:14:00

മാതൃസന്നിധിയിലെ പ്രാര്‍ത്ഥനയും അഗതികളുമായുള്ള കൂടിക്കാഴ്ചയും


ആഫ്രിക്ക അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് മാതൃസന്നിധിയില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

കെനിയയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ നവംബര്‍ 25-ാം തിയതി ബുധനാഴ്ച രാവിലെ വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ വാര്‍ത്താസമ്മേളനത്തിന് ആമുഖമായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച സായാഹ്നത്തില്‍, അതായത് ആഫ്രിക്കയാത്രയുടെ തലേനാള്‍ വൈകുന്നേരം  (നവംബര്‍ 24 ചൊവ്വ) റോമിലെ മേരി മെയ്ജര്‍ ബസിലിക്കയിലെ ദൈവമാതൃസന്നിധിയില്‍ (Salus Populi Romani) വളരെ രഹസ്യമായി പാപ്പാ പ്രാര്‍ത്ഥിച്ചെന്ന് വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.  

കൂടാതെ നവംബര്‍ 29-ാം തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതിയില്‍നിന്നും യാത്രപുറപ്പെടുന്നതിനു മുന്‍പ്, മനുഷ്യക്കടത്തിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരകളായ 11 സ്ത്രീകളെയും, അവരുടെ 6 കുട്ടികളെയും പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍വച്ച് കണ്ട്, അവരെ പാപ്പാ സമാശ്വാസിപ്പിക്കുകയുണ്ടാണ് വത്തിക്കാനില്‍നിന്നും പാപ്പാ യാത്രയായതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. റോമിലെ അഗതിമന്ദിരത്തില്‍ അവര്‍ തല്‍ക്കാലം സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും, അവരില്‍ നൈജീരിയക്കാരും, ഉക്രെയിനികളും, റൊമേനിയക്കാരും പിന്നെ ഇറ്റലിക്കാരും ഉണ്ടായിരുന്നെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് വിമാനത്തിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ 74 മാധ്യമപ്രവര്‍ത്തകരെയും അഭിവാദ്യംചെയ്തു. അതില്‍ നാലുപേര്‍ കെനിയക്കാരായിരുന്നു.  കെനിയയിലെയും, ഉഗാണ്ടയിലെയും, സെട്രല്‍ അഫ്രിക്കന്‍ റിപ്പബ്ലിക്കിലെയും സഹോദരങ്ങളുടെ പക്കലേയ്ക്ക് യാത്രയാകുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് പാപ്പാ പറഞ്ഞു. തന്‍റെ പ്രേഷിതയാത്രയില്‍ പങ്കുചേരുകയും അതിന്‍റെ വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുവാന്‍ ഒത്തുകൂടിയതിലുമുള്ള ചാരിതാര്‍ത്ഥ്യവും സന്തോഷവും പാപ്പാ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

പിന്നെ എല്ലാവര്‍ക്കും നല്ലൊരു യാത്ര ആശംസിച്ച പാപ്പാ, ആഫ്രിക്കയിലെ കൊതുകുകടി കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുള്ള താക്കീതോടെ, പുഞ്ചിരിച്ചുകൊണ്ടാണ് തന്‍റെ ക്യാബിനിലേയ്ക്ക് പിന്‍വാങ്ങിയത്.








All the contents on this site are copyrighted ©.