2015-11-21 10:48:00

പാപ്പാ ഉക്രയിന്‍റെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


     സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന ഉക്രയിനിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്ന പ്രത്യാശ മാര്‍പ്പാപ്പായും അന്നാടിന്‍റെ പ്രസിഡന്‍റും പ്രകടിപ്പിക്കുന്നു.

     വെള്ളിയാഴ്ച (20/11/15) വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും ഉക്രയിന്‍റെ ഫ്രസിഡന്‍റ് പേത്രൊ പൊറൊഷെന്‍കൊയും തമ്മില്‍ നടന്ന കൂടിക്കാഴ്ചാവേളയിലാണ് ഇരു വരും ഈ പ്രത്യാശ പ്രകടിപ്പിച്ചത്.

     ഉക്രയിനെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അന്നാടിന്‍റെയും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ നാടുകളുടെയും തലവന്മാര്‍ ഇക്കൊല്ലം ഫെബ്രുവരി 11 ന് ഒപ്പുവച്ച മിന്‍സ്ക് ഉടമ്പടിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരത്തിനായും ഏവരും പരിശ്രമിക്കുമെന്ന പ്രതീക്ഷയും ഈ കൂടിക്കാഴ്ചാവേളയില്‍ ഉയര്‍ന്നു.

     ഉക്രയിനില്‍ നിലവിവുള്ള മാനവികമായ അടിയന്തരപ്രശ്നങ്ങളെ നേരിടുന്നതി നുള്ള ബുദ്ധിമുട്ടുകളും അതോടൊപ്പം തന്നെ പ്രാദേശിക കത്തോലിക്കാസഭ അന്നാടിന്‍റെ സാമൂഹ്യജീവിതത്തിനേകുന്ന സംഭാവനകളും ചര്‍ച്ചാവിഷയങ്ങളായി.

     പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം ഫ്രസിഡന്‍റ് പേത്രൊ പൊറൊഷെന്‍കൊ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ വിധേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമായി സംഭാഷണത്തിലേര്‍പ്പെട്ടു. 








All the contents on this site are copyrighted ©.