2015-11-17 09:22:00

പാരീസ് ഭീകരാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


നവംബര്‍ 13-ാം തിയതി വെള്ളിയാഴ്ച രാത്രി പാരീസ് നഗരത്തില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലുള്ള അതിയായ ദുഃഖം ഞായറാഴ്ച ത്രികാലപ്രര്‍ത്ഥനാ പ്രഭാഷണത്തില്‍ പാപ്പാ രേഖപ്പെടുത്തി. പാപ്പായെ ശ്രവിക്കാന്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിയ നാല്പതിനായിരത്തോളം വരുന്ന ജനാവലിയുണ്ടായിരുന്നതായി വത്തിക്കാന്‍ വൃത്തങ്ങല്‍ രേഖപ്പെടുത്തി.

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ്, ഫ്രാന്‍സ്വാ ഒളാണ്ടിനും ഓരോ പൗന്മാര്‍ക്കും സാഹോദര്യത്തോടും വേദനയോടുംകൂടെ പാപ്പാ ആദ്യം അനുശോചനം അറിയിച്ചു. മുറിപ്പെട്ടവരുടെയും മരണമടഞ്ഞവരുടെയും കുടുംബാംഗങ്ങള്‍ക്ക് തന്‍റെ സാന്ത്വന സാമീപ്യമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. 

ഈ മൃഗീയത നമ്മെ അമ്പരിപ്പിക്കുന്നതാണ്. മനുഷ്യര്‍ക്ക് എങ്ങനെ ഇത്തരം ക്രൂരത കാട്ടാമെന്നതില്‍ ആശ്ചര്യപ്പെടുന്നു. ഈ മതഭ്രാന്ത് ഫ്രാന്‍സിനെ മാത്രമല്ല ലോകത്തെ മുഴുവന്‍ നടുക്കുന്നതും, വേദനിപ്പിക്കുന്നതുമാണ്. മനുഷ്യാന്തസ്സിന് ഇണങ്ങാത്തതും അക്ഷന്തവ്യവുമായ ഈ പ്രവര്‍ത്തിയെ അപലപിക്കാതിരിക്കാനാവില്ല. മനുഷ്യകുലത്തിന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഒരിക്കലും അതിക്രമങ്ങള്‍ക്കോ വിദ്വേഷത്തിനോ ആവില്ലെന്നും, പിന്നെ അതിനെ ന്യായീകരിക്കാന്‍ ദൈവനാമം ഉച്ചരിക്കുന്നത് ദൈവദൂഷണമാണെന്നും പാപ്പാ പ്രസ്താവിച്ചു!
 

നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. ഈ ദുരന്തത്തില്‍ കൊല്ലപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന നിര്‍ദ്ദോഷികളെ ദൈവത്തിന്‍റെ കാരുണ്യത്തിനായി നമുക്ക് സമര്‍പ്പിക്കാമെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. മനുഷ്യഹൃദയങ്ങളില്‍ അറിവിന്‍റെയും കൃപയുടെയും വെളിച്ചം വീശുന്നതിന് കാരുണ്യത്തിന്‍റെ അമ്മയായ കന്യകാനാഥ നമ്മെ പ്രചോദിപ്പിക്കട്ടെ! ഫ്രാന്‍സ് രാജ്യത്തെയും, യൂറോപ്പിനെയും, മാത്രമല്ല ഈ ലോകംമുഴുവനെയും കാത്തുപാലിക്കണമേ, എന്ന് ദിവ്യനാഥയോടു നമുക്കു പ്രാര്‍ത്ഥിക്കാം. മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് നമ്മുക്ക് അമ്മയുടെ സഹായംതേടാം എന്നു പ്രസ്താവിച്ച പാപ്പാ, ഒരുനിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ജനങ്ങള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലി, പ്രാര്‍ത്ഥിച്ചു.
 








All the contents on this site are copyrighted ©.