2015-11-14 13:09:00

നിത്യവിധിയെക്കുറിച്ചുള്ള ജാഗ്രതയും നന്മയ്ക്കായുള്ള ജീവിതവ്യഗ്രതയും


വിശുദ്ധ മര്‍ക്കോസ് 13, 24-32  മനുഷ്യപുത്രന്‍റെ ആഗമനം

പീഡനങ്ങള്‍ക്കുശേഷമുള്ള ആ ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല.  നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും. അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. അപ്പോലള്‍ അവിടുന്ന് ദൂതന്മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്‍റെ അതിര്‍ത്തികള്‍വരെ നാലുദിക്കുകളിലുംനിന്ന് അവന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അത്തിമരത്തില്‍നിന്നും പഠിക്കുവിന്‍. അതിന്‍റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവിടുന്ന് സമീപത്ത്, വാതില്‍ക എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍ എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല. എന്നാല്‍ ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.

നവംബര്‍ മാസത്തില്‍ പ്രത്യേകമായി പരേതരായ നമ്മുടെ ആത്മാക്കളെ അനുസ്മരിക്കുന്നു. മരണത്തെക്കുറിച്ച് ആരിലും ആകുലതകള്‍ ഉയര്‍ത്തുന്ന അവസരമാകാമിത്. അതുകൊണ്ടാണ് സകലവിശുദ്ധരുടെയും ആത്മക്കാരുടെയും ദിനങ്ങള്‍ എത്രയോ ഭവ്യമായിട്ടും ദിവ്യമായിട്ടുമാണ് കൊണ്ടാടുന്നത്!

മരണത്തെക്കുറിച്ച് ചിന്തയുണ്ടെങ്കില്‍ തീര്‍ച്ചയായും നാം മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമെല്ലാം ചിന്തിച്ചെന്നു വരാം. പാപ്പാ ഫ്രാന്‍സിസുമായി ബന്ധപ്പെട്ടൊരു സംഭവം ഓര്‍മ്മിച്ചു പോവുകയാണ്. തെക്കെ ഇറ്റലിയിലെ പോന്തിചേലി എന്ന സ്ഥലത്തെ ഇടവകവികാരിയാണ് ഫബ്രീസിയോ. പോന്തിചേലി നേപ്പിള്‍സ് നഗരത്തിന്‍റെ പ്രാന്തപ്രദേശമാണ്. വളരെ അപ്രധാനമായ ഈ സ്ഥലം ധാരാളം അനധികൃത കുടിയേറ്റക്കാരുടെ താവളവുമാണ്. ഫാദര്‍ ഫബ്രീസിയോ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. കാരണം പട്ടം കിട്ടിയിട്ട് നാലുവര്‍ഷമേ ആയിട്ടുള്ളൂ - 32 വയസ്സു പ്രായം! അജപാലനശുശ്രൂഷയില്‍ ഏറെ അര്‍പ്പിതനായ അദ്ദേഹം ജനപ്രിയനായതില്‍ ആശ്ചര്യപ്പെടാനില്ല.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഫാദര്‍ ഫബ്രീസിയോയ്ക്ക് പെട്ടന്നൊരു നെഞ്ചുവേദന വന്നു. ആദ്യം കാര്യമാക്കിയില്ല. പിന്നീട് ആശുപത്രിയില്‍ പോയി. ഒന്നൊന്നായി ടെസ്റ്റുകള്‍ നടന്നു. ഒന്നിനു പിറകെ മറ്റൊന്ന്. അവസാനം രോഗം കണ്ടുപിച്ചു. ഫബ്രീസിയോയച്ചന്‍റെ ഹൃദയത്തിനുള്ളില്‍ ഒരു ട്യൂമര്‍, മുഴ! അത് കരളിലേയ്ക്കു സ്പ്ലീനിലേയ്ക്കും മറ്റും പടര്‍ന്നുകഴിഞ്ഞിരുന്നു. അസഹ്യമായ വേദനയും....! ഒരു ദിവസം രാത്രിയുടെ വൈകിയയാമത്തില്‍ അനുഭവിച്ച തീവ്രമായ വേദനയ്ക്കിടയില്‍ ഫാദര്‍ ഫബ്രീസിയോ കിടക്കയില്‍ ചാരിയിരുന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന് വത്തിക്കാനിലേയ്ക്ക് ഒരു കത്തെഴുതി.

പ്രിയ പാപ്പാ, എന്‍റെ പേര് ഫബ്രീസിയോ. നേപ്പിള്‍സ് അതിരൂപതയിലെ വൈദികനാണ്....  പിന്നെ തന്‍റെ രോഗത്തെക്കുറിച്ചും അദ്ദേഹം പാപ്പായ്ക്കെഴുതി. എന്നിട്ട് വീണ്ടും കുറിച്ചു. എന്‍റെ വേദനയും രോഗവും ഞാന്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നു. അങ്ങേയ്ക്കുവേണ്ടിയും അങ്ങയുടെ വലിയ ശുശ്രൂഷയ്ക്കും, അങ്ങ് അതിനായി എടുക്കുന്ന ഏറെ വലിയ ത്യാഗങ്ങളോടുമൊപ്പം എന്നെത്തന്നെയും കാഴ്ചവയ്ക്കുന്നു. അങ്ങയുടെ പ്രാര്‍ത്ഥനയ്ക്കായി എന്നെ സമര്‍പ്പിക്കുന്നു. സ്നേഹത്തോടെ അങ്ങയുടെ വിനീതദാസന്‍, ഫാദര്‍ ഫബ്രീസിയോ....

പിറ്റേ ആഴ്ചയില്‍ ഫാദര്‍ ഫബ്രീസിയോ ഇടവകപ്പളളിയുടെ മേടയില്‍ മരണമടഞ്ഞു. ജനങ്ങളെല്ലാം വികാരിയച്ചന് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ ഒരുമിച്ചുകൂടി. അപ്പോഴേയ്ക്കും ഫാദര്‍ ഫബ്രീസിയോയുടെ കത്ത് പാപ്പായ്ക്ക് കിട്ടിക്കഴിഞ്ഞിരുന്നു.

ഈ ചെറിയ കത്തും, അതില്‍നിന്നും ഉയരുന്ന നിശ്ശ്ബ്ദമായ ധ്യാനവും മരണചിന്തകളും നമ്മെ ദൈവത്തിലേയ്ക്കും അതിലേറെ സഹോദരങ്ങളിലേയ്ക്കും അടുപ്പിക്കുമെന്നാണ് ഉദ്ബോധിപ്പിക്കുന്നത്.

ഇന്നത്തെ സുവിശേഷഭാഗം ക്രിസ്തുവിന്‍റെ രണ്ടാംവരവിനെക്കുറിച്ചാണ്. “ആ ദിവസങ്ങള്‍,” എന്ന പ്രയോഗം അവസാനനാളുകളെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഒരു സാധാരണ പഴയ നിയമ സൂക്തമാണ്. പ്രവാചകഗ്രന്ഥങ്ങളില്‍ അത് സമൃദ്ധമായി കാണാം. ജെറമിയ 3, 18-ല്‍ പ്രവാചകന്‍ പറയുന്നു, “ആ നാളുകളില്‍ യൂദയാകുടുംബം ഇസ്രായേല്‍ക്കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ച് വടക്കുനിന്നും പുറപ്പെട്ട്, നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്ത ദേശത്തു വരും.”  കര്‍ത്താവിന്‍റെ നാളില്‍ അസംഭവ്യമായത് സംഭവിക്കുമെന്നാണ് പ്രവാചകന്‍ സമര്‍ത്ഥിക്കുന്നത്. പാപത്തില്‍ നിപതിച്ച ലോകത്തിലേയ്ക്കാണ് ദൈവം കടന്നുവരുന്നത്. മനുഷ്യരെ വിധിക്കാനായി കടന്നുവരുമെന്നാണ് ഇന്നത്തെ വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്നാല്‍ ഒരുകാര്യം നിശ്ചയം നമ്മുടെ ഓരോരുത്തരുടെയും ലോകാന്ത്യം നമ്മുടെ മരണമാണെന്ന് ലോകാവസാനത്തെക്കുറിച്ച് വ്യഗ്രതപ്പെടാതെതന്നെ നമുക്ക് സ്ഥാപിക്കാവുന്നതാണ്.

ഫാദര്‍ ഫബ്രീസിയോ പാപ്പായ്ക്ക് എഴുതിയ കത്ത് നമ്മില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ കൂട്ടായ്മയുടെയും വികാരങ്ങള്‍, ചിന്തകള്‍ ഉയര്‍ത്തുന്നതായിരിക്കണം. അന്ത്യനാളുകളെക്കുറിച്ചും ജീവിതാന്ത്യത്തെക്കുറിച്ചം, ലോകാന്ത്യത്തെക്കുറിച്ചുതന്നെയുമുള്ള നമ്മുടെ ചിന്തകള്‍ ഇവിടെ ചിറകുവിരിക്കും. എന്നാല്‍, കരണീയമായിരിക്കുന്നത് ഒരുങ്ങിയിരിക്കുക, തയ്യാറായിരിക്കുക, ജാഗ്രതയുള്ളവരായിക്കുക എന്നാണ്.

റോമില്‍ ഏറെ അറിയപ്പെട്ട വിശുദ്ധ ഗ്വെനേലാ, ലൂയി ഗ്വനേലായുടെ ശതാബ്ദിസ്മരണകളുമായി ഗ്വേനേലിയന്‍ കുടുംബാംഗങ്ങള്‍ നവംബര്‍ 12-ാം തിയതി, വത്തിക്കാനില്‍ സമ്മേളിച്ചപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് അവരെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് വിശുദ്ധന്‍റെ സവിശേഷമായ മൂന്നു പുണ്യങ്ങളെക്കുറിച്ചു പറയുകയുണ്ടായി.

1. മാനുഷിക യുക്തിയെ വെല്ലുന്ന ദൈവപരിപാലനയില്‍ സമര്‍പ്പിക്കുന്ന വിശ്വാസം, അത് പാവങ്ങള്‍ക്കുള്ള ശുശ്രൂഷയായി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ് അദ്ദേഹം വിശുദ്ധിയിലേയ്ക്ക് ഉയര്‍ന്നത്. ദൈവം സ്നേഹമുള്ള പിതാവാണെന്നു മനുഷ്യരെ അറിയിക്കുന്നത് ജീവിതത്തില്‍ നാം സ്നേഹമുള്ള പ്രവൃത്തികള്‍ ചെയ്തുകൊണ്ട്, അത് മറ്റുള്ളവര്‍ക്ക് വിശിഷ്യാ പാവങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടുമാണ്. പാവങ്ങളും അംഗവൈകല്യമുള്ളവരും നിരാലംബരും വിശുദ്ധ ഗ്വിനേലയിലൂടെ അനുഭവിച്ച സാഹോദര്യത്തിന്‍റെയും സല്‍പ്രവൃത്തികളുടെയും നന്മകള്‍ അദ്ദേഹത്തിന്‍റെ വിശ്വാസത്തില്‍ ഉതിര്‍ക്കൊണ്ട ദൈവപരിപാലനയുടെ പ്രത്യക്ഷ അടയാളങ്ങളായിരുന്നെന്ന് പാപ്പാ പ്രസ്താവിച്ചു.  

2. അതുപോലെ സ്നേഹത്തില്‍ അധിഷ്ഠിതമായ ജാഗ്രതയും കരുതലും വിശുദ്ധ ഗ്വനേലാ പങ്കുവയ്ക്കുന്ന വിശുദ്ധിയുടെ രണ്ടാമത്തെ നറുമലരാണ്. അപരന്‍ അപരിചതനാണെങ്കിലും തുണതേടുന്നവനെങ്കില്‍ സഹോദരനായി സ്നേഹത്തില്‍ വീക്ഷിക്കുക. അവന്‍ എന്‍റെ സഹോദരനാണെങ്കില്‍ മുടന്തനോ, കുരുടനോ, ദരിദ്രനോ ആയിരുന്നാലും അവന്‍ എനിക്ക് ഭാരമല്ല. അവന്‍, അവള്‍ എന്‍റെ സ്വന്തമാണെന്ന ജാഗ്രതയും കരുതലും വളരുമെന്ന് നവയുഗപ്പുലരിയില്‍ ഇറ്റലിയില്‍ ജീവിച്ച പാവങ്ങളുടെ പ്രേഷിതനായ ഗ്വനേലാ പഠിപ്പിക്കുന്നതായി പാപ്പാ ചൂണ്ടിക്കാട്ടി. 

3. മൂന്നാമതായി, ജാഗ്രതയുള്ളപ്പോള്‍ പ്രവര്‍ത്തികളില്‍ വൈകാത്തതിരിക്കുന്നതും വിശുദ്ധിയുടെ അടയാളമായി ഗ്വനേലയുടെ ജീവിതത്തില്‍നിന്നും പാപ്പാ ചൂണ്ടിക്കാട്ടി.  തന്‍റെ ബന്ധുവായ എലിസബത്തിന് അങ്ങകലെ തന്‍റെ സഹായം ആവശ്യമുണ്ടെന്ന് വെളിപ്പെട്ടുകിട്ടിയ മറിയം, വൈകാതെ വേഗത്തില്‍, തിടുക്കത്തില്‍, തത്രപ്പെട്ട് അവിടേയ്ക്ക് പുറപ്പെട്ടുപോയി എന്ന സുവിശേഷമൂല്യവും ജീവിതാന്ത്യത്തെക്കുറിച്ച്, അന്ത്യവിധിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല.

പ്രിയ സഹോദരങ്ങളെ വിധി, അവസാനവിധി ഇവിടെ ഇപ്പോള്‍ത്തന്നെയാണ്. അത് ഈ ഭൂമിയില്‍ത്തന്നെയാണ്. നാം ജീവിക്കുന്ന ഭൂമിതന്നെ ദൈവസ്നേഹത്തെയും അതിന്‍റെ മനോഹാരിതയെയും വരച്ചുകാട്ടുമ്പോള്‍, സൃഷ്ടിയുടെ മകുടമായ മനുഷ്യനില്‍ ദൈവത്തിന്‍റെയും അവിടുത്തെ സ്നേഹത്തിന്‍റെയും പ്രതിച്ഛായ നമുക്ക് കാണിതിരിക്കുവാനാകുമോ? സഹോദരങ്ങളില്‍ ഊന്നിയ പരസ്നേഹത്തിന്‍റെ ജീവിതത്തിലൂടെ നമുക്ക് നിത്യവിധായാളന്‍റെ സന്നിധിയിലേയ്ക്ക് അനുദിനം നടന്നടുക്കാം.








All the contents on this site are copyrighted ©.