2015-11-14 16:22:00

അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ പ്രത്യാശയും പുരോഗതിയും പ്രദാനം ചെയ്യുന്ന ഈശോസഭാ അഭയാര്‍ത്ഥിസേവകസംഘം


പ്രധാനമായും അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സേവനത്തിലൂടെ ഈശോസഭയുടെ അഭയാര്‍ത്ഥിസേവകസംഘം അവര്‍ക്ക് പ്രത്യാശയും പുരോഗതിയും പ്രദാനം ചെയ്യുന്നുവെന്ന് അനുസ്മരിക്കുന്നു പാപ്പാ

ഈശോസഭയുടെ മുന്‍ സുപീരീയര്‍ ജനറലായിരുന്ന ഫാദര്‍ പേദ്രോ അരൂപെ സംരംഭംകുറിച്ച ഈ സേവനസംഘത്തിന്‍റെ 35-മതു വാര്‍ഷികത്തോടനുബന്ധിച്ചാണ് പാപ്പായുമായി ഇവര്‍ വത്തിക്കാനില്‍, ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്.  അഭയാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ സ്വയം അനുഭവിക്കേണ്ടിവന്ന ഫാദര്‍ അരൂപേ, തങ്ങളുടെ വിളിയോട് വിശ്വസ്തത പുലര്‍ത്തുവാന്‍ അഭയാര്‍ത്ഥി സേവനം അവഗണിക്കരുതെന്ന് മനസ്സിലാക്കുകയും, അഭയാര്‍ത്ഥികളുടെ മാനുഷികവും ആത്മീയവുമായ ആവശ്യങ്ങളില്‍ ഈശോസഭക്കാര്‍ സഹായകമാവണമെന്ന് ആഗ്രഹിക്കുകയും ചെയ്തുവെന്ന് പാപ്പാ സൂചിപ്പിച്ചു.

നിര്‍ബന്ധിത കു‍ടിയേറ്റം വര്‍ദ്ധിച്ചുവരുന്ന ഈയവസരത്തില്‍ 45 രാജ്യങ്ങളിലായുള്ള അഭയാര്‍ത്ഥിസേവന സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു പാപ്പാ.  അഭയാര്‍ത്ഥികളുടെ നിലനില്‍പിന് എന്നതിലുപരി, അവര്‍ നല്‍കുന്ന വിദ്യാഭ്യാസ സേവനം പ്രത്യാശയും ഭാവിപദ്ധതികളും ഉജ്ജ്വലമാക്കുന്നതിന് വളരെയധികം അവരുടെ ജീവിതത്തില്‍ പ്രയോജനപ്പെടുന്നുവെന്നും, പ്രത്യേകിച്ച് ഒരു കുട്ടിക്കു നല്‍കാവുന്ന ഉത്‌കൃഷ്‌ടമായ സമ്മാനമാണ് വിദ്യാഭ്യാസമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.