2015-11-13 17:20:00

വിശുദ്ധ കുര്‍ബാന ലോകത്തെ രൂപാന്തരപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ ടോപ്പൊ


വിശുദ്ധ കുര്‍ബാന ലോകത്തെ രൂപാന്തരപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ടോപ്പൊ അഭിപ്രായപ്പെട്ടു. മുബൈയില്‍ ഈ ദിവസങ്ങളില്‍ നടന്നുവരുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു, റാഞ്ചിയിലെ ആര്‍ച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ ടോപ്പൊ.

വിശുദ്ധ കുര്‍ബാനയെന്ന അടിസ്ഥാന ഘടകത്തിനുമാത്രെമെ മനുഷ്യനെയും ലോകത്തെയും പരിവര്‍ത്തനം ചെയ്യാന്‍ കഴിയൂവെന്നും നമ്മള്‍ പോഷിപ്പിക്കപ്പെടുന്നതുവഴി മറ്റുള്ളവരെ പരിപാലിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ക്രിസ്തുവിന്‍റെ കുരിശിലെ ബലിയെ കേന്ദ്രീകരിച്ചുകൊണ്ടാവണം വിശുദ്ധ ബലിപീഠത്തെ സമീപിക്കേണ്ടതെന്നും സമാധാന സ്ഥാപകരാകേണ്ടതെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിനാല്‍ പരിപോഷിതരായി മറ്റുള്ളവരെ പരിപോഷിപ്പിക്കുക എന്ന  മുഖ്യപ്രമേയത്തോടെയാണ്, നവംബര്‍ 12 മുതല്‍ 15 വരെ മുബൈയില്‍ ഈ കോണ്‍ഗ്രസ് നടക്കുന്നത്.

ജീവന്‍റെ അപ്പമാണ് ഞാന്‍ എന്നു പറയുന്ന കര്‍ത്താവായ ദൈവം തന്നെ നമുക്കു ഭക്ഷണമാകുന്നു, മാനസാന്തരപ്പെടുത്താനായി പരിവര്‍ത്തിതരാകുക, ഛിന്നഭിന്നമായവയില്‍നിന്ന് സമഗ്രതയിലേയ്ക്കു വളരുക, കുടുംബം സജീവമായ വി. കുര്‍ബാനയും സുവിശേഷവത്ക്കരണത്തിനുള്ള മുഖ്യ മാധ്യമവുമാണ്, വി.കുര്‍ബാന കരുണയുടെ ഉറവിടമാണ്, പരി. കന്യകാമറിയം വി.കുര്‍ബാനയുടെ അമ്മയാണ്, സ്വര്‍ഗ്ഗീയ കൂടാരമാണ് എന്നിവയെക്കുറിച്ചാണ് കര്‍ദ്ദിനാള്‍ തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കിയത്.

സന്ദേശാവസാനത്തില്‍, പകലും രാത്രിവൈകുംവരെയും ജോലിചെയ്യാന്‍ വി.കുര്‍ബാനയില്‍നിന്ന് ശക്തിയാര്‍ജ്ജിച്ചിരുന്ന അനുഗ്രഹീതയായ കല്‍ക്കട്ടയിലെ മദര്‍ തെരെസയെ അനുസ്മരിച്ചു. ദൈവരാജ്യത്തിലെ അക്ഷയമായ നിധിയാണ് വി. കുര്‍ബാനയെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. നീതിസമാധാനൈക്യ സന്ദേശ വാഹകരാകുവാന്‍ പരിശുദ്ധ കുര്‍ബാനയുടെ സാന്നിദ്ധ്യം നമ്മെ ഉത്തേജിപ്പിക്കുന്നതാകട്ടെ. ദൈവസ്നേഹം വയ്ക്കുന്നവരും ക്ഷമയും ആനന്ദവും ഉള്ളവയരാകാന്‍ ദൈവം നമ്മെയും നമ്മുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കട്ടെ.








All the contents on this site are copyrighted ©.