2015-11-11 19:13:00

മെത്രാന്‍സ്ഥാനം അധികാരമല്ല ശുശ്രൂഷാദൗത്യമാ‌ണ് : പാപ്പാ ഫ്രാന്‍സിസ്


മെത്രാന്‍സ്ഥാനം അധികാരമല്ല, ശുശ്രൂഷാദൗത്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ലോകത്തെ ‘മാതൃദേവാലയ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ സ്ഥാനപന ദിനാചരണമായിരുന്നു നവംബര്‍ 9-ാം തിയതി. തിങ്കളാഴ്ച. അന്ന് അവിടെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ റോമാരുപതയുടെ പുതിയ സഹായമെത്രാന്‍, ആഞ്ചലോ ദി ദൊനാത്തീസിനെ വാഴിച്ചുകൊണ്ടു നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മെത്രാന്‍സ്ഥാനം അധികാരമായി കാണുന്നവര്‍ ജനങ്ങളെ ഭരിക്കാന്‍ നോക്കുമെന്നും, എന്നാല്‍ അത് അജപാലനദൗത്യമായി സ്വീകരിക്കുന്നവര്‍ എളിമയോടെ ജനങ്ങളെ ശുശ്രൂഷിക്കുകയും അവര്‍ക്ക് ദൈവനാമത്തില്‍ നന്മചെയ്തുകൊണ്ടു മുന്നേറുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതംസാക്ഷൃംകൊണ്ട് ക്രിസ്തുവാകുന്നു നല്ലിടയന്‍റെ ജീവിതവിശുദ്ധി ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മെത്രാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതിരില്ലാത്ത ക്ഷമയോടും വാത്സല്യത്തോടുംകൂടെ സാധാരണക്കാരായ ജനങ്ങളുടെ തെറ്റുകള്‍ തിരുത്തി അവരെ പ്രബോധിപ്പിക്കുവാനും, ദൈവകൃപയിലേയ്ക്ക് അവരെ ആനയിക്കുവാനും അഭിഷേകംചെയ്യപ്പെട്ടവനാണ് മെത്രാനെന്നും, അഭിഷേകകര്‍മ്മത്തിന്‍റെ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

തന്‍റെ ചുറ്റുമുള്ള വൈദികഗണത്തോടു ചേര്‍ന്ന് ക്രിസ്തുവാകുന്നു പ്രധാനപുരോഹിതനെയാണ് ജനമദ്ധ്യത്തില്‍ ആവിഷ്ക്കരിക്കേണ്ടതും, സാക്ഷ്യപ്പെടുത്തേണ്ടതുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വാസസമൂഹത്തോട് സുവിശേഷം പ്രഘോഷിക്കുവാനും, അവര്‍ക്ക് കൂദാശകളിലൂടെ ദൈവികരഹസ്യങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുവാനുമുള്ള വലിയ ഉത്തരവാദിത്വപൂര്‍ണ്ണമായ ശുശ്രൂഷയാണ് മെത്രാന്‍ സ്ഥാനമെന്ന് പാപ്പാ വ്യാഖ്യാനിച്ചു.  








All the contents on this site are copyrighted ©.