2015-11-10 18:52:00

കുടിയേറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളും നാം കൈക്കൊള്ളേണ്ട സമീപനങ്ങളും


കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും 2016-ലെ ആഗോള ദിനത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം

  1. ആമുഖം - സകലരെയും ആശ്ലേഷിക്കുന്ന ദൈവസ്നേഹത്തിന്‍റെ സാകല്യസംസ്കൃതി

ദൈവപിതാവിന്‍റെ കരുണയില്‍ ദൃഷ്ടിപതിച്ചുകൊണ്ട് നാം അവിടുത്തെ സല്‍ചെയ്തികളുടെ അടയാളങ്ങളായി ജീവിക്കണമെന്ന് ‘കരുണാര്‍ദ്രമായ മുഖം’ (Misericordiae Vultus)  എന്ന ജൂബിലി വര്‍ഷത്തിന്‍റെ പ്രാരംഭ പ്രബോധനത്തിലൂടെ ഞാന്‍ ആഹ്വാനംചെയ്തിട്ടുള്ളതാണ്. ദൈവസ്നേഹം സകലരെയും ആശ്ലേഷിക്കുന്നതാണ്. പിതാവിന്‍റെ സ്നേഹാലിംഗനം ഏല്ക്കുന്നവര്‍ സകലരെയും ഉള്‍ക്കൊള്ളുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ആ പിതൃസ്നേഹത്തിന്‍റെ അടയാളങ്ങളായി മാറേണ്ടതാണ്. അങ്ങനെ എല്ലാവരും ദൈവമക്കളാണെന്നും മാനവ കുടുംബത്തിലെ അംഗങ്ങളാണെന്നുമുള്ള ബോദ്ധ്യം നമുക്കു ലഭിക്കുന്നു. ഇടയന്‍ ആടുകളോട് എന്നപോലെയാണ് ദൈവം മനുഷ്യരെ സ്നേഹിക്കുന്നത്. അതിലും ഏറെയായി മുറിപ്പെട്ടവരും രോഗബാധിതരും പരിക്ഷീണിതരും ഭയചകിതരും വഴിതെറ്റിയവരുമായവരുടെ ആവശ്യങ്ങളില്‍ അവിടുന്ന് പ്രത്യേകമായ ശ്രദ്ധവയ്ക്കുന്നു. ധാര്‍മ്മികവും ഭൗതികവുമായ ദാരിദ്ര്യത്തില്‍, അതെത്രത്തോളം ഗൗരവതരമാകുന്നുവോ അത്രത്തോളം ദൈവികകാരുണ്യം ശക്തമായി വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യകുലത്തെ തുണയ്ക്കുവാനാണ് ദൈവം ഭൂമിയിലേയ്ക്ക് താണിറങ്ങിയതെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

കുടിയേറ്റ പ്രതിഭാസം ഇന്ന് ലോക വ്യാപകമാണ്. നാടും വീടും വിട്ട് അഭയംതേടിയെത്തുന്നവര്‍ ഇന്ന് വ്യക്തികളെയും സമൂഹങ്ങളെയും, അവരുടെ പരമ്പരാഗത ജീവിതരീതികളെയും വെല്ലുവിളിക്കുക മാത്രമല്ല, അവരുടെ സമൂഹിക സാംസ്ക്കാരിക ചക്രവാളങ്ങളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. നല്ലൊരു ഭാവിയുടെ സ്വപ്നവുമായി ജന്മദേശം വിട്ട് കുടിയേറുന്ന പ്രക്രിയയില്‍ മനുഷ്യക്കടത്തിന്‍റെ ചൂഷണ വലയത്തില്‍പ്പെട്ട് തകര്‍ന്നുപോകുന്നവരും നിരവധിയാണ്. യാത്രയ്ക്കിടയിലെ ചൂഷണങ്ങളും പീഡനങ്ങളും അതിജീവിക്കുകയാണെങ്കില്‍ത്തന്നെ പിന്നെയും ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന സംശയവും ഭീതിയും അവരെ വേട്ടയാടുന്നു. അവസാനമായി പലപ്പോഴും, അവരുടെ അടിസ്ഥാന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും മാനിക്കാത്ത, സമഗ്രതയോ ആസൂത്രണമോ, വ്യക്തതയോ പ്രായോഗികതയോ ഇല്ലാത്ത ഹ്രസ്വ-ദീര്‍ഘകാല കുടിയേറ്റ നയങ്ങളാണ് അവര്‍ എവിടെയും അഭിമുഖീകരിക്കേണ്ടി വരുന്നത്.

2. പങ്കുവയ്ക്കേണ്ട സുവിശേഷകാരുണ്യം

മറ്റുള്ളവരുടെ യാതനകളോട് നിസംഗതയും അവജ്‍ഞയും കാണിക്കാതിരിക്കാന്‍ ഇന്ന് സുവിശേഷകാരുണ്യം നമ്മുടെ മനഃസാക്ഷിയെ പൂര്‍വ്വോപരി സ്പര്‍ശിക്കേണ്ടതുണ്ട്. മാത്രമല്ല ദൈവികപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികളാല്‍ കുടിയേറ്റ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പ്രതിവിധി കാണുവാനും അവയോടു ലാഘവ മനഃസ്ഥിതി കാണിക്കാതെ പ്രതികരിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ അത് നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നുമുണ്ട്.

ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് ‘കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും നമ്മുടെ മുന്നില്‍ വയ്ക്കുന്ന വെല്ലുവിളിയും, നാം അവരോടു കാണിക്കേണ്ട സുവിശേഷകാരുണ്യവും’ എന്ന വിഷയം സഭയുടെ 2016-ലെ ആഗോള കുടിയേറ്റദിനത്തിനായി ഞാന്‍ പ്രസിദ്ധപ്പെടുത്തുന്നത്. അഭയാര്‍ത്ഥി പ്രവാഹം ഇപ്പോള്‍ ഒരു സംഘടിത യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ കുടിയേറ്റത്തിന്‍റെ കാരണങ്ങളെയും, അതു സമൂഹത്തിലും ജനജീവിതത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിലൂടെ ഈ അടിയന്തിര ഘട്ടത്തെ തരണംചെയ്യുക എന്നതായിരിക്കണം നമ്മുടെ പ്രാഥമിക പരിഗണന. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ലക്ഷോപലക്ഷം സ്ത്രീ പുരുഷന്മാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെടുന്ന ദാരുണമായ പ്രതിസന്ധികളാണ് അന്തര്‍ദേശീയ സമൂഹം അനുദിനം അഭിമുഖീകരിക്കുന്നത്. കപ്പലപകടവും പട്ടിണിയും അക്രമങ്ങളും മൂലം കുടിയേറ്റക്കാരായ ആയിരങ്ങള്‍ ചുറ്റും മരിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മുടെ നിസംഗതയും നിശ്ശബ്ദതയും നിജസ്ഥിതിയെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ദുരന്തങ്ങള്‍ വലുതോ ചെറുതോ ആവട്ടെ, അതില്‍ ഒരു ജീവന്‍ നഷ്ടപ്പെടുന്നതുപോലും ദുരന്തം തന്നെയാണ്. എല്ലാവരുമായും തുല്യമായി പങ്കുവയ്ക്കപ്പെടേണ്ട ഭൂമിയുടെ ഉപായസാധ്യതകളുടെയും പ്രകൃതി വിഭവങ്ങളുടെയും നീതിരഹിതമായ വിതരണം, ചുറ്റുമുയരുന്ന ചൂഷണം, അഴിമതി, വിശപ്പ്, ദാരിദ്ര്യം എന്നിവയില്‍നിന്നും ഓടിയകന്ന്, മെച്ചപ്പെട്ടൊരു ജീവിതം അന്വേഷിക്കുന്ന നമ്മുടെ സഹോദരങ്ങളാണ് കുയിയേറ്റക്കാര്‍. അന്തസ്സുള്ളതും ഐശ്വര്യപൂര്‍ണ്ണവുമായൊരു ജീവിതം ഈ പ്രിയ സഹോദരങ്ങളുമായി നാം പങ്കുവയ്ക്കേണ്ടതല്ലേ?

3. ആഗോളീകൃതമാകുന്ന സാമൂഹ്യപരിണാമം

വിപുലമായ കുടിയേറ്റ നീക്കങ്ങളാല്‍ ശ്രദ്ധേയമായ ഈ ചരിത്രഘട്ടത്തില്‍ ഓരോരുത്തരുടെ നിലനില്പും വ്യക്തിത്വവും വലിയ പ്രശ്നം തന്നെയാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തങ്ങളുടെ വ്യതിരിക്തമായ സ്വഭാവ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും മാറ്റുവാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാണ്. അതുപോലെ അവരെ സ്വീകരിക്കുന്നവരും തങ്ങളുടെ ജീവിതപരിസരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പ്രേരിതരാകുന്നുണ്ട്. കുടിയേറ്റത്തെ സ്ഥായിയായ വികസനത്തിന് വിഘാതമായി കാണാതെ, നമ്മെ കൂടുതല്‍ മാനുഷിക മൂല്യങ്ങള്‍ ഉള്ളവരാക്കുവാനും, ദൈവവുമായും മനുഷ്യരുമായും, പിന്നെ ഈ പ്രപഞ്ചവുമായും നമ്മെ കൂടുതല്‍ സന്തുലിതമായ ബന്ധമുള്ളവരാക്കിക്കൊണ്ട്, മാനുഷികവും സാമൂഹികവും ആത്മീയവുമായ വികസനത്തിനുളള ഉപാധിയായി അതിനെ കാണുവാന്‍ നമുക്ക് കഴിയേണ്ടതല്ലേ?

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സാന്നിദ്ധ്യം അവരെ സ്വീകരിക്കുന്ന സമൂഹങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ശരിയായി മനസ്സിലാക്കിക്കൊടുക്കുകയും കൈകാര്യംചെയ്യുകയും ക്രമീകരിക്കുകയും ചെയ്തില്ലെങ്കില്‍ സമൂഹങ്ങള്‍ നവമായ ഈ പ്രതിഭാസത്തിന്‍റെ പ്രത്യാഘാതങ്ങളാല്‍ ഏറെ വിഷമിക്കേണ്ടി വരും. വിവേചനം, വംശീയവാദം, ദേശീയതീവ്രവാദം അല്ലെങ്കില്‍ ക്രൂരമായ വര്‍ഗ്ഗവിദ്വേഷം എന്നിവ മാറ്റിവച്ച് സമൂഹത്തില്‍ പരസ്പര സഹകരണത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും ക്രിയാത്മകമായ കാഴ്ചപ്പാട് സമൂഹങ്ങള്‍ വളര്‍ത്തേണ്ടതാണ്. പരദേശികളെ സ്വീകരിക്കണമെന്ന് വിശുദ്ധഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തിനായി തുറന്നുകൊടുക്കുകയും, ക്രിസ്തുവിനെ നാം സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്നും തിരുവചനം ഉദ്ബോധിപ്പിക്കുന്നു!

4. കരുണയാണ് കരണീയം

ഐകദാര്‍ഢ്യത്തിന്‍റേയും പങ്കുവയ്ക്കലിന്‍റേയും കൂട്ടായ്മയുടേയും ഉദ്വേഗവും ആഹ്ളാദവും ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള നിരവധി സ്ഥാപനങ്ങളും രൂപതകളും, സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് അനുഭവിക്കുന്നുണ്ട്. കാരണം, “ഇതാ, ഞാന്‍ വാതില്‍ക്കല്‍വന്നു മുട്ടുന്നു,” എന്ന ക്രിസ്തുവിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും (വെളിപാട് 3, 20),  ചില രാഷ്ട്രങ്ങള്‍ മാത്രമല്ല രൂപതകളും ഇടവകസമൂഹങ്ങളും നിലവിലുള്ള തങ്ങളുടെ പരമ്പരാഗത സന്തുലിതാവസ്ഥ കുടിയേറ്റക്കാര്‍ തകര്‍ക്കുമെന്ന ഭീതിയാല്‍ അവരെ സ്വീകരിക്കുന്നതു സംബന്ധിച്ച നയങ്ങളും പരിധിനിര്‍ണ്ണയങ്ങളും നടത്തുവാന്‍ ചര്‍ച്ചകളും, ആലോചനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ക്രിസ്തുവിന്‍റെ വചനവും മാതൃകയും പ്രചോദനമായെടുക്കുന്നതില്‍ സഭയ്ക്ക് എങ്ങനെ പരാജയപ്പെടാനാകും?

ഇതിനുള്ള മറുപടി കാരുണ്യത്തിന്‍റെ സുവിശേഷമാണ്. ആദ്യമായി കരുണയെന്നു പറയുന്നത് പുത്രനിലൂടെ വെളിവാക്കപ്പെട്ട പിതാവായ ദൈവത്തിന്‍റെ വരദാനമാണ്. ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ സാധിതമായ രക്ഷയുടെ ദിവ്യരഹസ്യം ദൈവിക കാരുണ്യത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്ന പ്രത്യാശയാല്‍ കൃതജ്ഞതയുടെ ആനന്ദം നമ്മില്‍ വിരിയിക്കുന്നു. പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ചൊരിയപ്പെട്ടിരിക്കുന്ന (റോമ. 5, 5) ഉല്‍കൃഷ്ടമായ ദൈവസ്നേഹത്തോടു നാം കാണിക്കേണ്ട ഒഴിച്ചുകൂടാനാവാത്ത പ്രതികരണവും പ്രതിനന്ദിയുമാണ് കാരുണ്യം. മറ്റുള്ളവരോടു നാം പ്രകടമാക്കേണ്ട ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും ഈ കാരുണ്യമാണ്. നാം ഓരോരുത്തരും നമ്മുടെ അയല്‍ക്കാരോട് കടപ്പെട്ടിരിക്കുന്നു, കാരണം എവിടെ ജീവിച്ചാലും അവനും അവളും നമ്മുടെ സഹോദരങ്ങളാണ്,

നാം അവരുടെ സൂക്ഷിപ്പുകാരുമാണ്. മറ്റുള്ളവരുമായി നല്ലബന്ധം പുലര്‍ത്തുവാനുമുള്ള ആഗ്രഹവും, പിന്നെ മുന്‍വിധിയും ഭീതിയും മറികടക്കുവാനുള്ള കഴിവും നല്കാന്‍ മാത്രമല്ല സ്വീകരിക്കുവാനും പഠിക്കുന്ന ഐകദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും സാകല്യസംസ്ക്കാരം വളര്‍ത്തുന്നതിനുള്ള അവശ്യഘടകങ്ങളും, അതിന്‍റെ അത്യാവശ്യ ചേരുവകളുമാണ്. ഒരേസമയം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ആതിഥ്യമര്യാദ വളരുന്നത്.

5. കുടുയേറുവാനും കുടിയേറാതിരിക്കുവാനുമുള്ള അവകാശം

താല്ക്കാലികമോ അല്ലെങ്കില്‍ സ്ഥിരമോ എന്നുള്ള കുടിയേറ്റക്കാരുടെ അവസ്ഥയെക്കാള്‍, അന്തസ്സു സംരക്ഷിക്കപ്പെടേണ്ട മനുഷ്യരാണ് അവരെന്നും, സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും പൊതുനന്മയ്ക്കുമായി അവരുടേതായ പങ്കുവഹിക്കുവാന്‍ കരുത്തുറ്റവരുമാണ് അവരെന്ന് അംഗീകരിക്കേണ്ടതാണ്. ആതിഥേയ രാഷ്ട്രത്തിന്‍റെ ആത്മീയവും ഭൗതികവുമായ പൈതൃകവും വസ്തുവകകളും നന്ദിയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുകയും ഉപയോഗിക്കുകയും, അതിന്‍റെ നിയമങ്ങള്‍ പാലിക്കുകയും, ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നതിലൂടെ കുടിയേറ്റക്കാര്‍ ഇതിന് അര്‍ഹരായിത്തീരും. കുടിയേറ്റത്തെ രാഷ്ട്രീയവും നിയമപരവുമായ പ്രശ്നമായോ, സാമ്പത്തിക പരാധീനതയായോ, ഒരു ഭൂപരിധിയില്‍ വന്നു സഹവര്‍ത്തിക്കുന്ന വ്യത്യസ്ത സംസ്ക്കാരങ്ങളായോ മാത്രം കാണാനാവില്ല. മനുഷ്യവ്യക്തിക്കു നല്കേണ്ട സംരക്ഷണവും, ഐകദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരവും, ജനതകളുടെ ഐക്യവും ഇത് യാഥാര്‍ത്ഥ്യമാക്കുകയും, മാനവകുലത്തെ മുഴുവന്‍ അങ്ങനെ രൂപാന്തരപ്പെടുത്തി നവീകരിക്കുകയും സുവിശേഷകാരുണ്യത്താല്‍ പ്രചോദിപ്പിക്കുയും ചെയ്യുന്നു.

കുടിയേറാതിരിക്കുവാനും തന്താങ്ങളുടെ ദേശത്തുതന്നെ അന്തസ്സോടെ അദ്ധ്വാനിച്ചു ജീവിക്കുവാനും, നാടിന്‍റെ പുരോഗതിക്കായി കഴിവതു ചെയ്യുന്നതിനും ഓരോരുത്തര്‍ക്കുമുള്ള അവകാശത്തെ സഭ പിന്‍തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പുറപ്പെട്ടുപോരുന്ന രാഷ്ട്രങ്ങളെ തുണയ്ക്കുന്ന മനോഭാവം പ്രഥമദൃഷ്ട്യാ രൂപപ്പെടുത്തേണ്ട പ്രക്രിയയാണ്. ഒറ്റയ്ക്കും കൂട്ടമായും തങ്ങളുടെ സ്വാഭാവികായ സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലം വിട്ടിറങ്ങുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന കുടിയേറ്റ പ്രതിഭാസത്തിന്‍റെ പ്രഭവസ്ഥാനങ്ങളിലെ അസന്തുലിതാവസ്ഥ ഇല്ലായ്മചെയ്യുവാന്‍ പരിശ്രമിക്കേണ്ടതാണ്.

6. കുടിയേറ്റത്തിലെ തിക്താനുഭവങ്ങള്‍

കുടിയേറ്റ പ്രക്രിയയെ തരംതാഴ്ത്തുന്ന തരത്തില്‍ അതിനെക്കുറിച്ച് ഉടലെടുക്കുന്ന അനാവശ്യ ഭീതിയും ഊഹാപോഹങ്ങളും ദുരീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായരൂപീകരണം നടത്തേണ്ടതാണ്. കെട്ടിടനിര്‍മ്മാണം, കൃഷി, മത്സ്യബന്ധനം, വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അടിമവേലയ്ക്കായി സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കുറ്റവാളി സംഘടനകളുടെ നവമായ അടിമത്വത്തിനു മുന്നില്‍ നിസംഗത നടിക്കുവാന്‍ ആര്‍ക്കുമാവില്ല. വിമതസൈന്യത്തിന്‍റെ പോര്‍നിരയില്‍ ചാവേറുകളാകാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ എത്രയോ പേരാണ്? അതുപോലെ എത്രയെത്ര പേരാണ് അവയവങ്ങളുടെ കള്ളക്കടത്തിനും, നിര്‍ബന്ധിത ഭിക്ഷാടനത്തിനും, ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നത്! ഇത്തരം ഹീനകൃത്യങ്ങളില്‍നിന്നും പലായനം ചെയ്യുവരാണ് ഇന്നത്തെ അഭയാര്‍ത്ഥികള്‍. അവരെ സ്വീകരിക്കുന്ന സഭയുടെയും സമൂഹത്തിന്‍റെയും തുറന്ന കരങ്ങളില്‍ സമാശ്വാസകനായ ദൈവത്തിന്‍റെയും കരുണാര്‍ദ്രനായ പിതാവിന്‍റെയും (2 കൊറി. 1, 13) മുഖം ദര്‍ശിക്കുവാന്‍ ഇടയാകേണ്ടതാണ്.

7. ഉപസംഹാരം

പ്രിയ സഹോദരങ്ങളേ! സുവിശേഷ കാരുണ്യത്തിന്‍റെ സത്തയില്‍ മറ്റുള്ളവരുമായുള്ള നിങ്ങളുടെ കൂടിക്കാഴ്ചയും ഒത്തുചേരലും ദൈവവുമായുള്ള കൂടിക്കാഴ്ചയും ഒത്തുചേരലുമായി ഇടകലര്‍ന്നു കിടക്കുകയാണ്. കാരണം സഹോദരങ്ങളെ സ്വീകരിക്കുന്നവര്‍ ദൈവത്തെത്തന്നെയാണ് സ്വീകരിക്കുന്നത്. അവരെ സ്വാഗതംചെയ്യുന്നവര്‍ ദൈവത്തെയാണ് വരവേല്ക്കുന്നത്! ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന പരിത്യക്തരിലും പരദേശികളിലും ഒളിഞ്ഞിരിക്കുന്ന ദൈവികകാരുണ്യത്തില്‍നിന്നും ഉതിരുന്ന ജീവന്‍റെ ആനന്ദവും പ്രത്യാശയും കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകരുത്, അതിന് അനുവദിക്കരുത്.

ഈജിപ്തിലേയ്ക്കുള്ള പലായനത്തിന്‍റെയും വിപ്രവാസത്തിന്‍റെയും തിക്തഫലങ്ങള്‍ അനുഭവിച്ചിട്ടുള്ള കന്യകാനാഥയെയും വിശുദ്ധ യൗസേപ്പിതാവിനെയും ലോകത്തുള്ള സകല കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഞാന്‍ സമര്‍പ്പിക്കുന്നു. അതുപോലെതന്നെ അവരുടെ സാമൂഹ്യ ശുശ്രൂഷയ്ക്കും സേവനത്തിനുമായി തങ്ങളുടെ കഴിവും സമയവും സാദ്ധ്യതകളും സമര്‍പ്പിക്കുന്ന സകലരെയും തിരുക്കുടുംബത്തിന്‍റെ സംരക്ഷണയ്ക്കു ഭരമേല്പിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും എന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുന്നു!

+ പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാനില്‍നിന്നും

Translated from the original text published by the Pontifical Council for Migrants and Itinerants by fr. william nellikal.








All the contents on this site are copyrighted ©.