2015-11-09 16:54:00

നൊബേല്‍ സമ്മാനജേതാക്കളെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു


ട്യൂണീഷ്യന്‍ നൊബേല്‍ സമ്മാനജേതാക്കളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

2015-ലെ നൊബേല്‍ സമ്മാന ജേതാക്കളായ നാലു ട്യൂണീഷ്യക്കാരുമായി വത്തിക്കാനിലെ പേപ്പല്‍ വസതി, സന്താമാര്‍ത്തിയിലെ ഓഫിസില്‍ നവംബര്‍ 7-ാം തിയതി ശനിയാഴ്ച വൈകുന്നേരമാണ് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.

ട്യുണീഷ്യയുടെ സാമൂഹ്യ-രാഷ്ട്രീയ ക്ഷേമത്തിനായും തൊഴിലാളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുന്ന മഹമ്മദ് മഫൂദ്, അബ്ദസ്സാര്‍ മൂസാ, വിദേദ് ബൗച്ചമീ, ഹൗസീന്‍ അബാസി എന്നിവരാണ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയ നൊബേല്‍ സമ്മാന ജേതാക്കള്‍. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ട്യൂണീഷ്യയുടെ രാഷ്ട്രീയ സുസ്ഥിതിക്കായി അംഹിംസാമാര്‍ഗ്ഗം കൈക്കൊണ്ട നാലു സാമൂഹ്യപ്രബുദ്ധരെയും സമാധന ശില്പികളെ’ന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ വിശേഷിപ്പിച്ചു.

പ്രസിദ്ധവും സമാധാനപൂര്‍ണ്ണവുമായ 2011-ലെ ‘മുല്ലവിപ്ലവ’ത്തില്‍ കരവും കരളും ഉപയോഗിച്ചുകൊണ്ടാണ് സ്വോച്ഛാഭരണകൂടത്തിനെതിരെ പോരാടിയാണ് ഈ ചതുര്‍സംഘം നാടിന് ജനായത്തഭരണം നേടിക്കൊടുത്തതെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്‍റെ പോരാളിയും ഭാരതത്തിന്‍റെ രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ ഛായാചിത്രം പാപ്പായ്ക്കു സമ്മാനിച്ച നൊബേല്‍ സമ്മാനജേതാക്കള്‍, തങ്ങളെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചതിന് നന്ദിപ്രകടിപ്പിക്കവെ, പാപ്പാ ഫ്രാന്‍സിസിനെ ‘സമാധാനത്തിന്‍റെ യഥാര്‍ത്ഥ മനുഷ്യനെ’ന്നും വിശേഷിപ്പിച്ചതായി വത്തിക്കാന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.