2015-11-07 20:10:00

ക്രിസ്തു പ്രബോധിപ്പിക്കുന്ന പങ്കുവയ്ക്കലിന്‍റെ ആത്മീയത


മര്‍ക്കോസ് 12, 38-44

ജരൂസലേം ദേവാലയത്തിനകത്ത് ക്രിസ്തു നടത്തുന്ന നീണ്ട പ്രഭാഷണത്തിന്‍റെയും സംഭാഷണത്തിന്‍റെയും അവസാന രംഗമാണ് ഇന്നത്തെ സുവിശേഷഭാഗം. രണ്ട് സംഭവങ്ങളാണ്

ഈ സുവിശേഷഭാഗത്തിന്‍റെ ഉള്ളടക്കം. ഒന്ന്, ജരൂസലേം ദേവാലയത്തിനകത്തുവച്ച് നിയമജ്ഞരെ കുറ്റപ്പെടുത്തിക്കൊണ്ട് ക്രിസ്തു സംസാരിക്കുന്നു. പന്നെ അവിടെത്തന്നെ ദരിദ്രയായൊരു വിധവയുടെ ജീവത മാതൃകയെ ശിഷ്യര്‍ക്ക് ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു.

നിയമജ്ഞരെക്കുറിച്ച് ക്രിസ്തു പറയുന്നത് രസകരമാണ്. അതായത് അവര്‍ നീണ്ട മേലങ്കി ധരിക്കുന്നു. പൊതുസ്ഥലങ്ങളി‍ല്‍വച്ച് അവര്‍ ജനങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിക്കുന്നു, അല്ലെങ്കില്‍ അതു പ്രതീക്ഷിക്കുന്നു. സിനഗോഗുകളില്‍ ഉന്നതപീഠം, പിന്നെ വിരുന്നുകളില്‍ പ്രമുഖസ്ഥാനം എന്നിങ്ങനെ! ഇതു നാം സൂക്ഷ്മമായി വായിച്ചാല്‍ ഇന്നത്തെ സമൂഹത്തില്‍ ഇത് പുരോഹിതര്‍ക്കും പുരോഹിത നേതൃത്വത്തിനും വളരെ അധികം ചേര്‍ന്നുപോകും എന്നതില്‍ സംശയമില്ല. ഒരു അക്രൈസ്തവന്‍ ഇതു കേട്ടാല്‍ പറയും. അയ്യോ, ഇതു നമ്മുടെ വൈദികരെക്കുറിച്ചാണല്ലോ, മെത്രാന്മാരെക്കുറിച്ചാണല്ലോ ഇപ്പറയുന്നതെല്ലോ ക്രിസ്തു പറയുന്നത് എന്ന് അവര്‍ വിചാരിക്കും. അത്രയ്ക്കു വലിയ താദാത്മ്യം ഇന്നത്തെ പുരോഹിതരും അന്നത്തെ ഫരീസേയരും തമ്മില്‍ ഉള്ളതായിട്ട് തോന്നും. ഇത് ബാഹ്യമായ കാര്യങ്ങളിലാണെങ്കില്‍, പിന്നെ ആന്തരികമായ കാര്യങ്ങളിലോ! അന്നത്തെ നിയമജ്ഞരുടെയും ഫരീസേയരുടെയും ആന്തരിക ഭാവമായിട്ട് ഈശോ സൂചിപ്പിക്കുന്നത് അവരുടെ സ്വാര്‍ത്ഥത തന്നെയാണ്. എല്ലാം വേണം, എല്ലാം വേണം. അതുതന്നെ ഒരു തരം തൂമ്പാമനസ്ഥിതി! എല്ലാം ഇങ്ങോട്ടു പോരട്ടെ, ഇങ്ങോട്ടു പോരട്ടെ, എന്നു പറയുന്ന് ഒരു മനോഭാവം. ഇന്ന് കേരളത്തില്‍ രൂപത, എന്ന പദം വ്യാഖ്യാനിച്ച് ജനങ്ങള്‍ പുരോഹതരായ നമ്മെ കളിയാക്കാറില്ലേ. രൂപ....താ...! എന്ന്. അങ്ങനെ എല്ലാം ഇങ്ങു പോരട്ടെ, എല്ലാം കിട്ടണം, കിട്ടണം എന്ന മനഃസ്ഥിതി ക്രിസ്തു ശിഷ്യന്മാരുടെ ഇടയില്‍ വന്നുകൂടിയതായി ആരോപിക്കപ്പെടുകയാണിന്ന്. എന്തിന് ദശാംശം എന്നു പറയുന്ന പഴയനിയമ സങ്കല്പത്തെ, ക്രിസ്തുപോലും തള്ളിപ്പറഞ്ഞിട്ടുള്ള പഴയനിയമ സങ്കല്പത്തെ ഇന്ന് പൊക്കിയെടുത്ത്, ദശാംശം എനിക്കും എന്‍റെകൂടെ നിലക്കുന്നവര്‍ക്കും പോരട്ടെ, പോരട്ടെ എന്നു പറയുന്നൊരു സംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നത്.

 

ഇതാ, ഞാന്‍ കഴിഞ്ഞയാഴ്ചയില്‍ പള്ളിയില്‍ കണ്ടതാ, അവിടെ പിരിവിനിറങ്ങുന്നത്, അച്ചന്മാരാ.... വികാരിയച്ചനു കൊച്ചച്ചനും. എന്തിന്? അവിടത്തെ കൈക്കാരന്മാരു പറയുന്നത്, വികാരിയച്ചനും കൊച്ചച്ചനും ഇറങ്ങിയാല്‍ തങ്ങള്‍ ഇറങ്ങുന്നതിലും പത്തിരട്ടി കാശു വീഴും എന്നാണ്. ദാ, പോരട്ടെ, പോരട്ടെ, എന്നുള്ള ഈ മനോഭാവം. ദാ, ഇതിന് എതിരായിട്ടാണ് ക്രിസ്തു തന്‍റെ സ്വരവും തന്‍റെ ജീവിതവും മാതൃകയും ഉയര്‍ത്തുന്നത്. ഇതിനെതിരായിട്ടാണ് ക്രിസ്തു ചാട്ടവാറുയര്‍ത്തിയത്.  

 

നീക്കോ, നീക്കോയ്ക്ക് പത്തുവയസ്സു പ്രായം! അവന് പത്തുവയസ്സായെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ചൊരു കുട്ടിയാണ്. അതുകൊണ്ടുതന്നെ എഴുതുവാനോ വായിക്കുവാനോ കഴിവില്ലായിരുന്നു. അര്‍ജന്‍റീനക്കരാനായ അവന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഒരു കത്തെഴുതി. പാപ്പാ അതിനു മറുപടിയും കൊടുത്തു. അവനായിട്ട് പാപ്പാ എഴുതിയ കത്തില്‍ അവസാനമായി എഴുതിയത്, മോനേ, നീ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുത്, എന്നായിരുന്നു. പാപ്പായുടെ പതിവുള്ള പ്രാര്‍ത്ഥയ്ക്കുള്ള പല്ലവിയായിരുന്നു. ഈ കത്തു കിട്ടയപ്പോള്‍, അവന്‍ പാപ്പായ്ക്ക് മറുപടി എഴുതി. അവന്‍റെ പേര് നിക്കൊളാസ് എന്നാണ്. പിന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ് നിക്കോ! പിതാവേ, അങ്ങു പറഞ്ഞില്ലേ, അങ്ങേയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്.

കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ചത്. ഈ വര്‍ഷം സ്ഥൈര്യലേപനം തരാമെന്നാണ് വികാരിയച്ചന്‍ പറഞ്ഞത്. ഞാന്‍ അതിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പിന്നെ അങ്ങ് എന്നോട് ആവശ്യപ്പെട്ടില്ലേ,... തീര്‍ച്ചയായും ഞാന്‍ അങ്ങേയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്. ഞാന്‍ അതു ചെയ്യുന്നുണ്ട്. അതിലും ഉപരിയായി ഞാന്‍ മറ്റൊരു കാര്യംകൂടി ചെയ്തിട്ടുണ്ട്. എനിക്ക് പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. എനിക്ക് എഴുതാന്‍പോലും സാധിക്കില്ല. എനിക്ക് സംസാരിക്കുവാനും സാദ്ധ്യമല്ല. എന്നാല്‍ എന്‍റെ കണ്‍മിഴികളുടെ ചലനം ശ്രദ്ധിച്ച് എനിക്കുവേണ്ടി, എന്‍റെ അമ്മയാണ്, മമ്മിയാണ് ഈ കത്ത് എഴുതുന്നത്. പിന്നെ എനിക്കൊരു കാവല്‍മാലാഖയുണ്ട് അവന്‍റെ പേര്, യൗസേബിയോ എന്നാണ്. അങ്ങ് എന്നോട് പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞ നാള്‍മുതല്‍, അങ്ങയുടെ കാര്യം പൂര്‍ണ്ണമായും ഞാന്‍ യൗസേബിയോയെ എല്പിച്ചിരിക്കുകയാണ്. അവന്‍ എന്‍റെ കാര്യം നോക്കുന്നുണ്ടല്ലോ, അതുപോലെ അങ്ങയുടെ കാര്യവും കൃത്യമായിട്ട് അവന്‍ നോക്കിക്കൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്.

 

ഒരു വിധത്തില്‍ സംസാരിച്ചാല്‍ ഈ ബുദ്ധിമാന്ദ്യം സംഭവിച്ച എന്നെ, സംസാരിക്കുവാനോ സാധിക്കാത്ത എന്നെ എഴുതുവാനും, വായിക്കുവാനും നടക്കുവാനും സാധിക്കാത്ത ഈ കൊച്ചുകുഞ്ഞിന് നിക്കോയ്ക്ക്, എന്താണ് കൊടുക്കുവാനുള്ളത്? ഒന്നും കൊടുക്കാനില്ല, എന്നിട്ടും അവനു കൊടുക്കുവാനുണ്ട് – അവന്‍റെ കാവല്‍ മാലാഖയെ!

 

ഇന്ന് സുവിശേഷത്തില്‍ കാണുന്ന വിധവയായ സ്ത്രീയെ ഈശോയാണ് കണ്ടുപിടിക്കുന്നത്. എന്നിട്ട് ശിഷ്യന്മാരെ ചൂണ്ടിക്കാണിക്കുകയാണ്. ദേ, ഈ ധനവാന്മാര്‍ ഇട്ടതിനെക്കാള്‍ അധികമായിട്ട്, ഏറ്റവും വലിയ കൊടുക്കല്‍ നടത്തിയിരിക്കുന്നത് ഈ വിധവയാണ്. എന്നാല്‍ അവള്‍ നിക്ഷേപിച്ചതോ, ഏറ്റവും തുച്ഛമായത്. ഒരു തുട്ട് ചെമ്പുനാണയം! നമ്മുടെ ചെറിയ പൈസാ എന്നു പറയാവുന്ന സാധനം!! ഏറ്റവും വലിയ കൊടുക്കലേതാണ്, എന്നാണ് ഈശോ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ട് ക്രിസ്തു അതു വ്യാഖ്യാനിക്കുന്നുണ്ട്. തനിക്ക് ഉണ്ടായിരുന്നതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ളതുപോലും അവള്‍ അതില്‍ നിക്ഷേപിക്കുകയാണ്. നിസ്സാരമായ അവളുടെ നിക്ഷേപം ഏറ്റവും വലിയ കൊടുക്കലിന് മാതൃകയായിട്ട് ജരൂസലേം ദേവാലയത്തില്‍ ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു നിസ്സ്വാര്‍ത്ഥമായ നല്കലിന്‍റെ ആള്‍രൂപമാണ് ഈ വിധവയില്‍ ക്രിസ്തു ചൂണ്ടിക്കാണിക്കുന്നത്. രസകരമായ നിരീക്ഷണം ഈ രണ്ടും സംഭവിക്കുന്നത് ജരൂസലേം ദേവാലയത്തിലാണ് എന്നതാണ്. പിന്നെ സ്വാര്‍ത്ഥതയുടെ മൂര്‍ത്തരൂപങ്ങളായ നിയമജ്ഞരെ ക്രിസ്തു വിമര്‍ശിക്കുന്നതും ഈ ദേവാലയ പരിസരത്തുതന്നെയാണ്. ഒപ്പം നിസ്സ്വാര്‍ത്ഥതയുടെ ഭാവമായ സ്ത്രീയും നില്ക്കുന്നത് ദേവാലയത്തിനുള്ളിലാണ്. രണ്ടും പള്ളിക്കകത്ത്!! ഇന്നും അതുതന്നെയാണ് സത്യം. രണ്ടും ദേവാലയത്തില്‍ തന്നെയുണ്ടു്.

 

ഫ്രാന്‍സ് പീറ്റര്‍, ജര്‍മ്മനിയില്‍ ലിംബൂര്‍ഗിലെ മെത്രാനായിരുന്നു. സംഭവം 2013-ലാണ്. അദ്ദേഹം മെത്രാനായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിട്ടു. ബനഡിക്ട് 16-ാമന്‍ പാപ്പായാണ് അദ്ദേഹത്തെ മെത്രാനാക്കിയത്. അതും വെറും 43-ാമത്തെ വയസ്സില്‍! ഇത്ര ചെറുപ്പത്തിലേ മെത്രാനാക്കുന്ന പതിവ് കത്തോലിക്കാ സഭയില്‍ അത്യപൂര്‍വ്വമാണ്. അങ്ങനെ വേണമെങ്കില്‍ അസാധാരണമായ കഴിവുകള്‍, അസാധാരണമായ പുണ്യങ്ങള്‍, അതിനൊപ്പം അസാധാരണമായ നേതൃത്വപാ‍ടവം എന്നിവ ഉണ്ടായിരിക്കണം. ഫ്രാന്‍സ് പീറ്റര്‍ എന്ന യുവമെത്രാന്‍ 10 വര്‍ഷക്കാലം രിംബൂര്‍ഗ് രൂപത ഭരിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്‍റെ മെത്രാസനമന്ദിരം ഒന്ന് മെച്ചപ്പെടുത്തണം എന്ന് അദ്ദേഹത്തിനു തോന്നിയത്. നവീകരണ പദ്ധതികള്‍ നടന്നു, നടപ്പിലാക്കി. ചെലവായതോ, നാലു മില്യന്‍, അതായത് 40 ലക്ഷം യൂറോയ്ക്ക് അപ്പുറമായിരുന്നു. അതായത്... ഏകദേശം മുന്നൂറുകോടി രൂപയാണ് തന്‍റെ അരമന നവീകരിക്കാന്‍ വേണ്ടി ചിലവാക്കിയത്. ഇതു കേട്ടിട്ട് ജര്‍മ്മന്‍കാര്‍ ഞെട്ടി. ജര്‍മ്മന്‍ ചാന്‍സിലര്‍ പോലും ഞെട്ടിപ്പോയി!! സാധരണ ജര്‍മ്മകാര്‍ അങ്ങനെ എളുപ്പത്തില്‍ ഞെട്ടാത്തതാണ്. ജര്‍മ്മനിയിലെ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍ അദ്ദേഹത്തെ വിളിച്ചു ചില വിവരങ്ങള്‍ ആവശ്യപ്പെട്ടു, എന്നിട്ടു പറഞ്ഞു. മുന്നോട്ടു പോകുന്നതിനു ചില ആത്മപരിശോധന നടത്തേണ്ടതല്ലേ, എന്ന്. അദ്ദേഹം പറഞ്ഞു ഒരു ശോധനയുടെയും ആവശ്യമില്ല, എല്ലാം നിയമപരമായിട്ടാണ് നടക്കുന്നതെന്ന്. അങ്ങനെ ഇരിക്കെയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ വത്തിക്കാനിലേയ്ക്ക് വളിച്ചു. അവിടെ മുറിയും ഭക്ഷണവുമെല്ലാം കൊടുത്തു താമസിപ്പിച്ചു. ഒരു ദിവസമല്ല, രണ്ടല്ല, മൂന്നല്ല, ഏഴ് ദിവങ്ങള്‍ കഴിഞ്ഞിട്ടും താന്‍ വിളിച്ചു വരുത്തിയ മെത്രാനെ കാണുവാന്‍ പാപ്പാ കൂട്ടാക്കിയില്ല. സ്വാഭാവത്തില്‍ തന്നെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കിയാല്‍, താല്പര്യമെടുത്ത് അങ്ങോട്ടുചെന്ന് കാണുന്ന വ്യക്തിയാണ് പാപ്പാ ഫ്രാന്‍സിസ് എന്നോര്‍ക്കണം. എന്നിട്ടും ഇവിടെയിതാ, താന്‍ വിളിച്ചുവരുത്തിയ മെത്രാനെ ഏഴുദിവസമായിട്ടും ഒന്നു കാണുവാന്‍ കൂട്ടാക്കിയല്ല. ഏട്ടാം ദിവസം അദ്ദേഹം പാപ്പായുമായി കണ്ടുമുട്ടി. സംസാരിച്ചു. അതിനുശേഷം പുറത്തുവന്നപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞു. എന്നിട്ടു ചോദിച്ചു. പാപ്പാ എന്താണ് താങ്കളോടു പറഞ്ഞത്.  ഫ്രാന്‍സ് പീറ്റര്‍ മറുപടി പറഞ്ഞു. പിതാവ് എല്ലാം ശ്രദ്ധയോടെ കേട്ടു, കരുണയോടെ കേട്ടു. ഫ്രാന്‍സ് പീറ്റര്‍ ജര്‍മ്മനിയില്‍ ഫ്ളൈറ്റ് ഇറങ്ങി തന്‍റെ രൂപതയില്‍ എത്തിയതും കിട്ടി – സസ്പെന്‍ഷന്‍ ഓര്‍ഡര്‍! പിന്നെ നാലു മാസങ്ങള്‍ക്കുശേഷം ഡിസ്മിസ്സല്‍! പാപ്പാ ഫ്രാന്‍സിസ് ഇതിലൂടെ നമുക്കു നല്കുന്ന സന്ദേശം വളരെ ക്രിത്യമാണ്. ആ‍ഡംബരം, ആഡംബരം! അത് ക്രിസ്തു ശിഷ്യനെ സംബന്ധിച്ച് പാപമാണ്. Luxury is sin.  ആഡംബരം പാപമാണ്! കാരണം ആഡംബരം സ്വാര്‍ത്ഥതയുടെ അടയാളമാണ്. അതില്‍നിന്നും തിരിഞ്ഞു നടക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്.

ദേവാലയത്തിനുള്ളില്‍വച്ച് ക്രിസ്തു വിധവയായ സ്ത്രീയുടെ ചെമ്പുതുട്ടു ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നത്, ദേ... കൊടുക്കുക, കൊടുക്കുക... നിന്‍റെ ജീവിതത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ ഉപജീവനത്തിന് ഉള്ളതില്‍നിന്നുപോലും കൊടുക്കുക എന്നാണ്!

 

ഉപജീവനത്തിനുള്ളതില്‍നിന്നുപോലും പങ്കുവയ്ക്കുന്ന നിസ്വാര്‍ത്ഥതയുടെ ആത്മീയതയിലേയ്ക്കാണ് ക്രിസ്തു നമ്മെ ഇന്നു വിളിക്കുന്നത്. ഈശോ ഇന്നു നമ്മളെ വിളിച്ച് ഏതെല്ലാം അരുത്, ഏതു നമുക്കു വേണം എന്നു കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഭൗതികമായ സമ്പത്തിന്‍റെ... ഭൗമികതമായ അധികാരത്തിന്‍റെ... ഭൗതികമായ ബഹുമിതകളുടെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപമായിരുന്ന നിയമജ്ഞരെ വിമര്‍ശിച്ചിട്ട്, അത് അരുതെന്നു പറഞ്ഞു തരികയും. കൊടുക്കലിന്‍റെയും എളിമയുടെയും മാതൃകയായ വലിയ ദാനശീലം വിധവയായ സ്ത്രീയില്‍ നമുക്കായി ക്രിസ്തു ചൂണ്ടിക്കാട്ടിത്തരുകയും ചെയ്യുന്നു. ആത്മീയതയിലേയ്ക്ക് ഉയരാന്‍... ക്രൂശിതന്‍റെ ആത്മീയതയിലേയ്ക്ക് ഉയരാന്‍ ക്രിസ്തു നമ്മെ വിളിക്കുന്നു, നമ്മോട് ആഹ്വാനംചെയ്യുന്നു....

 








All the contents on this site are copyrighted ©.