2015-11-04 18:57:00

റൊമേനിയയിലെ നൈറ്റ് ക്ലബ് ദുരന്തം - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


റൊമേനിയയിലെ നൈറ്റ് ക്ലബ് ദുരന്തത്തില്‍ 30 യുവാക്കള്‍ വെന്തെരിഞ്ഞു. അഴിമതിയും അധികൃതരുടെ അനാസ്ഥയും കാരണമെന്ന് ജനങ്ങള്‍.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യം, റൊമേനിയയുടെ തലസ്ഥാനനഗരമായ ബുക്കറെസ്റ്റിലെ നൈറ്റ് ക്ലബിലാണ് അഗ്നിദുരന്തമുണ്ടായത്. 30 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം അനേകരെ ഗുരുതരാവസ്ഥയിലാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 30-ാം തിയതി, വെള്ളിയാഴ്ച രാത്രിയാണ് റൊമേനിയയുടെ വ്യാവസായ നഗരംകൂടിയായ ബുക്കറെസ്റ്റിനെ നടുക്കിയ ദുരന്തമുണ്ടായത്.

മരണമടഞ്ഞ യുവജനങ്ങളുടെ കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം പാപ്പാ അറിയിച്ചു. പിന്നെ വെന്തു വേദനിക്കുന്ന 300-ഓളം യുവജനങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്‍റെ ആത്മീയ സാമീപ്യവും പ്രാര്‍ത്ഥനയും പാപ്പാ സന്ദേശത്തിലൂടെ വാഗ്ദാനംചെയ്തു.

റൊമേനിയന്‍ പ്രസിഡന്‍റ് ക്ലാവ്സ് വേര്‍നര്‍ യോഹന്നസ്സിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് നവംബര്‍ 3-ാം തിയതി ചൊവ്വാഴ്ച പാപ്പാ സാന്ത്വനസന്ദേശം അയച്ചത്.

അഴിമതിയും അതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വര്‍ദ്ധിച്ചുവരുന്ന റൊമേനിയയുടെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ കണ്ണുതുറപ്പിക്കേണ്ട സംഭവമാണ് സുരക്ഷാക്രമീകരണങ്ങളും, അച്ചടക്കവുമില്ലാത്ത റൊമേനിയയിലെ നിശാവിരാഹരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെന്ന് സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ കുറ്റിപ്പെടുത്തി.

ആയിരക്കണക്കിന് ജനങ്ങള്‍ സംഭവസ്ഥലത്തേയ്ക്ക് മാര്‍ച്ചു ചെയ്ത് യുവജനങ്ങളുടെ അത്യാഹിത മരണത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിക്കൊണ്ട് സംഭവസ്ഥലത്ത് ദീപാര്‍ച്ചന നടത്തിയതായി ലോകോ വാര്‍ത്താവൃത്തങ്ങള്‍ വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.