2015-11-04 19:49:00

ക്രൈസ്തവര്‍ വേദനിക്കുന്നവരോട് നിസംഗരല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്


വിവേചനവും, പീഡനവും രക്തസാക്ഷിത്വവും ക്രിസ്ത്വാനുകരണ”മാണ്. അല്‍ബേനിയയുടെ തലസ്ഥാന നഗരം തിരാനയില്‍ വ്യത്യസ്ത ക്രൈസ്തവസഭകള്‍ സാഹോദര്യസംഗമം നടത്തി.

അല്‍ബേനിയയുടെ തലസ്ഥാനമായ തിരാനയില്‍ സമ്മേളിച്ച ആഗോള ക്രൈസ്തവ കൂട്ടായ്മയ്ക്ക് നവംബര്‍ 3-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സമ്മേളനത്തിന് നേതൃത്വം നല്കുന്ന ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട് കോഹിന് അയച്ച സന്ദേശത്തില്‍ മദ്ധ്യപൂര്‍വ്വദേശം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും തങ്ങളുടെ വിശ്വാസത്തെപ്രതി അകാരണമായി പീ‍ഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന ക്രൈസ്തവ മക്കളെ പാപ്പാ വേദനയോടെ അനുസ്മരിച്ചു.

പീഡനത്തിന്‍റെയും രക്ഷസാക്ഷിത്വത്തിന്‍റെയും തലത്തില്‍ കത്തോലിക്കരും, ഓര്‍ത്തഡോക്സുകാരും, ആഗ്ലിക്കന്‍സും, പ്രൊട്ടസ്റ്റന്‍റുകാരും, എവാഞ്ചലിക്കല്‍സും, പെന്തക്കോസ്തരും പങ്കുചേരുന്ന ധീരമായ വിശ്വാസസാക്ഷ്യം അവരെ തമ്മില്‍ വേര്‍പെടുത്തുന്ന സാമൂഹ്യ വിഘടിപ്പുകളെക്കാള്‍ ആഴവും ശക്തവുമാണെന്നും, അത് ക്രൈസ്തവര്‍ക്കിടയില്‍ ഐക്യത്തിനുള്ള പാത തെളിയിക്കട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.

രക്തസാക്ഷിത്വത്തിന്‍റെ കൂട്ടായ്മ സഭൈക്യ സംരംഭത്തിന്‍റെ പാതയിലെ ശ്രേഷ്ഠമായ അടയാളമാണെന്നും സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ ക്രിസ്തുവില്‍ ജ്ഞാനസ്നാനപ്പെടുകയും നവജീവന്‍ പ്രാപിക്കുകയും ചെയ്തവരെല്ലാവരും ക്രിസ്തുവിന്‍റെ മൗതികദേഹമായ സഭയിലെ അംഗങ്ങളാണെന്നും (1കൊറി. 12, 12) പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. നാം വിഭാവനംചെയ്യുന്ന ലോകത്തെ ക്രൈസ്തവൈക്യം സമ്പൂര്‍ണ്ണവും ദൃശ്യവും യാഥാര്‍ത്ഥ്യവുമാക്കാന്‍ പരസ്പര ധാരണയിലും സ്നേഹത്തിലും കൂട്ടായ്മയിലും വളരാന്‍ നമുക്ക് അനുദിനം പരിശ്രമിക്കാം എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.   

“വിവേചനവും, പീഡനവും രക്തസാക്ഷിത്വവും ക്രിസ്ത്വാനുകരണ”മാണെന്ന പ്രതിപാദ്യ വിഷയവുമായിട്ടാണ് Global Christian Forum Consultation നവംബര്‍ 2-മുതല്‍ 4-വരെ തിയതികളില്‍ തിരാനയില്‍ സമ്മേളിച്ചത്.

 








All the contents on this site are copyrighted ©.