2015-10-29 18:52:00

‘നോസ്ത്രാ എതാത്തെ’ സമാധാനപാതിയിലെ നാഴികക്കല്ലെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍


Nostra Aetate, ‘അക്രൈസ്തവമതങ്ങളെ’ സംബന്ധിച്ച സഭയുടെ പ്രമാണരേഖ ലോകസമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലാണെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിള്‍ പ്രസ്താവിച്ചു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പുറപ്പെടുവിപ്പിച്ച ലോകമതങ്ങളെക്കുറിച്ചുള്ള പ്രമാണരേഖയുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന രാജ്യാന്തര സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ പരോളില്‍ ഇങ്ങനെ പ്രസ്താവിച്ചത്. സമാധാനത്തിനായുള്ള പ്രബോധനം സഭയുടെ സജ്ഞയാണെന്നും, അതിനാല്‍ ലോകത്ത് സമാധാനം സാധിതമാണെന്നും, അത് മതങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രബന്ധത്തിലൂടെ കര്‍ദ്ദിനാള്‍ പരോളിന്‍ സമര്‍ത്ഥിച്ചു.

പുതിയ തലമുറയെ സമാധാനത്തിന്‍റെ പാതയില്‍ രൂപീകരിക്കുകയും വളര്‍ത്തുകയും ചേയ്യേണ്ട ചുമതല മതങ്ങള്‍ക്കുണ്ടെന്നു പ്രസ്താവിച്ച കര്‍ദ്ദിനാള്‍, ലോകത്ത് ഇന്നു നാം കാണുന്ന പ്രതിസന്ധികള്‍ക്കു മുന്നില്‍ നിസംഗരാകാതെയും പതറാതെയും സമാധാനത്തിനായി കര്‍മ്മബോധത്തോടെ മതങ്ങള്‍ അക്ഷീണം പരിശ്രമിക്കണമെന്ന് വിവിധ മതപ്രതിനിധികള്‍ സന്നിഹിതരായിരുന്ന സമ്മേളനത്തെ കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.

യുദ്ധത്തില്‍ എല്ലാം നഷ്ടമാകുമ്പോള്‍ സമാധാനയജ്ഞത്തില്‍ ഒന്നും ഒരിക്കലും നഷ്ടമാകില്ലെന്നും, മാനുഷ്യന്‍റെ പൊതുജീവിതവും, അടിസ്ഥാന അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടാതെ ലോകത്ത് സമാധാനം അസാദ്ധ്യമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. യഹൂദ-ക്രൈസ്തവ മതങ്ങളില്‍ രൂഢമൂലമായിരിക്കുന്ന സമാധാനത്തിന്‍റെ പാരമ്പര്യം ഇതര മതങ്ങളിലും കാണാമെന്ന വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നതും വിശാലവുമായ സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വീക്ഷണമുള്ള പ്രമാണരേഖയാണ് ‘നോസ്ത്രാ എതാത്തെ’യെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അടിവരയിട്ടു പ്രസ്താവിച്ചു.








All the contents on this site are copyrighted ©.