2015-10-20 15:40:00

ദൈവസ്നേഹാധിക്യം മനസ്സിലാക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്


വത്തിക്കാനില്‍, ഒക്ടോബര്‍ 20-ാം തിയതി രാവിലെ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ  പങ്കുവച്ച വചനസന്ദേശത്തില്‍, ദൈവസ്നേഹാധിക്യം മനസ്സിലാക്കുകയെന്നത് എപ്പോഴും അനുഗ്രഹത്തിന്‍റെ  ഫലമാണെന്ന് പാപ്പാ പറഞ്ഞു.

ദൈവം അളവുകളില്ലാതെ, വിപുലമായി എപ്പോഴും മനുഷ്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍ മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതം ചെറിയതോതില്‍ അളന്നു നല്‍കുന്നുവെന്നും  ദൈവസ്നേഹം  ഹൃദയം കവിഞ്ഞൊഴുകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നത് എന്നും ഒരനുഗ്രഹമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

യേശു വഴി നേടിത്തന്ന രക്ഷ ഈ സ്നേഹാധിക്യത്താലാണെന്നും, രക്ഷയെന്നത് ദൈവത്തിനും മനുഷ്യനുമിടയിലെ സൗഹൃദമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അളവുകളില്ലാതെ ദൈവസ്നേഹം കവിഞ്ഞൊഴുകുന്നു. ആ ഹൃദയം എപ്പോഴും നമ്മെ സ്വീകരിക്കാനായി തുറന്നിട്ടിരിക്കുന്നു. നാമെത്തുമ്പോള്‍ നമ്മെ ആലിംഗനം ചെയ്ത് ആഘോഷിക്കുന്നവനാണ് ദൈവം എന്നും പാപ്പാ പറഞ്ഞു. നമ്മുടെ ചെറിയതും പരിധികളുള്ളതുമായ മാനുഷിക ഗുണനിലവാരമനുസരിച്ച് ദൈവസ്നേഹത്തെ മനസ്സിലാക്കുക അത്ര എളുപ്പമല്ലായെന്നും സൂചിപ്പിച്ചു പാപ്പാ.








All the contents on this site are copyrighted ©.