2015-10-13 16:13:00

ദശലക്ഷം കുട്ടികള്‍ ഒരുമിച്ച് ചൊല്ലുന്ന ജപമാല


ഒക്ടോബര്‍ 18-ന്, ലോകമെമ്പാടുമുള്ള ദശലക്ഷത്തിലേറെ കുട്ടികള്‍ ചേര്‍ന്ന്  എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയുടെ നേതൃത്വത്തില്‍, ലോക സമാധാനത്തിനും ഐക്യത്തിനുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും.

ഒരു ദശലക്ഷം കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നു എന്ന പേരില്‍ 2005 –ല്‍ വെനിസ്യൂലയില്‍  സമാരംഭിച്ചതാണ് ഈ ജപമാല പ്രാര്‍ത്ഥനാദിനം. വെനിസ്യൂലയിലെ കരാക്കാസ് എന്ന സ്ഥലത്ത് കുട്ടികള്‍ ഒരുമിച്ചു കൊന്തചൊല്ലി പ്രാര്‍ത്ഥിക്കവെ അവിടെ സന്നിഹിതരായിരുന്ന ചില സ്ത്രീകള്‍ക്ക് പരി. കന്യകാമറിയത്തിന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമായതിനെ തുടര്‍ന്നും ഒരു ദശലക്ഷം കുട്ടികള്‍ ഒരുമിച്ച് ജപമാല ചൊല്ലിയാല്‍ ലോകത്തിനു മാറ്റം വരും എന്ന വിശുദ്ധ പാദരേ പിയോയുടെ വാഗ്ദാനത്തെ  അവരിലൊരാള്‍ അനുസ്മരിക്കുകയും ചെയ്തതുമുതലാണ് 10 വര്‍ഷമായി ഈ ജപമാല ദിനമാചരിച്ചു വരുന്നത്.

നാലു വന്‍കരകളിലായി 21 രാജ്യങ്ങളിലെ എസിഎന്‍ ശാഖകള്‍ ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുക.

അതോടൊപ്പം  കുട്ടികളുടെ ബൈബിള്‍ എന്ന വചനപുസ്തക വിതരണവും എസിഎന്‍ നടത്തുന്നുണ്ട്. കുട്ടികളുടെ ഇടയില്‍ ജപമാല ഭക്തി വളര്‍ത്തുന്നതിനായി ‘ ഞങ്ങള്‍ കുട്ടികള്‍ ജപമാല പ്രാര്‍ത്ഥിക്കുന്നു‘ എന്ന പേരില്‍ എട്ടു ഭാഷകളിലായി അറുനൂരായിരത്തോളം ചെറുപുസ്തകങ്ങളും സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.  








All the contents on this site are copyrighted ©.