2015-10-08 15:48:00

കുടുംബം ദൈവസ്നേഹത്തിന്‍റെ മുഖ്യ സാക്ഷികള്‍


കുടുംബം ദൈവസ്നേഹത്തിന്‍റെ മുഖ്യ സാക്ഷികളാണെന്ന് പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ചത്തെ പൊതുക്കൂടിക്കാഴ്ച വേളയില്‍ പങ്കുവച്ച വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ദൈവത്തിന്‍റെ വഴികളിലൂടെ നടക്കുന്ന കുടുംബം ദൈവസ്നേഹത്തിന്‍റെ പ്രധാന സാക്ഷികള്‍ ആകയാല്‍  സഭയുടെ എല്ലാ സമര്‍പ്പിതസേവനത്തിനും അര്‍ഹരുമാണ്. സഭയുടെ ഈ ശ്രദ്ധയും കരുതലും  വ്യാഖ്യാനിക്കുന്നതിനാണ് സിനഡ് വിളിച്ചുകൂട്ടിയിരിക്കുന്നത്. സഭയും കുടുംബവും തമ്മില്‍ അഭേദ്യമായ ബന്ധം നിലനിര്‍ത്താന്‍, മാനവസമൂഹത്തിന്‍റെ മുഴുവന്‍ നന്മയെ കരുതിയുള്ള തുറന്ന കാഴ്ചപ്പാടുകളുണ്ടാവാന്‍ ഈ മതബോധന പര്യാലോചനകള്‍  പ്രചോദിപ്പിക്കട്ടെ. അതിനായി എല്ലാവിധവും പ്രഥമമായി പ്രാര്‍ത്ഥനയിലൂടെയും ജാഗ്രതയിലൂടെയും സിന‍ഡിനെ  നമുക്ക് പിന്‍തുണയ്ക്കാം.

ഇന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുദിനജീവിതത്തെ സൂഷ്മമായി വീക്ഷിക്കുമ്പോള്‍ കുടുംബാത്മീയതയുടെ ശക്തമായ ഒരു പ്രചോദനം  അത്യാവശ്യമാണെന്ന് കാണുവാന്‍ സാധിക്കും. എല്ലാതരത്തിലും ഉള്ള ബന്ധങ്ങള്‍ ഇന്ന്  വളരെ യുക്തിസഹമായും ആചാരപരമായും ചിട്ടപ്പെടുത്തിയതും ആയി കാണപ്പെടുന്നു, എന്നാല്‍ ചിലപ്പോള്‍ അവ വളരെ നിര്‍ജ്ജലീകരിക്കപ്പെട്ടതും വിരസമായതും അജ്ഞാതവും ആയി കാണപ്പെടുന്നു. എല്ലാവിധത്തിലും ഉള്‍ക്കൊള്ളുന്നവരാകാന്‍ ആഗ്രഹിക്കുന്നെങ്കിലും ഏകാന്തതയിലും അവഗണനയിലുമാണധികമാളുകളും എത്തിപ്പെടുന്നത്.

മനുഷ്യത്വപരമായ കാഴ്ചപ്പാടുകളോടെ സമൂഹം മുഴുവനും കുടുംബങ്ങളോട് തുറവിയുള്ളവരാകണം. കെട്ടുറപ്പില്ലാത്ത സ്നേഹബന്ധങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തിയ മനുഷ്യ ബന്ധങ്ങള്‍ നല്കുന്ന കാഴ്‌ചകളാണ് ഇന്ന് കുട്ടികള്‍ക്ക് ജീവിതത്തോടുള്ള പ്രധാന  വീക്ഷണങ്ങള്‍ പ്രദാനം ചെയ്യുന്നത്. വിശ്വാസ്യതയുടെ, സത്യസന്ധതയുടെ, സഹകരണത്തിന്‍റെ, ബഹുമാനത്തിന്‍റെ ആവശ്യം പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത് ഒരു കുടുംബമാണ്. ലോകത്തെയും വ്യക്തികളെയും ബഹുമാനിക്കാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പഠിപ്പിക്കുന്നത് കുടുംബമാണ്. നമ്മുടെ വ്യക്തിപരമായതും മറ്റുള്ളവരുടെതുമായ കുറവുകളാല്‍  കൂടുതലായി മുറിപ്പെടുന്നതും മുറിപ്പെടാന്‍ സാധ്യതയുള്ളതും കുഞ്ഞുങ്ങളാണ്. ആയതിനാല്‍ കുഞ്ഞുങ്ങളുടെമേല്‍ അത്യന്താപേക്ഷിതമായ ശ്രദ്ധയുണ്ടാകണമെന്ന് നമുക്കറിയാം. മാത്സര്യബോധത്തില്‍നിന്നോ സ്വാര്‍ത്ഥതാത്പര്യങ്ങളില്‍നിന്നോ അല്ലാതെ, സമൂഹത്തില്‍ ഈ മനോഭാവങ്ങള്‍ പാലിക്കുന്നവര്‍ സകുടുംബത്തിന്‍റെ ആത്മീയത ഗ്രഹിച്ചിവരാണ്.

സമകാലീന സമൂഹത്തിലെ രാഷ്ട്രീയ, സാമ്പത്തിക,  സംഘടിത ശക്തികള്‍  കുടുംബത്തിന് വേണ്ടത്ര അംഗീകാരവും പിന്തുണയും വിലയും  കല്‍പ്പിക്കുന്നില്ല.

എല്ലാ അറിവുകളും സാങ്കേതിക വൈദഗ്ധ്യങ്ങളുമുണ്ടായിട്ടും ആധുനികലോകത്ത് ഒരു നല്ല പൗരസമൂഹത്തെ രൂപീകരിക്കാന്‍ കഴിയുന്നില്ലായെന്ന് വേണമെങ്കില്‍ പറയാം. സമൂഹബന്ധങ്ങള്‍ ഇന്ന് ഉദ്യോഗസ്ഥഭരണത്തില്‍ പൊങ്ങച്ചമുള്ളതാകുകയും മൗലികമായ മനുഷ്യബന്ധങ്ങളില്‍നിന്ന് വിദൂരമാകുന്ന അവസ്ഥയിലേയ്ക്ക് അധപതിക്കുകയും ചെയ്യുന്നു.

ശ്രദ്ധയോടെ ജീവിതത്തെ പുനര്‍നിരീക്ഷണം ചെയ്തുകൊണ്ട്, കുടുംബത്തെ കേന്ദ്രീകരിച്ച സഭയുടെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സഭ ഇന്ന് കാണുന്നുണ്ട്. കുടുംബത്തിന്‍റെ ആത്മീയത സഭയുടെ ഭരണഘടനയാണെന്ന് പറയാന്‍ കഴിയണം.

എഫേസോസ് 2:19 - ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല, വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്- പാപ്പാ എടുത്തുപറഞ്ഞു. സഭ ദൈവിക കുടുംബമാണ്, ആയിരിക്കുകയും ചെയ്യും.

യേശു പത്രോസിനെ വിളിച്ചപ്പോള്‍ പറഞ്ഞത് നിന്നെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവനാക്കും എന്നാണ്, അതിന് ഒരു പുതിയ ശൃംഖല ആവശ്യമാണ്. സഭയുടെ ദൗത്യനിര്‍വഹണത്തില്‍ കുടുംബമാണ് ഏറ്റവും പ്രധാനമായ ശൃംഖല. ഇതാരെയും തടവുകാരാക്കുന്ന ഒന്നല്ല, മറിച്ച് പരിത്യജിക്കലിന്‍റെയും അനാസ്ഥയുടെയും അഴുക്ക് വെള്ളത്തില്‍നിന്നും ഏകാന്തതയുടെയും അലംഭാവത്തിന്‍റെയും ആഴക്കടലില്‍നിന്നും മോചനം നല്കുന്ന ഒരു ശൃഖലയാണ്.

ദൈവവചനത്തിനു അനുസൃതമായി സഭ മീന്‍പിടിക്കാന്‍ ഇറങ്ങുന്നെങ്കില്‍ അതിന്‍റെ ഫലങ്ങള്‍ അത്ഭുതകരമായിരിക്കും. സിനഡ് പിതാക്കന്മാരുടെ താല്‍പര്യങ്ങളെ പരിശുദ്ധാത്മാവ് നയിക്കട്ടെ, പഴയ വലകളും രീതികളും ഉപേക്ഷിക്കുകയും ദൈവവചനത്തില്‍ ശരണപ്പെട്ട് മീന്‍പിടുത്തം നടത്തുകയും ചെയ്യട്ടെ. നമുക്കതിനായി തീക്ഷതയോടെ പ്രാര്‍ത്ഥിക്കാം. ലൂക്കായുടെ സുവിശേഷം 11-ല്‍ നിന്ന് ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും..ദുഷ്ടനായ പിതാവുപോലും വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമുക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല എന്ന് ക്രിസതു വാഗ്ദാനം ചെയ്തിട്ടുള്ളത് ഉദ്ദരിച്ചുകൊണ്ട് സിനഡ് പിതാക്കന്മാര്‍ കൂടുതല്‍ തീക്ഷതയോടെ നിര്‍ബന്ധപൂര്‍വ്വം പരിശുദ്ധാത്മാവിനെ ചോദിക്കട്ടെയെന്ന് പറഞ്ഞ്, നന്ദി രേഖപ്പെടുത്തികൊണ്ട് പാപ്പാ തന്‍റെ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച സന്ദേശം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.