2015-10-07 20:10:00

കുടുംബങ്ങളുടെ പ്രതിസന്ധികളില്‍ സാന്ത്വനമാകാനുള്ള സഭാദൗത്യം


സമകാലീന ലോകത്തോടു തുറവുള്ള സഭയാണ് സിന‍ഡിന്‍റെ അടിസ്ഥാന വീക്ഷണമെന്ന്, മെത്രാന്മാരുടെ സിന‍‍ഡു സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസ്സേരി...

വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച സഭയുടെ അടിസ്ഥാനവും സൈദ്ധാന്തികവുമായ പ്രബോധനങ്ങളില്‍ മാറ്റംവരുത്താതെ, കുടുംബങ്ങളും ദമ്പതികളും നേരിടുന്ന ഇന്നിന്‍റെ വെല്ലുവിളികളെ കാരുണ്യത്തിന്‍റെ അജപാലന മനഃസ്ഥിതിയോടെ കാണുകയും, അവയ്ക്ക് പ്രായോഗികമായ പരിഹാരങ്ങളും പ്രതിവിധികളും കണ്ടെത്തുകയുമാണ് ഈ സിന‍ഡുസമ്മേളനത്തിന്‍റെ ലക്ഷൃവും നിയോഗവുമെന്ന്, ഒക്ടോബര്‍ 6-ാം തിയതി ചൊവ്വാഴ്ച, വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ പ്രകടമായി കാണുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുവാനും, സുവിശേഷവും സഭാപാരമ്പര്യങ്ങളും (Gospel & traditions) ജനങ്ങളുടെ ഇന്നത്തെ ജീവിതശൈലിക്ക് ഇണങ്ങുന്നതാക്കുകയുമാണ് സിന‍ഡിന്‍റെ വെല്ലുവിളിയെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി. ഇന്നിന്‍റെ സംസ്ക്കാരത്തോട് ശത്രുതാഭാവം കാട്ടാതെ ജീവിത പ്രതിസന്ധികളില്‍, വിശിഷ്യ കുടുംബജീവിതത്തിന്‍റെ ക്ലേശങ്ങളില്‍ അര്‍ത്ഥം തേടുന്നവര്‍ക്ക് സുവിശേഷമൂല്യത്തിന്‍റെ വെളിച്ചം പകരുകയാണ് മെത്രാന്മാരുടെ സിന‍ഡിന്‍റെ ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പ്രസ്താവനയില്‍ വ്യക്തമാക്കി.

അള്‍ത്താര വേദയില്‍ മാന്യമായിരിക്കുന്ന ആഢ്യസംസ്ക്കാരം വിട്ട് ജീവിതപരിസരങ്ങളില്‍ വ്യഗ്രതപ്പെടുന്നവരുടെ പക്കലേയ്ക്ക് സാന്ത്വനുമായി ഇറങ്ങിച്ചെല്ലുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെ അജപാലനശൈലി ഇന്ന് സഭ സ്വീകരിക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണം സിനഡിന് മാര്‍ഗ്ഗദര്‍ശിയാണെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.