2015-10-05 17:28:00

സിനഡ്, പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്ന സംരക്ഷിത മേഖല


സിനഡ്, പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്ന സംരക്ഷിത മേഖലയാണെന്ന്,  കുടുംബങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കുന്നവര്‍ക്കായി,  പാപ്പാ ഫ്രാന്‍സിസ്  നല്കിയ സന്ദേശത്തില്‍   പ്രസ്താവിച്ചു. ഒക്ടോബര്‍ 5-ാം തിയതി  സിനഡിന്‍റെ ആദ്യ പൊതുസഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

ഒരു സംരക്ഷിത മേഖലയായ സിനഡില്‍ പരിശുദ്ധാത്മാവിന്‍റ പ്രവര്‍ത്തനമാണ് അനുഭവവേദ്യമാകുന്നത്. തങ്ങള്‍ ഇടയന്മാരും സേവകരുമായ സഭയ്ക്കും ദൈവജനത്തിനുമിടയിലാണ് സിനഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കേണ്ടത്.

ദൈവിക ഹൃദയത്തോടും വിശ്വാസത്തിന്‍റെ കണ്ണുകളോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെ അറിയാനായി ഒരുമിച്ചു ചരിക്കുന്ന  സഭയുടെ ആശയപ്രകാശനരീതി അഥവാ മുഖഭാവമാണ്  സിനഡെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ഇത് കേവലം ഒരുമിച്ചു കൂടുന്ന ഒരു സമ്മേളനമോ, നിയമനിര്‍മ്മാണസഭയൊ, കാര്യലോചനാസഭയൊ അല്ലെന്നും, എന്നാല്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന, ജീവനെ  ഉജ്ജ്വലിപ്പിക്കുന്ന, ഒരു സജീവ സ്ത്രോതസ്സായ സഭയുടെ പ്രകാശനമാണ് സിനഡെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവം നയിക്കുന്ന ജനങ്ങള്‍ക്കായി, ദൈവത്തിന് സ്വയം വിട്ടുകൊടുക്കുന്നവരിലൂടെ  പരിശുദ്ധാത്മാവ് സംസാരിക്കുന്നു.  നമ്മുടെ കണക്കുകൂട്ടലുകളെക്കാളും യുക്തികളെക്കാളും വലിയവനാണ് ദൈവം. തൊണ്ണൂറ്റി ഒന്പതിനെയും ഉപേക്ഷിച്ച് നഷ്ടമായ ഒന്നിനെ തേടുന്നവനാണ് ദൈവം. സിനഡില്‍  പശുദ്ധാത്മാവിന്‍റെ   പ്രവര്‍ത്തനമുണ്ടാകണമെങ്കില്‍ അവര്‍  അപ്പസ്തോലിക ധൈര്യവും സുവിശേഷാത്മകമായ എളിമയും  പ്രാര്‍ത്ഥനയും ഉള്ളവരാകണമെന്ന് പാപ്പാ പറഞ്ഞു.

ശ്ലൈഹിക  ധൈര്യം ലോകത്തിന്‍റെ പ്രലോഭനങ്ങളെയും സത്യത്തിന്‍റെ പ്രകാശത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതുമായ ചെറുതും താത്ക്കാലികവുമായ വെളിച്ചത്തെ നിരസിക്കും.

സുവിശേഷാത്മകമായ എളിമ ശിഷ്ടാചാരങ്ങളെയും മുന്‍വിധികളെയും ശൂന്യമാക്കുകയും മറ്റുള്ളവരെ വിധിക്കാനായി വിരല്‍ചൂണ്ടുന്നതിനു പകരം അവരെ ഉയര്‍ത്താനായി ഉപകരിക്കുകയും ചെയ്യും. 

വിശ്വാസത്തോടും ആശ്രയബോധത്തോടുമുള്ള പ്രാര്‍ത്ഥന, ദൈവത്തോട് തുറവിയുള്ളവരാകാനും ശാന്തതയില്‍ ദൈവസ്വരം ശ്രവിക്കാനും ഇടവരുത്തും. മറിച്ചായാല്‍, സംസാരിക്കുന്ന വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമായിരിക്കും.  പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാത്ത തീരുമാനങ്ങള്‍ ദൈവവചനത്തെ മറച്ചുവയ്ക്കുന്ന വെറും അലങ്കാരങ്ങള്‍ മാത്രമായിരിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സിനഡിനെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കണമെന്ന് പാപ്പാ സിനഡ് അംഗങ്ങളെ ആഹ്വാനം ചെയ്തു. സിനഡ് സംഘാടകര്‍ക്കും മറ്റെല്ലാവര്‍ക്കും പാപ്പാ പ്രത്യേകം നന്ദി രേഖപ്പെടുത്തി.  തന്‍റെ സന്ദേശാവസാനം പരിശുദ്ധാത്മാവിന്‍റെ സഹായം യാജിച്ചുകൊണ്ട് തിരുക്കുടുംബത്തിന്‍റെ മദ്ധ്യസ്ഥതയില്‍ ഈ യാത്ര തുടങ്ങാമെന്ന് പാപ്പാ പറഞ്ഞു.       








All the contents on this site are copyrighted ©.