2015-10-03 15:05:00

മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാര​ണ പൊതുസമ്മേളനം


 

       മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാര​ണ പൊതുസമ്മേളനോദ്ഘാടനദിവ്യബലി ഞായറാഴ്ച(04/10/15)മാര്‍പ്പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെടും.

     വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ന് സിനഡുപി താക്കന്മാര്‍ സഹകാര്‍മ്മികരായുള്ള വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും.

       സഭയിലും സമകാലീനലോകത്തിലും കുടുംബത്തിന്‍റെ വിളിയും ദൗത്യവും എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സിനഡുസമ്മേളനം ഈ മാസം 25 വരെ നീളും.

     സിനഡുയോഗത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ചയാണെങ്കിലും സിനഡുപ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചയായിരിക്കും ആരംഭിക്കുക.

     സിനഡിന്‍റെ പ്രവര്‍ത്തനരേഖ അവതരിപ്പിക്കപ്പെടുന്നതും, സിനഡുപിതാക്ക ന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതുമായ പൊതുസംഘം അഥവാ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ 18 എണ്ണമുണ്ടായിരിക്കും. കൂടാതെ സിനഡുപിതാക്കന്മാര്‍ ഭാഷാടി സ്ഥാനത്തില്‍ ചെറുഗണങ്ങളായി (CIRCULI MINORES) തിരിഞ്ഞുള്ള 13 യോഗങ്ങളും ഉണ്ടായിരിക്കും.  

     സിനഡുപിതാക്കന്മാരുടെ മൊത്തസംഖ്യ 270 ആണ്. ഈ പിതാക്കന്മാരില്‍ 74 പേര്‍ കര്‍ദ്ദിനാളന്മാരാണ്. ഈ 74 കര്‍ദ്ദിനാളന്മാരില്‍ 1 പാത്രിയാര്‍ക്കീസും 2 മേജര്‍ ആര്‍ച്ചുബിഷപ്പുമാരും, അതായത്, സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും, സീറോമലങ്കരകത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് തോട്ടുങ്കലും ഉള്‍ പ്പെടുന്നു. കൂടാതെ 6 പാത്രീയാര്‍ക്കീസുമാര്‍, 1 മേജര്‍ ആര്‍ച്ചുബിഷപ്പ്, 72 ആര്‍ച്ചുബിഷപ്പുമാര്‍, 102 മെത്രാന്മാര്‍, 2 ഇടവക വികാരിമാര്‍, 13 സന്യസ്തര്‍ എന്നിവരും സിനഡില്‍ പങ്കെടുക്കുന്നു.

     ഇതിനുപുറമെ  വിദഗ്ദ്ധരും വിവിധസഭകളുടെ പ്രതിനിധികളും കുടുംബങ്ങ ളു‍‍ടെ പ്രതിനിധികളുമുള്‍പ്പടെ 100 ലേറെപ്പേരും ഇതില്‍ സംബന്ധിക്കും.   








All the contents on this site are copyrighted ©.