2015-10-01 19:49:00

ക്രിസ്തുവില്‍ പരിപോഷിതരാകാനും സഹോദരങ്ങളെ പരിപോഷിപ്പിക്കാനും


ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി മുബൈ അതിരൂപത ഒരുങ്ങുന്നു.

2015 നവംബര്‍ 12 മുതല്‍ 15 വരെ തിയതികളില്‍ മുമ്പൈയിലെ‍ ഗര്‍ഗാവോണില്‍ വിശുദ്ധ പത്താം പിയൂസിന്‍റെ നാമത്തിലുള്ള സെമിനാരിയുടെ ക്യാമ്പസ്സിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് അരങ്ങേറുന്നതെന്ന് അതിന്‍റെ ചെയര്‍മാനും, മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍‍ഡ് ഗ്രേഷ്യസ് പ്രസ്താവനയിലൂടെ അറിയിച്ചു.

‘ക്രിസ്തുവിനാല്‍ പരിപോഷിതരാകുന്നവര്‍ മറ്റുള്ളവരെ പരിപോഷിപ്പിക്കും,’ Nourished by Christ to Nourish Others… എന്നതാണ് മുമ്പൈ അതിരൂപത സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ ആപ്തവാക്യം.

1964 ഡിസംബറില്‍ മുബൈ നഗരം ആഘോഷിച്ചതും വാഴ്ത്തപ്പെട്ട പോള്‍ 6-ാമന്‍ പാപ്പായുടെ ശ്രേഷ്ഠസാന്നിദ്ധ്യംകൊണ്ട് ധന്യമാക്കപ്പെട്ടതുമായ 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് മുമ്പൈ അതിരൂപത നേതൃത്വമെടുത്ത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.

ഭാരതത്തിലെ വിവിധ റീത്തുകളില്‍പ്പെട്ട 167 സഭാപ്രവിശ്യകളുടെയും തലവന്‍മാരും, 5000-ല്‍പ്പരം പ്രതിനിധികളും പേപ്പല്‍ പ്രതിനിധിയായി കൊളോമ്പോ അതിരൂപദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്തും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലും അതുമായി ബന്ധപ്പെട്ട തിരുക്കര്‍മ്മങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കും. സമാപനദിവസം ലഭിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശവും മുമ്പൈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആഘോഷങ്ങള്‍ക്ക് പകിട്ടേകുമെന്നും, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

ഇന്ത്യയിലെ കത്തോലിക്കാ സഭ പ്രാതിനിധ്യംകൊണ്ടെങ്കിലും - അല്‍മായരും, വൈദികരും സന്ന്യസ്തരും ഒത്തുചേര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയിലുള്ള ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ഏറ്റുപറയുന്ന അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്.








All the contents on this site are copyrighted ©.