2015-09-30 18:15:00

സ്തുതി പാടുവിന്‍! സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ പ്രഥമ ആല്‍ബം


വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള ഗായകസംഘം പ്രഥമ ആല്‍ബം പുറത്തിറക്കി.  ‘കര്‍ത്താവിനു സ്തുതിപാടുവിന്‍’ എന്നര്‍ത്ഥം വരുന്ന Cantate Domino എന്ന ലത്തീന്‍ ശീര്‍ഷകത്തിലാണ് 50 ഗായകരുള്ള വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള സംഘം ലത്തീന്‍ ഭാഷയിലുള്ള സഭയുടെ 16 പരമ്പരാഗത ഗീതങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയത്.

ചരിത്രവും പാരമ്പര്യവുമുള്ള സിസ്റ്റേന്‍ കപ്പേള ഗായകസംഘം ആദ്യാമായിട്ടാണ് അതിന്‍റെ ഗീതങ്ങള്‍ ശബ്ദലേഖനംചെയ്ത് വിപണിയിലിറക്കുന്നതെന്ന്, ഗായകസംഘത്തിന്‍റെ കണ്ടക്ടര്‍ മാസ്സിമോ പളംബേലാ എസ്.ഡി.ബി സെപ്രറ്റംബര്‍ 29-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള ഹാളില്‍ നടന്ന പ്രകാശനകര്‍മ്മത്തില്‍ പ്രസ്താവിച്ചു.

Deutsche  Grammophon എന്ന പ്രശസ്തരായ ജര്‍മ്മന്‍ കമ്പനിയാണ് വത്തിക്കാന്‍റെ ഈ അത്യപൂര്‍വ്വ ആല്‍ബത്തിന്‍റെ നിര്‍മ്മാതാക്കളും പ്രസാധകരുമെന്ന് മോണ്‍സീഞ്ഞോര്‍ പളംമ്പേലാ ഉത്ഘാടന വേളയില്‍ വ്യക്തിമാക്കി. വത്തിക്കാന്‍ ഗായകസംഘത്തിന്‍റെ ഈ ചരിത്ര സംഗീത നിര്‍മ്മിതിക്ക് ആഗോള ശ്രദ്ധപിടിച്ചു പറ്റാന്‍തക്ക പ്രത്യേക ശക്തിയും മനോഹാരിതയും, മേന്മയുമുണ്ടെന്ന് ജര്‍മ്മന്‍ ഗ്രാമഫോണ്‍ കമ്പനിയുടെ പ്രസിഡന്‍റ്, മാര്‍ക്ക് വില്‍ക്കിന്‍സണും ഉത്ഘാടന ചടങ്ങില്‍ പറഞ്ഞു.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും ഡിസംബര്‍ 8-ാം തിയതി തുടക്കം കുറിക്കുന്നതുമായ ആഗോളസഭയുടെ കാരുണ്യത്തിന്‍റെ അനിതരസാധാരമായ ജൂബിലി വര്‍ഷത്തിന് മുന്നോടിയും  ഒരുക്കവുമായിട്ടാണ് ‘ഡോയിഷ് ഗ്രാമഫോണ്‍ കമ്പനിയോട് സഹകരിച്ചുകൊണ്ട് ഈ അത്യപൂര്‍വ്വ ആല്‍ബം വത്തിക്കാന്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും മോണ്‍സീഞ്ഞോര്‍ പളംമ്പേലാ തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

Rorate ceoli de super  എന്ന ഗ്രിഗോരയന്‍ ഗീതത്തോടെ ആരംഭിക്കുന്ന Cantate Domino പലസ്ത്രീനയുടെ Tu es Petrus എന്ന വിഖ്യാതമായ പേപ്പല്‍ ഗീതത്തോടെയാണ് സമാപിക്കുന്നത്. 1458 ആശീര്‍വ്വദിച്ചതും മൈക്കിളാഞ്ചലോയുടെ വിശ്വവിഖ്യാതമായ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുതുമായ സിസ്റ്റൈന്‍ കപ്പേളയുടെ സവിശേഷമായ ശബ്ദപരിസരം അത്യപൂര്‍വ്വവും സ്വര്‍ഗ്ഗീയാനുഭുതി ഉണര്‍ത്തുന്നതുമാണെന്ന് ഡോയിഷ് കമ്പനിയുടെ എഞ്ചിനിയര്‍ മെര്‍ക്ക് ബെക്കര്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.