2015-09-27 01:08:00

സപ്തതി നിറവുമായി ലോകസമാധാന പാലനത്തില്‍ ഐക്യരാഷ്ട്ര സംഘടന


അമേരിക്ക സന്ദര്‍ശനത്തില്‍ പാപ്പായുടെ ഏറെ ശ്രദ്ധേയമായ ഇനമായിരുന്ന സെപ്റ്റംബര്‍ 25-ാം തിയതി വെള്ളിയാഴ്ചത്തെ ഐക്യരാഷ്ട്ര സംഘടനയുടെ 70-ാമത് പൊതുസമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തത്.

യുഎന്‍ അംസംബ്ലി ഹാളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസനെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആനയിച്ചു. 70-ാം ജൂബിലി വാര്‍ഷിക അസംബ്ലിയുടെ  അദ്ധ്യക്ഷന്‍, ഡെന്മാര്‍ക്കിന്‍റെ പ്രസി‍ഡന്‍റ് മോര്‍ഗന്‍ ലിക്റ്റോഫ് മുന്നോട്ടു വന്ന് പാപ്പായ്ക്ക് ഹസ്തദാനം നല്കി സ്വീകരിച്ച്, അസംബ്ലിയുടെ വേദിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വേദിയുടെ മുന്നിലെ പ്രത്യേക ഇരിപ്പിടത്തില്‍ പാപ്പാ ഉപവിഷ്ടനായി. ബാന്‍ കി മൂണ്‍ യുഎന്നിന്‍റെ സപ്തതി സമ്മേളനത്തിലേയ്ക്ക് പാപ്പായെ സ്വാഗതംചെയ്തു.

ചരിത്രംകുറിച്ച യൂഎന്‍ അസംബ്ലിയിലെ പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ആരംഭിച്ചത്:

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പാപ്പാ യുഎന്നിനെ അഭിസംബോധനചെയ്യുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് ഞാനും ഇന്ന് ലോകരാഷ്ട്രങ്ങളുടെ ശ്രേഷ്ഠമായ വേദിയില്‍ നില്ക്കുകയാണ്. രാഷ്ട്രങ്ങളുടെ ന്യായമായ പ്രതിസന്ധികളിലും പ്രായസങ്ങളിലും ഇന്നിന്‍റെ ചരിത്രത്തില്‍ മാന്യമായ നൈയ്യാമികവും രാഷ്ട്രീയവുമായ പ്രതിവിധിയാണ് ഐക്യരാഷ്ട്ര സംഘടന എന്ന വസ്തുത ലോകം അംഗീകരിക്കുന്നതാണ്. അങ്ങനെ ആധികാരം ന്യായമായി പ്രയോഗിക്കുന്നതില്‍ ഭാഷയുടെയും സംസ്ക്കാരങ്ങളുടെ സ്ഥലകാലത്തിന്‍റെയും സീമകള്‍ കടന്നുചെല്ലാന്‍ സാധിക്കുന്ന ഏക സംഘടനയാണ് യുഎന്‍, United Nations Organizations എന്നും പാപ്പാ വിശേഷിപ്പിച്ചു.

ധൃതഗതിയില്‍ പരിവര്‍ത്തന വിധേയമാകുന്ന ലോകത്ത്, പൊതുവായ നന്മയും മാനവകുലത്തിനുള്ള നേട്ടങ്ങളും കൊയ്തെടുക്കാന്‍ കരുത്തുള്ള അന്താരാഷ്ട്ര സംഘടയെന്ന അംഗീകാരം യുഎന്നിന് ലഭിച്ചുകഴിച്ചു. അതിനു തെളിവായി യുഎന്‍ നേടിയിട്ടുള്ള രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനുരജ്ഞനത്തിന്‍റെയും, സമാധാന പാലനത്തിന്‍റെയും, മനുഷ്യാവകാശ സംരക്ഷണത്തിന്‍റെയും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെയും എത്രയെത്ര സംഭവങ്ങള്‍ നമുക്ക് രേഖപ്പെടുത്തുവാനാകും. അങ്ങനെ മാനവകുലത്തിന്‍റെ പ്രതിസന്ധകളില്‍ യുഎന്‍ ഇടപെടാതെ പോയിരുന്നെങ്കില്‍ ഭൂമുഖത്ത് മനുഷ്യകുലത്തിന്‍റെ അസ്ഥിത്വംതന്നെ ഭീഷണിയിലാകുമായിരുന്നു.....!

അതിനാല്‍ ഇന്നും മനുഷ്യകുലം നേരിടുന്ന മനുഷ്യാകാശത്തിന്‍റെയും, മതസ്വാതന്ത്ര്യത്തിന്‍റെയും, പാരിസ്ഥിതിക പ്രതിസന്ധികളുടെയും അഭയാര്‍ത്ഥി പ്രതിഭാസത്തിലും പാര്‍ശ്വവത്ക്കരണത്തിന്‍റെയും അസമത്വത്തിന്‍റെയും, ദാരിദ്ര്യത്തിന്‍റെയും പ്രതിസന്ധികളെ തുറവോടു കാണുവാനും കൈകാര്യംചെയ്യുവാനും യുഎന്നിന് സാധിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

40 മിനിറ്റിലേറെ നീണ്ടുനിന്ന ഉള്‍ക്കാഴ്ചയുള്ള പ്രസംഗമായിരുന്നു പാപ്പായുടേത്. പ്രസംഗം അവസാനിച്ചപ്പോള്‍ അസംബ്ലി ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആദരവു പ്രകടമാക്കിക്കൊണ്ട് നീണ്ട ഹസ്താരവം മുഴക്കി.

 

 








All the contents on this site are copyrighted ©.