2015-09-24 20:15:00

അര്‍മേനിയന്‍ സഭയ്ക്ക് പാപ്പായുടെ അഭിനന്ദനസന്ദേശം


സെപ്തംബര്‍ 24-ാം തിയതി വ്യാഴാഴ്ച രാവിലെ അമേരിക്കയില്‍ വാഷിങ്ടണിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും അയച്ച  പ്രത്യേക സന്ദേശത്തിലാണ് പാപ്പാ അര്‍മേനിയന്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.  

കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള ഓര്‍ഡിനറിയേറ്റിനായി (പ്രത്യേക സഭാപ്രവിശ്യയ്ക്കായി) നിര്‍മ്മിച്ച സകല രക്തസാക്ഷികളുടെയും നാമത്തിലുള്ള പുതിയ ഭദ്രാസന ദേവാലയം സെപ്റ്റംബര്‍ 24-ാം തിയതി വ്യാഴാഴ്ച ആശീര്‍വദിച്ച ചടങ്ങിനോട് അനുബന്ധിച്ചാണ് പാപ്പാ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ അയച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴിയാണ് വാഷ്ങ്ടണിലെ അപ്പസ്തോലിക യാത്രയ്ക്കിടയില്‍ പാപ്പാ സന്ദേശം അയച്ചത്.

അര്‍മേനിയയിലെ ഗ്യൂമ്രിയിലാണ്  യൂറോപ്യന്‍ ഓര്‍ഡിനറിയേറ്റിന്‍റെ ഭദ്രാസന ദേവാലയം ആശ്രീര്‍വദിച്ചത്. സഭയുടെ ആത്മീയ വളര്‍ച്ചയുടെ പ്രതീകമായ സഭാ ഓര്‍ഡിനറിയേറ്റില്‍ സ്ഥാപിതമാകുന്ന ദേവലയം സഭാ മക്കള്‍ക്ക് ആത്മീയ ഉണര്‍വ്വും നവചൈതന്യവും അനുഗ്രഹങ്ങളും നല്‍കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വ്യാഴാഴ്ച രാവിലെ ഗ്യൂമ്രിയിലെ പുതിയ ഭദ്രാസന ദേവാലയാശ്രീര്‍വ്വാദത്തിന് വത്തിക്കാന്‍റെ പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മെത്രാപ്പോലീത്തന്‍ പീറ്റര്‍ ഗ്രിഗരി 20-ാമന്‍ വ്യാഴാഴ്ച നടന്ന ആശീര്‍വ്വാദ കര്‍മ്മങ്ങള്‍ക്ക് നേതൃത്വംനല്കി. അര്‍മേനിയന്‍ സഭയുടെ സിലീസിയായിലെ പാത്രിയര്‍ക്കിസ്, അര്‍മേനിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സോള്‍സ്നിസ്ക്കി, ഓര്‍ഡനറിയേറ്റിന്‍റെ മെത്രാപ്പോലീത്ത മിനിസ്സീയന്‍, അര്‍മേനിയന്‍ സഭാ സിനഡ് അംഗങ്ങള്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.








All the contents on this site are copyrighted ©.