2015-09-21 14:54:00

ക്യൂബയും അമേരിക്കന്‍ ഐക്യനാടുകളും നല്ല ചവടുകള്‍ വയ്ക്കുന്നു- വത്തിക്കാന്‍റെ വക്താവ്


                പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്യൂബ 3000ത്തിലേറെ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതും  അമേരിക്കന്‍ ഐക്യനാടുള്‍ ക്യൂബയ്ക്കെതിരായ ഉപരോധ ങ്ങളില്‍ അയവുവരുത്താന്‍ തീരുമാനിച്ചതും നല്ല ചുവടുവയ്പ്പുകളാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഈശോസഭാവൈദികനായ, ഫെദറീക്കൊ ലൊംബാര്‍ദി.

     വത്തിക്കാന്‍ റേഡിയോയുടെ മേധാവികൂടിയായ അദ്ദേഹം ഫ്രാന്‍സിസ്  പാപ്പാ ആരംഭിച്ചിരിക്കുന്ന ഇടയസന്ദര്‍ശനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വത്തി ക്കാന്‍ റേഡയിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ സൂചിപ്പിക്കുകയായിരുന്നു.

      ദീര്‍ഘവും ആയാസകരവുമായ ഒരു പ്രക്രിയയില്‍ ശരിയായ ദിശയിലുള്ളവയാണ് ക്യൂബയുടെയും അമേരിക്കന്‍ ഐക്യനാടു കളുടെയും ഈ നടപടികളെന്നും ഫാദര്‍ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു.

     സംഗമവേദിയായിരിക്കുകയെന്ന ക്യൂബയുടെ വിളിയെക്കുറിച്ച്  അന്നാട്ടിലെ തന്‍റെ ആദ്യ പ്രഭാഷണത്തില്‍ പാപ്പാ സൂചിപ്പിച്ചത് ഏറെ അര്‍ത്ഥവത്തായി തനിക്കു തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

     ക്യൂബയുടെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രൊയുടെ സഹോദരനും മുന്‍ പ്രസിഡന്‍റുമായ ഫിദേലല്‍ കാസ്ത്രൊയുമായി പാപ്പാ ഞായറാഴ്ച(20/09/15) നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഫാദര്‍ ലൊംബാര്‍ദി പരാമര്‍ശിച്ചു.

     ഈ കൂടിക്കാഴ്ച പാപ്പായുടെ ഔപചാരിക പരിപാടികളില്‍ ഇല്ലായിരുന്നെ ങ്കിലും പ്രതീക്ഷിതമായിരുന്നുവെന്ന് കാര്യകാരണ സഹിതം അദ്ദേഹം വിവരിച്ചു.

     ക്യുബയിലെത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്താന്‍ തീവ്രമായിഭിലഷിച്ചതുപോലെ തന്നെ ഫ്രാന്‍സീസ് പാപ്പായുമായും കൂടിക്കാഴ്ചനടത്താന്‍ പഠനപരിചിന്തനങ്ങളുമായി കഴിയുന്ന വയോധികനായ ഫിദേല്‍ കാസ്ത്രൊ ആഗ്രഹിച്ചുവെന്നും അദ്ദേഹം ബെനഡിക്ട് പതിനാറാമന്‍ പാപ്പായോട് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് കണക്കിലെടുത്ത് ഫ്രാന്‍സിസ് പാപ്പാ അപ്പസ്തോലികോപദേശമായ എവഞ്ചേലി ഗൗതിയും, ചാക്രികലേഖനമായ ലൗദാത്തൊ സീ ,എന്നീ തന്‍റെ  രണ്ടു രചനകളുള്‍പ്പടെ ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിനു സമ്മാനിച്ചുവെന്നും  ഫാദര്‍ ലൊംബാര്‍ദി വെളിപ്പെടുത്തി.   ഈ കൂടിക്കാഴ്ച സൗഹാര്‍ദ്ദപരവും സാകാരാത്മകവും ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.