2015-09-19 16:26:00

ദശലക്ഷക്കണക്കിന് തെരുവു കുട്ടികളുടെ അജപാലനം


ദശലക്ഷക്കണക്കിന് തെരുവു കുട്ടികളുടെ അവകാശങ്ങള്‍ പലരും കാണാതെ പോകുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സൊ പാലിയ അഭിപ്രായപ്പെട്ടു.

കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി വത്തിക്കാനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചര്‍ച്ചായോഗത്തിന്‍റെ സമാപനദിവസം സെപ്റ്റംബര്‍ 17-ന്, നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സൊ പാലിയ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി പ്രസിഡന്‍റാണ് അദ്ദേഹം.

തെരുവു കുട്ടികളുടെ അവകാശങ്ങള്‍ വിസ്മരിക്കപ്പെടുന്നത് വലിയ അപകടകരമായ അവസ്ഥയാണെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ ഈ ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തവരെ അനുസ്മരിപ്പിച്ചു.  ഈ കു‍ട്ടികള്‍ തെരുവു ജീവിതം സ്വയം തിര‍ഞ്ഞെടുക്കുന്നതല്ലെന്നും, സാമ്പത്തികവും മനുഷ്യത്വമില്ലാത്തതുമായ കുടുംബാവസ്ഥകള്‍ അവരെ അതിന് നിര്‍ബന്ധിതരാക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 50 ദശലക്ഷം കുട്ടികള്‍ ഇങ്ങനെ എല്ലാ വര്‍ഷവും അടിസ്ഥാനപരമായ ജന്മാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാകുന്നുവെന്നാണ് ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നത്.








All the contents on this site are copyrighted ©.