2015-09-04 16:24:00

മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ സംഘടിക്കുക


ക്രൈസ്തവരും ഇസ്ലാം മതക്കാരും തമ്മിലുള്ള സംവാദത്തിനായി, സെപ്ററംബര്‍ 3-ന് ഏതെന്‍സില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍, മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ സംഘടിക്കുക എന്നതായിരുന്നു മുഖ്യ പ്രമേയം. മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രതിനിധി ഫാദര്‍ മിഗുവേല്‍ ആഞ്ചെല്‍ അയൂസോ ഗ്വിക്സോട്ട് സ്വീകരണച്ചടങ്ങില്‍ പങ്കാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഇന്നത്തെ ലോകത്തില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അറിവിന്‍റെയും അനുഭവത്തിന്‍റെയും പശ്ചാത്തലത്തില്‍ മദ്ധ്യപൂര്‍വ്വദേശങ്ങളിലെ മനുഷ്യകുലം വളരെയധികം മുറിവേറ്റവരാണെന്ന് നമുക്കറിയാമെന്നും ഈ മതാന്തരസംവാദ സമ്മേളനം വഴി പ്രശ്നപരിഹാരങ്ങള്‍ക്കായി ഫലപ്രദമായ ഉത്തരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണെന്നും ഫാദര്‍ അയൂസോ ഗ്വിക്സോട്ട് പറ‍ഞ്ഞു.

വ്യത്യസ്ത മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ളവര്‍ അനുഭവിക്കുന്ന യാതനകള്‍ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹങ്ങള്‍ക്ക് കഴിയുമെന്ന് പാപ്പാ ഫ്രാൻസിസ് പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും അസഹനീയമായ കുറ്റകൃത്യങ്ങള്‍ക്ക് നേരെ നിശബ്ദരും ചേതനാശക്തിയില്ലാത്തവരുമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍റെ അന്തര്‍ദേശീയ മതാന്തരസംവാദങ്ങള്‍ക്കായുള്ള കൗണ്‍സില്‍, എക്യുമെനിക്കൽ പാത്രിയർക്കിസിന്‍റെ അന്താരാഷ്ട്ര സംവാദ കേന്ദ്രം, ഹെല്ലനിക് വിദേശകാര്യ മന്ത്രാലയം എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതാണ് ഈ സമ്മേളനം.  








All the contents on this site are copyrighted ©.