2015-09-01 16:10:00

കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം


ആസന്നമാകുന്ന കരുണയുടെ വിശുദ്ധ വത്സരത്തോടനുബന്ധിച്ച് ദണ്ഡവിമോചനം ലഭിക്കുമെന്ന് അറിയിച്ചുകൊണ്ട് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സാല്‍വതോറെ ഫിസിക്കെല്ലക്കയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.  

ഈ വിശുദ്ധ വത്സരം എല്ലാ വിശ്വാസികള്‍ക്കും ദൈവകാരുണ്യാനുഭവത്തിന്‍റെ നിമിഷങ്ങളാണെന്നും ദൈവപിതാവിന്‍റെ സാമീപ്യവും സ്‌പര്‍ശയോഗ്യമായ ആര്‍ദ്രതയും ജീവിതാനുഭവമാകട്ടെയെന്നും സന്ദേശത്തിലുടെ പാപ്പാ ആശംസിച്ചു. അങ്ങനെ എല്ലാവരുടെയും വിശ്വാസം ശക്തിപ്പെടുകയും കൂടുതല്‍ ഫലപ്രദമായി ക്രൈസ്തവസാക്ഷ്യം നല്കുവാന്‍ സാധിക്കട്ടെയെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

നമ്മുടെ തെറ്റുകളെല്ലാം പൂര്‍ണ്ണമായും മറക്കുകയും ക്ഷമിക്കുകയും നമ്മെ സ്വീകരിക്കുകയും ചെയ്യുന്ന  ദൈവപിതാവിന്‍റെ തിരുമുഖം കാണുവാന്‍ ജൂബിലി ദണ്ഡവിമോചനത്തിലൂടെ റോമായിലേക്കു തീര്‍ത്ഥാടനം ചെയ്യുന്ന എല്ലാ വിശ്വാസികള്‍ക്കും സാധിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. മനപരിവര്‍ത്തനത്തിനായി അഗാധമായി ആഗ്രഹിച്ചു കൊണ്ട് നിര്‍ദ്ദിഷ്ട കത്തീഡ്രലുകളുടെയും റോമായിലെ നാലു ബസിലിക്കകളുടെയും പരിശുദ്ധ കവാടത്തിലൂടെ കടന്ന് ദേവാലയിത്തിനുള്ളില്‍ എത്തുമ്പോളാണ് ഓരോരുത്തരും വിശേഷവിധിയായി ദണ്ഡവിമോചനത്തിന്‍റെ അനുഭവം സ്വീകരിക്കുന്നത്. കുമ്പസാരവും വി. കുര്‍ബ്ബാന സ്വീകരണവും ഇതിന്‍റെ അവശ്യ ഘടകങ്ങളാണ് എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.   








All the contents on this site are copyrighted ©.