2015-08-24 17:00:00

ക്രൈസ്തവ സമൂഹങ്ങള്‍ സമ്പൂര്‍ണ്ണ കൂട്ടായ്മയുടെ പാതയില്‍


ഇറ്റലിയിലെ ടൂറിനില്‍ ആഗസ്റ്റ് 24 മുതല്‍ 29 വരെ നടക്കുന്ന മെത്തഡിസ്റ്റ് വല്‍ഡെന്‍സിയന്‍ ഐക്യ സഭയുടെ സിനഡില്‍ പങ്കെടുക്കുന്നവര്‍ക്കായി അയച്ച സന്ദേശത്തിലാണ് സമ്പൂര്‍ണ്ണ കൂട്ടായ്മയിലേക്കുള്ള പാതയില്‍ ആത്മാര്‍ത്ഥതയോടെ ചരിക്കാന്‍ എല്ലാ ക്രൈസ്തവരേയും ദൈവം  അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ടെലഗ്രാമിലൂടെ ആശംസിച്ചത്.

സിന‍ഡില്‍ പങ്കെടുക്കുന്നവര്‍ക്ക് തന്‍റെ സാഹോദര്യവും ആത്മീയമായ സാമീപ്യവും ഉറപ്പ് നല്കുന്നുവെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഒപ്പുവച്ചയച്ച  ഈ ടെലഗ്രാമില്‍  പറയുന്നു.

എല്ലാ ക്രൈസ്തവരും സമ്പൂര്‍ണ്ണ കൂട്ടായ്മയിലേക്കുള്ള പാതയില്‍ പ്രത്യേകിച്ച് മനുഷ്യാന്തസ്സ്‌ സംരക്ഷിക്കുന്നതിനും നീതിക്കും സമാധാനത്തിനും വേണ്ടി സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ക്രസ്തുവിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കാമെന്ന് പാപ്പാ ഈ സന്ദേശത്തില്‍  രേഖപ്പെടുത്തുന്നു. ദരിദ്രരും ദുര്‍ബലരുമായ ഒട്ടേറെ പേരുടെ ക്ലേശങ്ങളോട്  സാനുകമ്പം പ്രതികരിക്കണമെന്നും പാപ്പാ ഈ സിനഡില്‍ പങ്കെടുക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്നു. 

1975-ല്‍ സ്ഥാപിതമായ ഈ മെത്തഡിസ്റ്റ് വല്‍ഡെന്‍സിയന്‍ ഐക്യ സഭയില്‍ ഇന്ന് 50,000 അംഗങ്ങളാണുള്ളത്.. ഇവര്‍ ഇറ്റലിയിലെ ഇവാഞ്ചലിക്കല്‍ സംയുക്ത സഭയുടെ സ്ഥാപകാംഗം കൂടിയാണ്.








All the contents on this site are copyrighted ©.