2015-08-13 18:39:00

വിശുദ്ധ ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി ആഘോഷങ്ങള്‍ ട്യൂറിനിലേയ്ക്ക് യുവജനപ്രവാഹം


ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളില്‍ പങ്കെടുക്കാന്‍ ട്യൂറിനിലേയ്ക്ക് യുവജനങ്ങളുടെ വന്‍പ്രവാഹം!

ആഗസ്റ്റ് 14, 15, 16 തിയതികളില്‍ ആചരിക്കുന്ന യുവജന പ്രേഷിതനായ വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളില്‍ പങ്കെടുക്കുവാനാണ് യുവജനങ്ങളുടെ വന്‍കൂട്ടങ്ങള്‍ ട്യൂറില്‍ നഗരത്തിലേയ്ക്ക് യാത്രചെയ്യുന്നത്.

‘ഡോണ്‍ബോസ്ക്കോയുടെ പട്ടണ’മെന്ന് അറിയപ്പെടുന്ന ട്യൂറിനിലേയ്ക്ക്  53 രാജ്യങ്ങളില്‍നിന്നുമായി ഒരു ലക്ഷത്തിലേറെ യുവജന പ്രതിനിധികള്‍ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്ന്, സഭാ വക്താവ് വത്തിക്കാന്‍ റേ‍ഡിയോയ്ക്ക് നല്കിയ പ്രസ്താവനയില്‍ സാക്ഷൃപ്പെടുത്തി.

ആഗോള യുവജനപ്രസ്ഥാനത്തിനും തനിമയാര്‍ന്ന വിദ്യാഭ്യാസ രീതിക്കും സലീഷന്‍ സന്ന്യാസമൂഹത്തിനും രൂപംനല്കിയ വിശുദ്ധ ഡോണ്‍ബോസ്ക്കോയുടെ ജന്മസ്ഥാനമായ കോള്ളെ ഡോണ്‍ബോസ്ക്കോ - ഡോണ്‍ബോസ്ക്കോയുടെ കുന്നാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്.  ട്യൂറിനിന്‍ നഗരത്തിന്‍റെ കിഴക്കു ഭാഗത്ത്, 35 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍പ്രദേശമാണ് കോള്ളെ ഡോണ്‍ബോസ്ക്കോ.

ട്യൂറിന്‍റെ മെത്രാപ്പോലീത്താ ചെസ്സാരെ നൊസീലിയയും, ഡോണ്‍ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമിയും ഇപ്പോഴത്തെ റെക്ടര്‍ മെയ്ജറുമായ ഡോണ്‍ ആര്‍ത്തിമെ ഫെര്‍ണാണ്ടസും യുവജനങ്ങളുടെ പിതാവായ ഡോണ്‍ ബോസ്ക്കോയുടെ രണ്ടാ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സലീഷ്യന്‍ സഭയുടെ റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

 

1815 ആഗസ്റ്റ് 16-ാം തിയതിയാണ് ഡോണ്‍ ബോസ്ക്കോയുടെ ജനനം. വടക്കെ ഇറ്റലിയിലെ പിയഡ്മണ്ട പ്രവിശ്യയില്‍.

1888 ജനുവരി 31-ന് അദ്ദേഹം ചരമമടഞ്ഞു.

1934 ഏപ്രില്‍ 1-ന് ‘യുവജനങ്ങളുടെ പിതാവെ’ന്നു വിശേഷിപ്പിച്ചുകൊണ്ട് പതിനൊന്നാം പിയൂസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.

 








All the contents on this site are copyrighted ©.