2015-08-10 15:41:00

വിശ്വാസദാനത്തില്‍ ഉതിര്‍ക്കൊള്ളുന്ന ക്രിസ്തുവിന്‍റെ ജീവമന്ന


ക്രിസ്തു നല്കുന്ന ജീവമന്നയെക്കുറിച്ച് ആഗസ്റ്റ് 9-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

കഫര്‍ണാമില്‍ ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സുവിശേഷ സംഭവത്തിന്‍റെ തുടര്‍ഭാഗത്തെക്കുറിച്ചുള്ള വിചിന്തമാണ് ഇക്കുറി നല്കുന്നതെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത് (യോഹന്നാന്‍ 6, 41-51).

മുമ്പൊരിക്കല്‍ സമറിയക്കാരി സ്ത്രീയോടു ചെയ്തതുപോലെ, ദാഹത്തിന്‍റെ മാനുഷിക അനുഭത്തില്‍നിന്നും ജീവജലത്തിന്‍റെ ദൈവിക അനുഭൂതിയിലേയ്ക്ക് ജനങ്ങളെ നയിച്ചുകൊണ്ട് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുകയും, തന്നില്‍ വിശ്വസിക്കുവാന്‍ ജനങ്ങളെ ക്ഷണിക്കുകയും ചെയ്ത സംഭവമാണ് ഗലീലിയ തീരത്തെ കഫര്‍ണാമിലെ അപ്പം വര്‍ദ്ധിപ്പിക്കലെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

അപ്പം വര്‍ദ്ധിപ്പിക്കലാണ് ജനങ്ങള്‍ ആവേശത്തോടെ അവിടുത്തെ അന്വേഷിക്കുവാനും ശ്രവിക്കുവാനും കാരണമാക്കിയത്. അവര്‍ അവിടുത്തെ രാജാവാക്കാന്‍പോലും പരിശ്രമിച്ചത്രേ! എന്നാല്‍ ദൈവം തരുന്ന യഥാര്‍ത്ഥമായ ജീവന്‍റെ അപ്പം താനാണെന്ന് ക്രിസ്തു പ്രബോധിപ്പിച്ചത് ജനങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് അവരെ ആശ്ചര്യപ്പെടുത്തി. അവര്‍ പിറുപിറുക്കുവാന്‍ തുടങ്ങി.

എന്തായിത്, ഇദ്ദേഹത്തിന് അച്ഛനും അമ്മയുമൊന്നുമില്ലേ?! അവരെ ഇയാള്‍ അറയില്ലെന്നോ? എങ്ങനെ ഇയാള്‍ക്ക് ഇത് പറയാനാകും – ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന ജീവന്‍റെ അപ്പമാണെന്ന്? (യോഹ. 6, 42). അപ്പോള്‍  ക്രിസ്തു പിന്നെയും തുടര്‍ന്നു. “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേയ്ക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയര്‍പ്പിക്കും.”  “ സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്…”  (യോഹ. 6, 44, 47).  നമ്മെ അമ്പരപ്പിക്കുന്ന, നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുന്ന ക്രിസ്തുവിന്‍റെ വാക്കുകളാണിവ. ഇവ നമ്മെ ഉത്തേജിപ്പിക്കേണ്ട, നാമും ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തിന്‍റെയും ദൈവ-മനുഷ്യബന്ധത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിശ്വാസത്തിന്‍റെയും ബലതന്ത്രമാണ്. ഈ ബന്ധത്തില്‍ - ക്രിസ്തുവും നാമുമായുള്ള വ്യക്തിഗത ബന്ധത്തില്‍ പിതാവായ ദൈവത്തിനും, പരിശുദ്ധാത്മാവിനും ഏറെ നിര്‍ണ്ണായകമായ പങ്കുണ്ട്. മനുഷ്യന്‍റെ ദൈവാത്മക ജീവിതത്തില്‍ പിതാവിനും പരിശുദ്ധാത്മാവിനുമുള്ള പങ്ക് ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവികക്കുകയും തുടര്‍ന്ന് വ്യാഖ്യാനിക്കുകയും ചെയ്തു.

ക്രിസ്തുവിനെ നാം അറിയണം, അവിടുന്നുമായി അടുക്കണം, അവിടുന്നില്‍ വിശ്വസിക്കണം. പിന്നെ ബൈബിള്‍ വായിച്ചാല്‍ മതിയോ? അതു പോരാ! അപ്പം വര്‍ദ്ധിപ്പിച്ചതുപോലുള്ള ഒരുത്ഭുതത്തിന്‍റെ അനുഭവവും പോരാ! ക്രിസ്തുവുമായി അടുത്ത് വ്യക്തിബന്ധം വളര്‍ത്തുകയും പുലര്‍ത്തുകയും ചെയ്തിട്ടുള്ള അനേകരുണ്ട്. എന്നാല്‍ അതുപോലെ തന്നെ അവിടുത്തെ തള്ളിപ്പറയുകയും, വിധിക്കുകയും ഉപേക്ഷിക്കുകയും ചെയ്തവരും ധാരാളമാണ്. ആശ്ചര്യം തോന്നാം. എന്നാല്‍ ഇതു സത്യമാണ്.

തുടര്‍ന്ന് ഇതിനു കാരണമെന്താണെന്ന് പാപ്പാ പ്രസ്താവിച്ചു. അവര്‍ പിതാവിലേയ്ക്ക്, പിതാവായ ദൈവത്തിലേയ്ക്ക് അടുക്കുന്നില്ല! കാരണം, അവര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളോടും തുറവുള്ളവരായിരുന്നില്ല. അങ്ങനെ തുറവില്ലാത്തവരില്‍ വിശ്വാസം ഉണ്ടാവില്ല, വിശ്വാസം വളരുകയുമില്ല.

പിതാവായ ദൈവമാണ് നമ്മെ ക്രിസ്തുവിലേയ്ക്ക് ആനയിക്കേണ്ടത്. നമ്മുടെ ഹൃദയം തുറന്നതായാലും അടഞ്ഞതായാലും ദൈവത്തിന് നമ്മെ ക്രിസ്തുവിലേയ്ക്ക് നയിക്കാനാകും. വിശ്വാസം ഹൃദയവയലിലെ ചെറുവിത്താണ്. അതിനെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത് നമ്മെ ക്രിസ്തുവില്‍ ഫലമണിയിക്കുന്നത് പിതാവായ ദൈവമാണ്. അങ്ങനെ നാം ക്രിസ്തുവിലേയ്ക്കും അവിടുത്തെ വചനത്തിലേയ്ക്കും ‘ആകൃഷ്ടരാകുന്നു’. പിന്നെ നാം വിശ്വാസത്തില്‍ വളര്‍ന്ന് അവിടുന്നിലേയ്ക്ക് ‘അടുക്കുന്നു’.

അപ്പോള്‍ ക്രിസ്തുവില്‍ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം നാം ദര്‍ശിക്കും. കാരണം ഇവിടെ പരിശുദ്ധാത്മാവാണ് നമ്മെ ഈ ദൈവപുത്രബന്ധത്തിലേയ്ക്ക് നയിക്കുന്നത്. ദൈവവും ദൈവപുത്രനായ ക്രിസ്തുവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ നാമ്പു വിരിയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ലളിതമായ ദൈവശാസ്ത്ര യുക്തിയില്‍ പാപ്പാ വ്യക്തമാക്കി. ഇതാണ് വിശ്വാസദാനത്തിന്‍റെ രത്നച്ചുരുക്കമെന്നും പാപ്പാ സമര്‍ത്ഥിച്ചു.

 

വിശ്വാസത്തിന്‍റെ ഈ മനോഭാവത്തില്‍ മാത്രമേ ക്രിസ്തു തരുന്ന ‘ജീവമന്ന’യുടെ പൊരുള്‍ (Bread of Life) ഗ്രഹിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അവിടുന്ന് ഇങ്ങനെ ഉദ്ബോധിപ്പിച്ചിട്ടുണ്ടല്ലോ, “സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവന്‍റെ അപ്പം ഞാനാകുന്നു. ഈ അപ്പം ഭക്ഷിക്കുന്നവര്‍ നിത്യമായി ജീവിക്കും. ഞാന്‍ തരുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു”  (യോഹ. 6, 51). അങ്ങനെ ക്രിസ്തുവിലും അവിടുത്തെ പച്ചയായ മനുഷ്യത്വത്തിലും പ്രകടമാക്കപ്പെട്ടത് ദൈവസ്നേഹമാണ് – അതുതന്നെയാണ് പരിശുദ്ധാത്മാവും.

ഈ സ്നേഹത്താല്‍ ആകൃഷ്ടരാകുന്നവര്‍ ക്രിസ്തുവിലേയ്ക്ക് അടുക്കുന്നു. പിന്നെ ക്രിസ്തുവിനോടൊത്തു ചരിക്കുന്നു. അവര്‍ വിശ്വാസത്തില്‍ വളര്‍ന്ന് അവിടുന്നില്‍നിന്നും ജീവന്‍, സ്വര്‍ഗ്ഗീയ ജീവന്‍ സ്വീകരിക്കുന്നു, അത് സ്വായത്തമാക്കുന്നു.

 

ക്രിസ്തുവിലുള്ള ജീവിതം മാതൃകാപരമായി ജീവിച്ച വ്യക്തിയാണ് മറിയം, പരിശുദ്ധ കന്യകാനാഥാ! ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് ദൈവകുമാരനായ ക്രിസ്തുവിനെ സ്വീകരിക്കുവാനും, മാംസംധരിച്ച ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുവാനും ഭാഗ്യമുണ്ടായ മനുഷ്യവ്യക്തിയായി മറിയം.

 

ജീവിതത്തില്‍ നാം സ്വീകരിച്ചിട്ടുള്ള വിശ്വാസദാനത്തിന്‍റെ സന്തോഷവും സംതൃപ്തിയും പ്രതിനന്ദിയും എന്തെന്ന് ഈ അമ്മയില്‍നിന്നും നമുക്കു പഠിക്കാം. സമ്മാനം സ്വീകരിക്കുന്നത് വ്യക്തിപരമായിട്ടാണ്. അതിന് ഒരു സ്വകാര്യത ഉണ്ടെങ്കിലും, സമ്മാനം സ്വകാര്യ വസ്തുവല്ല. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട പൊതുമുതലാണ്. പ്രത്യേകിച്ച് ദൈവം നല്കിയ വിശ്വാസദാനം ലോകത്തിന്‍റെ നന്മയ്ക്കും ജീവനുംവേണ്ടി പങ്കുവയ്ക്കേണ്ട ദൈവികദാനംതന്നെയാണ്. ഇങ്ങനെയുള്ള മേരിയന്‍ ചിന്തയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 

തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദേറിലെ സാമൂഹ്യപ്രതിസന്ധി പ്രഭാഷണത്തില്‍ പാപ്പാ പരാമര്‍ശിച്ചു. സമ്പാത്തിക ക്ലേശങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ജനങ്ങളെ ചൂഷണംചെയ്യുകയും, സാധാരണ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്ന എല്‍ സാല്‍വദോര്‍ പോലുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രഭാഷണത്തില്‍ പാപ്പാ ആശങ്കയോടെ പ്രതിപാദിച്ചു. അവിടുത്തെ ജനങ്ങള്‍ പ്രത്യാശ കൈവെടിയാതെ ഇനിയും നീതിക്കും സമാധാനത്തിനുമായി പരിശ്രമിക്കണമെന്നും, വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയുടെ ചുടുനിണമാര്‍ന്ന മണ്ണില്‍ സമാധാനവും നീതിയും വളരട്ടെ! എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 

പ്രഭാഷണാനന്തരം പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന ചൊല്ലുകയും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച വന്‍ജനാവലിയെ ആശീര്‍വ്വദിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭിര്‍ത്ഥിച്ചുകൊണ്ടും എല്ലാ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യംചെയ്തുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്. .

 








All the contents on this site are copyrighted ©.