2015-08-06 18:59:00

ഒരു ആഗസ്റ്റ് ആറിന്‍റെ സ്മരണ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ


രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ ക്രിസ്തു വെളിച്ചം ആധുനിക യുഗത്തിനു പകര്‍ന്നു കൊടുത്ത സഭാതലവനായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ 37-ാം ചരിമവാര്‍ഷിക അനുസ്മരണ നാളായ  ആഗസ്റ്റ് ആറാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, പോള്‍ ആറാന്‍ ഫൗണ്ടേഷന്‍റെ പ്രസി‍‍ഡന്‍റ്, ഫാദര്‍ ആഞ്ചെലോ മഫേയ്സ് ഇങ്ങനെ പ്രസ്താവിച്ചത്.

15 വര്‍ഷക്കാലം ആഗോളസഭയെ ആധുനിക യുഗത്തിലേയ്ക്കും ക്രിസ്തുവിന്‍റെ സ്നേഹപ്രഭയിലേയ്ക്കും നയിച്ച പുണ്യാത്മാവായിരുന്നു പാപ്പാ മൊന്തീനിയെന്നും, കര്‍ത്താവിന്‍റെ രൂപാന്തരീകരണ നാളില്‍ ദൈവസന്നിധിയില്‍ തന്‍റെ ജീവിതം സമര്‍പ്പിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ മഹത്വത്തി‍ന്‍റെ തേജസ്സിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചുവെന്നും ഫാദര്‍ മഫേയ്സ് അഭിമുഖത്തില്‍ പങ്കുവച്ചു.

പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോടെ അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയുടെ നിറപ്പകിട്ടും, ക്രിസ്തുവിന്‍റെ ജീവിതത്തോടു സാരൂപ്യപ്പെടുന്ന സ്നേഹപ്രഭയും തെളിഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രബോധനങ്ങളില്‍ പോള്‍ ആറാമാന്‍ പാപ്പായെ ധാരാളമായി ഉദ്ധരിക്കുമ്പോള്‍ നവയുഗത്തിലെ ഈ രണ്ടു സഭാദ്ധ്യക്ഷന്മാര്‍ തമ്മിലുള്ള ആത്മീയ അടുപ്പവും ചിന്തകളിലുള്ള പൊരുത്തവുമാണ് വ്യക്തമാക്കുന്നതെന്നും ഫാദര്‍ മഫേയ്സ് അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.

1897-ല്‍ വടക്കെ ഇറ്റലിയിലെ കൊണ്‍ചെസിയോ ഗ്രാമത്തിലാണ് ജനനം.

1920-ല്‍ ബ്രേഷ്യായിലെ സെമിനാരിയില്‍ പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു.

തുടര്‍ന്ന് റോമിലെ ഗ്രിഗോരിയന്‍, ലാ സപിയേന്‍സാ എന്നീ യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ ശേഷം

1922-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ പ്രവര്‍ത്തിച്ചു.

1923-ല്‍ മോണ്‍സീഞ്ഞോര്‍ മൊന്തീനി പോളണ്ടിലെ വാര്‍സോയിലുള്ള വത്തിക്കാന്‍റെ സ്ഥാനപതിയുടെ ഓഫിസില്‍ നിയമിതനായി.

1954-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പാ മോണ്‍സീഞ്ഞോര്‍ മൊന്തീനിയെ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചു.

1958 വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.

1958-ല്‍ ജോണ്‍ 23-മന്‍ പാപ്പായുടെ മരണത്തെ തുടര്‍ന്നുണ്ടായ കോണ്‍ക്ലേവിലാണ് കര്‍ദ്ദിനാള്‍ മൊന്തീനി ആഗോളസഭയുടെ തലവനായി പോള്‍ ആറാമന്‍ പാപ്പായായി തീര്‍ന്നത്.








All the contents on this site are copyrighted ©.