2015-08-03 17:49:00

‘അസ്സീസി നല്കുന്ന പാപമോചനം’ ദൈവിക കാരുണ്യത്തിന്‍റെ കൃപാസ്പര്‍ശമെന്ന് പാപ്പാ ഫ്രാന്‍സിസ്


വിശുദ്ധ ഫ്രാന്‍സിസിന് അനുഭവവേദ്യമായ അനുരജ്ഞനത്തിന്‍റെ ചരിത്രസംഭവമാണ് ‘അസ്സീസി നല്കുന്ന പാപമോചനം’ (Pardon of Assisi) എന്നപേരില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 2-ന് അനുരഞ്ജന ദിനമായി ആചരിക്കുന്നത്.

അന്നെ ദിവസം, ‍‍ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ വിശുദ്ധ ഫ്രാന്‍സിസിനുണ്ടായ ദൈവിക കാരുണ്യത്തിന്‍റെ അനുഭവവും, അതുമായി ബന്ധപ്പെട്ട ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ സംഭവവും പാപ്പാ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

1216-ലെ രാത്രിയില്‍ തനിക്കുണ്ടായ പ്രലോഭനത്തെ അതിജീവിക്കുവാന്‍ ഫ്രാ‍ന്‍സിസ് ആശ്രമ വളപ്പിലെ മുള്ളുകളുള്ള റോസാച്ചെടികളി‍ല്‍ കിടന്ന് ഉരുണ്ടതാണ് സംഭവം. പിന്നീട് തല്‍സ്ഥാനത്തു നിന്നിരുന്ന മുള്ളുകള്‍ നിറഞ്ഞ റോസാച്ചെടികള്‍ മുള്ളില്ലാത്ത ഇനമായി പരിണമിച്ചു. ഇന്നും ആ തായ്ച്ചെടിയുടെ തളിരുകള്‍ അസ്സീസിയില്‍ പടര്‍ന്നു നില്ക്കുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിത നൈര്‍മ്മല്യത്താലും വിശുദ്ധിയാലും ഇന്നും സമൃദ്ധമായി പുഷ്പിച്ചു നിലക്കുന്ന മുള്ളില്ലാത്ത അസ്സീസിയിലെ റോസാച്ചെടി ദൈവ-മനുഷ്യ രമ്യതയില്‍ ലഭ്യമാകുന്ന ജീവിത സൗരഭ്യത്തിന്‍റെയും ദൈവകൃപയുടെയും സാക്ഷൃമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു. 

അസ്സീസിയിലെ സിദ്ധനെപ്പോലെ അനുരജ്ഞനത്തിന്‍റെ കൂദാശയിലൂടെ നമ്മുടെ പാപബന്ധനങ്ങളില്‍നിന്നും പുറത്തിറങ്ങി ദൈവികകാരുണ്യം തേടുവാനും, ദിവ്യാകാരുണ്യം സ്വീകരിക്കുവാനുമുള്ള വിളിയാണ് ‘അസ്സീസി നല്കുന്ന പാപമോചനം’ എന്ന വാര്‍ഷിക അനുസ്മരണമെന്ന് പ്രഭാഷണത്തില്‍ പാപ്പാ സകലരെയും ഓര്‍പ്പിച്ചു.

അനുതാപത്തിന്‍റെ കൂദാശ അല്ലെങ്കില്‍ കുമ്പസാരത്തിനു പിന്നില്‍ നാം കാണേണ്ടത് ദൈവിക ഭാവത്തിലെ കര്‍ക്കശ്യമുള്ള ന്യായാധിപനെയല്ല, മറിച്ച് കരുണയുള്ള പിതാവിനെയാണ്. കുമ്പസാരക്കൂടിനെ സമീപിക്കുവാന്‍ വ്യക്തികള്‍ അനുഭവപ്പെടാവുന്ന ലജ്ജ വളരെ സ്വാഭാവികമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അത് ആര്‍ക്കും സംഭവ്യമാണ്. എന്നാല്‍ എന്നും നമ്മോടു ക്ഷമിക്കുകയും നമ്മുടെ സകല പാപങ്ങളും പൊറുക്കുകയും ചെയ്യുന്ന, സകലത്തിനും മാപ്പുനല്കുന്ന കാരുണ്യവാനായ പിതാവിനെ ആശ്ലേഷിക്കുവാന്‍ ദൈവം നല്കുന്ന കൃപാസ്പര്‍ശമാണ് ആ ലജ്ജയെന്നാണ് പാപ്പാ വാഖ്യാനിച്ചത്. അങ്ങനെ പാപജീവിതം പാടേ ഉപേക്ഷിക്കുവാനും പുതുജീവിതം തുടങ്ങുവാനും ദൈവം നല്കുന്ന കൃപയാണ് കുമ്പരിക്കുവാന്‍ പോകുമ്പോള്‍ മനസ്സില്‍ ഉയരുന്ന ലജ്ജയെന്ന് പാപ്പാ ജനങ്ങളെ ആഹ്വാനംചെയ്തു.

 








All the contents on this site are copyrighted ©.